കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനായി അഭിഭാഷകന്‍ ബി.രാമന്‍പിള്ള എത്തി. അഡ്വ. രാംകുമാറിനെ മാറ്റിയാണ് മുതിര്‍ന്ന അഭിഭാഷകന്‍ ബി. രാമന്‍പിള്ള ദിലീപിനുവേണ്ടി ഹാജരാകുന്നതത്.

കാവ്യയുമായുള്ള വിവാഹമോചനക്കേസിൽ നിഷാലിനായി ഹാജരായത് അഡ്വക്കേറ്റ് രാമൻ പിള്ളയായിരുന്നു. ഈ കേസിൽ ഭാഗമായതു കൊണ്ട് മാത്രമാണ് ദിലീപിനെ ആദ്യം രാമൻപിള്ള നിരുൽസാഹപ്പെടുത്തിയത്. പക്ഷേ നടൻ സമ്മർദ്ദം തുടർന്നു. അങ്ങനെ രാമൻപിള്ള കേസ് ഏറ്റെടുക്കുകയാണ്. അങ്ങനെ നിഷാൽ ചന്ദ്രയുടെ അഭിഭാഷകൻ ദിലീപിന്റേയും വക്കീലാകുന്നു. കേരളത്തിലെ ഏറ്റവും മുതിർന്ന അഭിഭാഷകനാണ് രാമൻപിള്ള. ക്രിമിനൽ കേസുകളിൽ അഗ്രഗണ്യൻ. രാമൻപിള്ള എത്തുന്നതിനെ ഏറെ പ്രതീക്ഷയോടെയാണ് സിനിമാ ലോകം കാണുന്നത്.

മാനേജര്‍ അപ്പുണ്ണിയുള്‍പ്പെടെ ദിലീപുമായി അടുപ്പമുള്ള ചിലരെ ഇനിയും ചോദ്യം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് ആദ്യത്തെ ജാമ്യാപേക്ഷ തള്ളാനിടയാക്കിയ ഒരു കാരണമെങ്കില്‍ ഇക്കാര്യം തന്നെ ചൂണ്ടിക്കാട്ടിയാവും പുതിയ അപേക്ഷ. അപ്പുണ്ണി കഴിഞ്ഞ ദിവസം അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായി മൊഴി നല്‍കിയിരുന്നു.

ദിലീപിന്റെ അടുത്ത ബന്ധുക്കളാണ് രാമൻപിള്ളയെ സമീപിച്ചത്. ആദ്യം എതിർത്തുവെങ്കിലും പിന്നീട് രാമൻപിള്ള വഴങ്ങുകയായിരുന്നു. ഇതോടെ ദിലീപിന് പ്രതീക്ഷയുമായി. നേരത്തെ എംകെ ദാമോദരനേയും ഹരീഷ് സാൽവെയുമെല്ലാം ദിലീപ് അഭിഭാഷകരായി പരിഗണിച്ചിരുന്നു. ശ്രീശാന്തിനായി വാദിച്ച റബേക്ക ജോണിനേയും ചർച്ചയിൽ ഉയർത്തി. എന്നാൽ ഹൈക്കോടതിയിൽ രാമൻപിള്ളയാണ് നല്ലതെന്ന് തിരിച്ചറിവിലെത്തി. ഇതോടെയാണ് രാംകുമാറിനെ മാറ്റി രാമൻപിള്ളയെ കൊണ്ടു വരാൻ തീരുമാനിച്ചത്. കേസ് നടത്തിപ്പിൽ ഏറെ പിഴവുകൾ ദിലീപിന് സംഭവിച്ചതായി വിലയിരുത്തലുണ്ട്. സെഷൻസ് കോടതിയിൽ ജാമ്യ ഹർജി നൽകാത്തതാണ് ഇതിലൊന്ന്.

ഹൈക്കോടതിയിൽ ജസ്റ്റീസ് സുനിൽ തോമസ് വിശദമായ വിധിയാണ് പുറപ്പെടുവിച്ചത്. കേസിന്റെ മെരിറ്റിലേക്ക് കടക്കുകയും ചെയ്തു. നടി അക്രമിക്കപ്പെട്ട സംഭവത്തില്‍ സൂക്ഷ്മമായ ആസൂത്രണവും ഗൂഢാലോചനയും നടന്നിട്ടുണ്ടെന്നും അപൂര്‍വ്വവും ഗുരുതരവുമായ കുറ്റകൃത്യമാണിതെന്നും നേരത്തേ ദിലീപിന്റെ ജാമ്യം തള്ളിക്കൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. വിധി ന്യായത്തിലെ ഈ പരാമർശങ്ങൾ ദിലീപിന് എതിരാണ്. അതുകൊണ്ട് കൂടിയാണ് ഹൈക്കോടതിയിൽ വീണ്ടും പോകുന്നത്. നേരിട്ട് സുപ്രീംകോടതിയിൽ പോയി ജാമ്യ ഹർജി തള്ളിയാൽ അത് പുറത്തിറങ്ങുകയെന്ന ദിലീപിന്റെ മോഹങ്ങളെ ബാധിക്കും. ഹൈക്കോടതിയിൽ എന്ന് ജാമ്യ ഹർജി കൊടുക്കണമെന്ന കാര്യത്തിൽ ഇനിയും തീരുമാനം എടുത്തിട്ടില്ല. കേസ് പഠിക്കുകയാണ് രാമൻപിള്ളയെന്നാണ് സൂചന. അതിന് ശേഷം അദ്ദേഹമാകും തീരുമാനം എടുക്കുക.