കോടികൾ ബാങ്കിൽനിന്നു വായ്പയെടുത്തശേഷം തിരിച്ചടയ്ക്കാതെ രാജ്യംവിട്ട വജ്രവ്യാപാരി നീരവ് മോദിയെ പിടികൂടാൻ ഇന്ത്യ ഹോങ്കോംഗുമായി നേരിട്ട് ഇടപെടണമെന്ന് ചൈന. കോടികൾ തട്ടിച്ചു മുങ്ങിയ നീരവ് മോദി ഹോങ്കോംഗിലുണ്ടെന്നാണു കരുതപ്പെടുന്നത്.
ചൈനയുടെ നിയന്ത്രണത്തിലുള്ള ഹോങ്കോംഗിന് സ്വന്തമായ ഭരണ-നിയമവ്യവസ്ഥകളുണ്ടെന്നും അതിനാൽതന്നെ ഹോങ്കോംഗുമായി നേരിട്ട് ഇടപാടുകൾ നടത്താമെന്നും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. ഇന്ത്യ ഹോങ്കോംഗിനോട് അഭ്യർഥന നടത്തിയാൽ നടപടികളിൽ പൂർണ അധികാരം ഹോങ്കോംഗിനു കൈമാറുമെന്നും ചൈനീസ് വക്താവ് അറിയിച്ചു. കുറ്റവാളികളെ കൈമാറുന്നതു സംബന്ധിച്ച് ഇന്ത്യയും ഹോങ്കോംഗും തമ്മിൽ കരാർ നിലവിലുണ്ട്. എന്നാൽ ചൈനയുമായി ഇത്തരത്തിൽ കരാറുകളില്ല.
കോടികളുടെ തട്ടിപ്പു നടത്തി രാജ്യംവിട്ട നീരവ് മോദിക്കും മെഹുൽ ചോക്സിക്കുമെതിരേ ഇന്ത്യയിൽ ജാമ്യമില്ലാ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. സിബിഐയുടെ അഭ്യർഥനപ്രകാരം മുംബൈ കോടതിയാണ് ഇരുവർക്കുമെതിരേ വാറന്റ് പുറപ്പെടുവിച്ചത്. നീരവ് മോദിയെ അറസ്റ്റ് ചെയ്യണമെന്ന് ഇന്ത്യ ഹോങ്കോംഗിനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ജാമ്യമില്ലാ അറസ്റ്റ് വാറന്റും പുറപ്പെടുവിക്കുന്നത്. ഇരുവരുടെയും പാസ്പോർട്ടുകൾ സിബിഐ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ ഇന്ത്യ മരവിപ്പിച്ചിരുന്നു.
തട്ടിപ്പു നടത്തി നേടിയ കോടിക്കണക്കിനു രൂപ നീരവ് മോദി വിദേശരാജ്യങ്ങളിലെവിടെയോ നിക്ഷേപിച്ചിരിക്കുകയാണെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണത്തിൽ തെളിഞ്ഞത്. നീരവ് മോദി പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് 13,578 കോടിയുടെ തട്ടിപ്പു നടത്തിയാണ് മുങ്ങിയത്. നീരവിന്റെ ഇന്ത്യയിലെ സ്ഥാപനങ്ങളിലും വസതികളിലും നടന്ന റെയ്ഡിൽ കോടികളുടെ സ്വത്ത് കണ്ടെത്തിയിരുന്നു.
നേരത്തെ ബെൽജിയത്തിലെ നീരവ് മോദിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. രണ്ട് അക്കൗണ്ടുകളാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിർദേശപ്രകാരം ബെൽജിയം സർക്കാർ മരവിപ്പിച്ചത്. ഫെബ്രുവരി 14നാണു നീരവ് മോദിയുടെ തട്ടിപ്പു സംബന്ധിച്ച ആദ്യ റിപ്പോർട്ടുകൾ പുറത്തുവന്നത്.
Leave a Reply