സാലിസ്ബറി ആക്രമണത്തേത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളില്‍ ബ്രിട്ടന് നയതന്ത്ര വിജയം. റഷ്യന്‍ ഡബിള്‍ ഏജന്റായിരുന്ന സെര്‍ജി സ്‌ക്രിപാലിനു നേരെയുണ്ടായ നെര്‍വ് ഏജന്റ് ആക്രമണത്തിന് പിന്നില്‍ റഷ്യയാകാന്‍ സാധ്യതയുണ്ടെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ സ്ഥിരീകരിച്ചു. യുകെയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് കൗണ്‍സിലിന്റെ വിലയിരുത്തല്‍. ഇതിന്റെയടിസ്ഥാനത്തില്‍ അഞ്ച് യൂറോപ്യന്‍ രാജ്യങ്ങള്‍ റഷ്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന സൂചനയും നല്‍കി. ചാരപ്രവര്‍ത്തനം നടത്തിയെന്ന് സംശയിക്കുന്നവരെയാണ് പുറത്താക്കുന്നത്. ഫ്രാന്‍സ്, ലിത്വാനിയ, പോളണ്ട് എന്നിവയുള്‍പ്പെടെ അഞ്ച് രാജ്യങ്ങളാണ് ഈ സൂചന നല്‍കിയിരിക്കുന്നത്.

28 യൂറോപ്യന്‍ യൂണിയന്‍ രാഷ്ട്ര നേതാക്കള്‍ സാലിസ്ബറി ആക്രമണത്തിനു പിന്നില്‍ റഷ്യയാണെന്ന് കരുതുന്നതായി വ്യക്തമാക്കിയെന്ന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിക്കുകയായിരുന്നു. റഷ്യ യുകെയ്ക്കും സഖ്യരാജ്യങ്ങള്‍ക്കും ഒരു ദീര്‍ഘകാല ഭീഷണിയായി മാറിയിരിക്കുകയാണെന്നും റഷ്യക്കെതിരെ നടപടിയെടുക്കാന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ തയ്യാറാകണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് യൂറോപ്യന്‍ നേതാക്കള്‍ പങ്കെടുത്ത ഒരു അത്താഴ വിരുന്നില്‍വെച്ച് ആവശ്യപ്പെട്ടിരുന്നു.

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍, ജര്‍മന്‍ ചാന്‍സലര്‍ ആന്‍ജല മെര്‍ക്കല്‍ എന്നിവരുമായി സംസാരിച്ചതിനു ശേഷം ഫ്രഞ്ച് ഉദ്യോഗസ്ഥര്‍ റഷ്യക്കെതിരായ നടപടിയെക്കുറിച്ച് സൂചന നല്‍കി. റഷ്യക്ക് ശക്തമായ ഒരു യൂറോപ്യന്‍ യൂണിയന്‍ സന്ദേശം നല്‍കുന്ന കാര്യത്തിലും ഈ നേതാക്കള്‍ അഭിപ്രായ ഐക്യത്തിലെത്തിയിട്ടുണ്ട്. റഷ്യന്‍ ഉദ്യോഗസ്ഥരെ പുറത്താക്കുമെന്ന് ലിത്വാനിയന്‍ പ്രസിഡന്റ് ഡാലിയ ഗ്രൈബോസ്‌കൈറ്റും വ്യക്തമാക്കി. വിഷയത്തില്‍ യുകെയ്ക്ക് ഒപ്പം നില്‍ക്കുമെന്ന് യൂറോപ്യന്‍ നേതാക്കള്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചിട്ടുണ്ട്. ഇത് തെരേസ മേയ് നേടിയ വന്‍ നയതന്ത്ര വിജയമായാണ് കണക്കാക്കപ്പെടുന്നത്.