ഓസ്ട്രേലിയയിൽനിന്ന് ഒറ്റപ്പറക്കൽ, ക്വാണ്ടാസ് വിമാനം 14,498 കിലോമീറ്ററുകൾ താണ്ടിയെത്തിയത് ലണ്ടനിൽ. ദൈർഘ്യമേറിയ സർവീസ് നടത്തി പേരെടുത്ത ഓസ്ട്രേലിയയിലെ പ്രമുഖ വിമാനക്കമ്പനിയായ ക്വാണ്ടാസ് വീണ്ടും ഞെട്ടിച്ചിരിക്കുകയാണ്. പെർത്തിൽനിന്ന് ഇടത്താവളങ്ങളോ ഇടവേളകളോ ഇല്ലാതെ നിർത്താതെ പറന്ന് ലണ്ടനിലെത്തിയാണ് ക്വാണ്ടാസ് വിസ്മയിപ്പിച്ചിരിക്കുന്നത്. ക്വാണ്ടാസിന്റെ ക്യൂഎഫ്9 എന്ന വിമാനമാണ് ഈ വിസ്മയ ദൗത്യം പൂർത്തിയാക്കി ലണ്ടൻ വിമാനത്താവളത്തിൽ പറന്നിറങ്ങിയത്. വെറും 17 മണിക്കൂർ മാത്രമാണ് ഇത്രയും ദൂരം പറക്കാൻ ചെലവഴിച്ചത്.
വിമാനത്തിൽ 200 യാത്രക്കാരും 16 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പെർത്തിൽനിന്ന് ശനിയാഴ്ച പ്രാദേശിക സമയം 6.49 ന് പറന്നുയർന്ന വിമാനം ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തിൽ ഞായറാഴ്ച 5.10 ന് എത്തി.
ബോയിംഗിന്റെ 787-9 ഡ്രീംലൈനർ വിമാനമാണ് ക്വാണ്ടാസ് ഇതിനായി ഉപയോഗിച്ചത്. ഇത് ബോയിംഗ് 747 നേക്കാൾ ഇരട്ടിയിലധികം ഇന്ധനം ശേഖരിക്കാൻ കഴിവുള്ള വിമാനമാണ്.
നേരത്തെ ക്വാണ്ടാസ് ഓസ്ട്രേലിയ-യുകെ സർവീസ് നടത്തിയിരുന്നു. കംഗാരു റൂട്ട് എന്നറിയപ്പെട്ടിരുന്ന സർവീസ് നാലു ദിവസമെടുത്താണ് യുകെയിൽ എത്തിയിരുന്നത്. ഇതിനിടയിൽ കോൽക്കത്തയിലടക്കം ഏഴ് സ്റ്റോപ്പുകളാണ് ഉണ്ടായിരുന്നത്.
ക്വാണ്ടാസ് എ380 നടത്തുന്ന സിഡ്നിയിൽ നിന്ന് ഡാളസ് വരെയുള്ള സർവീസായിരുന്നു ഇതിനുമുമ്പുള്ള ഏറ്റവും ദൈർഘ്യമേറിയ യാത്രയായി കണക്കാക്കിയിരുന്നത്.
Leave a Reply