കണ്ണൂര്‍: കണ്ണൂര്‍ ആയിക്കരയില്‍ വയോധികയ്ക്ക് ചെറുമകളുടെ ക്രൂര മര്‍ദ്ദനം. മനസാക്ഷിയെ ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. അയല്‍വാസികളാണ് ദീപ എന്ന യുവതിയുടെ ക്രൂരതയുടെ ദൃശ്യങ്ങള്‍ ചിത്രീകരിച്ച് പുറത്തുവിട്ടത്. ജനങ്ങളുടെ മുന്നിലിട്ട് ചെറുമകള്‍ വൃദ്ധയെ യാതൊരു പ്രകോപനവും കൂടാതെയാണ് മര്‍ദ്ദിക്കുന്നതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. മര്‍ദ്ദിക്കുന്നതില്‍ നിന്നും യുവതിയെ പിന്തിരിപ്പിക്കാന്‍ അയല്‍ക്കാര്‍ ശ്രമം നടത്തിയെങ്കിലും ദീപ മര്‍ദ്ദനം തുടര്‍ന്നു.
ദീപയ്ക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ പോലീസ് സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ക്രൂരകൃത്യം നടത്തിയ ദീപയെ അറസ്റ്റ് ചെയ്യുമെന്നാണ് സൂചന. അമ്മൂമ്മയെ മര്‍ദ്ദിക്കുന്നതിനിടയില്‍ നാട്ടുകാരില്‍ ചിലര്‍ പോലീസിനെ വിളിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയെങ്കിലും അതൊന്നും വകവെക്കാതെയാണ് യുവതിയുടെ ക്രൂരത. പോലീസിനെ വിളിച്ചോളൂവെന്ന് ദീപ ആക്രോശിക്കുന്നത് വീഡിയോയില്‍ കേള്‍ക്കാം.
ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ യുവതിക്കെതിരെ കടുത്ത പ്രതിഷേധവുമായി ആളുകള്‍ രംഗത്ത് വന്നിട്ടുണ്ട്. ചെറുമകളുടെ അക്രമത്തിന് ശേഷം നാട്ടുകാര്‍ ഇടപെട്ട് ജാനുവമ്മയെ മറ്റൊരു വീട്ടിലേയ്ക്ക് മാറ്റിയിരുന്നു. വൃദ്ധസദനത്തിലേയ്ക്ക് മാറ്റാമെന്ന് നാട്ടുകാര്‍ പറയുന്നുണ്ടെങ്കിലും സ്വന്തം വീട്ടിലേക്ക് പോകണമെന്നാണ് ജാനുവമ്മ വീണ്ടും പറയുന്നത്. ദിവസങ്ങളായി ദീപ തന്നെ ആക്രമിക്കുകയാണെന്നും ശരീരത്തില്‍ ആകമാനം മുറിവുകള്‍ ഉണ്ടെന്നും ജാനുവമ്മ പരാതിപ്പെടുന്നു.
Leave a Reply