നാലുവര്‍ഷം മുന്‍പ് 239 യാത്രക്കാരുമായി കാണാതായ മലേഷ്യന്‍ വിമാനം സംബന്ധിച്ചു നടുക്കുന്ന വെളിപ്പെടുത്തലുമായി ഓസ്‌ട്രേലിയന്‍ എന്‍ജിനീയര്‍. മൗറീഷ്യസിനു സമീപത്തുനിന്നു തകര്‍ന്ന എംഎച്ച് 370 വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയെന്ന് അവകാശപ്പെട്ട പീറ്റര്‍ മക്മഹന്‍ എന്ന മെക്കാനിക്കല്‍ എന്‍ജിനീയര്‍, വിമാനഭാഗങ്ങളില്‍ വെടിയുണ്ടകള്‍ കടന്നുപോയ ഒട്ടേറെ തുളകളുണ്ടെന്നു പറയുന്നു.

കാല്‍നൂറ്റാണ്ടായി വിമാനദുരന്തങ്ങള്‍ സംബന്ധിച്ചു ഗവേഷണം നടത്തുന്നയാളാണു മക്മഹന്‍. തന്റെ കണ്ടെത്തലുകള്‍ ഓസ്‌ട്രേലിയന്‍ ഗതാഗത, സുരക്ഷാ ബ്യൂറോയ്ക്കു കൈമാറിയതായി മക്മഹന്‍ പറഞ്ഞു. മൗറീഷ്യസിനു വടക്ക് റൗണ്ട് ഐലന്‍ഡിനു സമീപത്താണു മക്മഹന്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. രാജ്യാന്തര അന്വേഷണ സംഘങ്ങള്‍ പരിശോധിക്കാതിരുന്ന മേഖലയാണിത്.

2014 മാര്‍ച്ച് എട്ടിനാണു ക്വാലലംപുരില്‍നിന്നു ബെയ്ജിങ്ങിലേക്കു പുറപ്പെട്ട എംഎച്ച് 370 ബോയിങ് വിമാനം ഇന്ത്യന്‍ മഹാസമുദ്രത്തിനു മുകളില്‍വച്ചു കാണാതായത്. നാലുവര്‍ഷമായി നടക്കുന്ന അന്വേഷണങ്ങളില്‍ വിമാനത്തിന്റേതെന്നു കരുതുന്ന ചില ഭാഗങ്ങള്‍ പലയിടങ്ങളില്‍നിന്നു കണ്ടെത്തിയിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിമാനം കടലില്‍ തകര്‍ന്നുവീണുവെന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും അതിനു കാരണമെന്ത് എന്നതിനെക്കുറിച്ച് ഇക്കാലമത്രയും സൂചനകളില്ലായിരുന്നു. ആദ്യമായാണ് വിമാനം വെടിവച്ചു വീഴ്ത്തിയതാകാമെന്ന മട്ടിലുള്ള തെളിവുകളുമായി ഒരാള്‍ രംഗത്തുവരുന്നത്.

കഴിഞ്ഞ വര്‍ഷം, അമേരിക്കക്കാരനായ സ്വതന്ത്രാന്വേഷകന്‍ ബ്ലെയ്ന്‍ ഗിബ്‌സണ്‍ മഡഗാസ്‌കര്‍ തീരത്ത് അവശിഷ്ട ഭാഗങ്ങള്‍ കണ്ടെത്തിയെന്നും വിമാനഭാഗങ്ങള്‍ കത്തിനശിച്ച നിലയിലാണെന്നും വെളിപ്പെടുത്തിയിരുന്നു. വിമാനത്തിന്റെ ഭാഗങ്ങള്‍ കടലില്‍ പല ഭാഗങ്ങളിലേക്ക് ഒഴുകിപ്പോയിരിക്കുമെന്നാണു കണക്കുകൂട്ടല്‍.