‘കട്ടന്‍ കാപ്പിയും കവിതയും’ എന്ന സാഹിത്യ കൂട്ടായ്മയുടെ എഴുപതാമത്തെ പരിപാടിയില്‍ ഡോ : മുരളി തുമ്മാരുകുടി പങ്കെടുക്കുന്നു. ഈ വരുന്ന ഏപ്രില്‍ 14 ശനിയാഴ്ച്ച, വിഷുവിന് വൈകീട്ട് 5 മുതല്‍ 8 വരെയാണ് ‘മലയാളി അസോസ്സിയേഷന്‍ ഓഫ് ദി യു.കെ’ യുടെ ആഭിമുഖ്യത്തില്‍ ലണ്ടനിലെ മാനര്‍ പാര്‍ക്കിലുള്ള കേരള ഹൗസില്‍ വെച്ച് ഈ ഒത്തുകൂടല്‍ അരങ്ങേറുന്നത്. അന്താരാഷ്ട്ര പ്രശസ്തനായ ഗ്രന്ഥകാരനും പ്രഭാഷകനും ഐക്യരാഷ്ട്ര സഭയുടെ പരിസ്ഥിതി പ്രോഗ്രാമില്‍ (UNEP) ദുരന്ത അപകട സാധ്യതാ ലഘൂകരണ വിഭാഗത്തിന്റെ തലവനുമാണ് ഡോ. മുരളി തുമ്മാരുകുടി.
ലോകത്തിലെ ഒട്ടുമിക്ക മഹാദുരന്തങ്ങളും നടന്ന സ്ഥലങ്ങളില്‍ നേരിട്ട് പോയി കണ്ടിട്ട് ദുരന്ത നിവാരണങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ഇദ്ദേഹത്തിനാണ് കഴിഞ്ഞ വര്‍ഷത്തെ ഹാസ്യ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചത് എന്നുള്ളതും വളരെ കൗതുകകരമായ ഒരു കാര്യം തന്നെയാണ്. ‘ചില നാട്ടു കാര്യങ്ങള്‍’ എന്ന ഹാസ്യ സാഹിത്യ ഗ്രന്ഥത്തിനായിരുന്നു പുരസ്‌കാരം. അദ്ദേഹത്തിന്റെ വായനക്കാര്‍ക്ക് ഈ വാര്‍ത്തയില്‍ അത്ഭുതമില്ല.
യാത്രകളോട് എന്നും ആര്‍ത്തി പുലര്‍ത്തുന്ന മുരളി തുമ്മാരുകുടി തന്റെ ആഗോള പര്യടനത്തിന്റെ ഇടവേളകളില്‍ ചരിത്രവും , ഭൂമിശാസ്ത്രവും ചിരിയും ചിന്തയും കലര്‍ത്തി ‘തുമ്മാരുകുടിക്കഥകള്‍’ എന്ന പേരില്‍ ബ്ലോഗെഴുത്തിനും സമയം കണ്ടെത്തുന്ന നല്ലൊരു സാഹിത്യകാരന്‍ കൂടിയാണ്. അതുപോലെ മാതൃഭൂമി ഓണ്‍ലൈനില്‍ അദ്ദേഹം എഴുതിയ ഒരിടത്തൊരിടത്ത് എന്ന പംക്തിക്ക് ധാരാളം വായനക്കാര്‍ ഉണ്ട്. കൂടാതെ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അനേക വിഷയങ്ങളെപ്പറ്റി നിരന്തരം പല സോഷ്യല്‍ മീഡിയ തട്ടകങ്ങളിലും എന്നുമെന്നോണം എഴുതുന്ന ഇദ്ദേഹം ലോകത്തുള്ള ഏത് ദേശങ്ങളിലും എത്തിപ്പെടുമ്പോള്‍ അവിടങ്ങളിലുള്ള വായന മിത്രങ്ങളുമായി പല വര്‍ത്തമാന സദസ്സുകളിലും പങ്കെടുക്കുകയും ചെയ്യാറുണ്ട്.
അതായത് മലയാളത്തില്‍ പ്രചോദനാത്മക സാഹിത്യം കൈകാര്യം ചെയ്യുന്ന വളരെ വിരളമായ എഴുത്തുകാരില്‍ ഒരു വല്ലഭന്‍ കൂടിയാണ് ഇന്ന് ‘എം.ടി .രണ്ടാമന്‍’ എന്ന് വിളിക്കപ്പെടുന്ന മുരളി തുമ്മാരുകുടി. ‘ചില നാട്ടു കാര്യങ്ങള്‍’, ‘കാഴ്ച്ചപ്പാടുകള്‍’, ‘തുമ്മാരുകുടി കഥകള്‍’, ‘വീണ്ടും ചില നാട്ടു കാര്യങ്ങള്‍’, ‘സുരക്ഷയുടെ പാഠങ്ങള്‍’, ‘ഒരുങ്ങാം വിനോദ യാത്രക്ക്’, ‘എന്ത് പഠിക്കണം എങ്ങിനെ തൊഴില്‍ നേടാം’ എന്നീ മലയാളം പുസ്തകങ്ങള്‍ അടക്കം ആംഗലേയത്തിലും മറ്റും അനേകം ലേഖനങ്ങളും മുരളി തുമ്മാരുകുടി എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ആഗോളതലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്കു പുറമെ ഭാരതത്തിലെ വിവിധ സംഘടനകളുമായി ചേര്‍ന്ന് സുരക്ഷയും ദുരന്താഘാത ലഘൂകരണവുമായി ബന്ധപ്പെട്ട അനേകം ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലും ഈ ശാസ്ത്ര ചിന്തകന്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. അന്നത്തെ കട്ടന്‍കാപ്പിയും കവിതയും എന്ന സാഹിത്യ കൂട്ടായ്മയുടെ എഴുപതാമത്തെ ഒത്തുകൂടല്‍ പരിപാടിയില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന ഡോ. മുരളി തുമ്മാരുകുടി ആനുകാലിക സാഹിത്യ വിഷയങ്ങളെപ്പറ്റി സംസാരിക്കുന്നു.
അതോടൊപ്പം ശതവാര്‍ഷികം ആഘോഷിക്കുന്ന സ്ത്രീ വോട്ടവകാശത്തെപ്പറ്റിയും സ്ത്രീ ശാക്തീകരണത്തെപ്പറ്റിയും അദ്ദേഹം ചര്‍ച്ച നയിക്കുന്നു. പതിവുപോലെ വട്ടം കൂടിയിരുന്ന് അദ്ദേഹത്തോടൊപ്പം നമുക്ക് വര്‍ത്തമാനം പറയാം. ഏവര്‍ക്കും സ്വാഗതം.
Date :-
Saturday 14 April 2018 | Time: 5m
Venue :-
Kerala house, 671 Romford Road . London E12 5AD .
അടുത്ത ദിവസം ഏപ്രില്‍ 15ന് ഞായറാഴ്ച്ച വൈകീട്ട് 5 മണി മുതല്‍ ഇതേ വേദിയില്‍ വെച്ചുതന്നെ ‘കട്ടന്‍ കാപ്പിയും കവിതയും’ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ തന്നെ, കവി കുരീപ്പുഴ ശീകുമാറിന്റെ കവിതകളിലൂടെ ഒരു സഞ്ചാരവും നടത്തുന്നു. കവിയുമായി ഫോണില്‍ കൂടി സംസാരിക്കുന്നു. ഏവര്‍ക്കും സ്വാഗതം.
Leave a Reply