ഓഖി ദുരന്തത്തിൽ കടലിൽ കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കൂട്ടത്തോടെ തീരത്തേക്കു കൊണ്ടുവരുന്നുവെന്ന വിവരം തെറ്റെന്ന് തിരുവനന്തപുരത്തെ ഡിഫൻസ് പിആർഒ. നേവിയുടെ കപ്പലിൽ മൃതദേഹങ്ങൾ കൊല്ലത്തേക്കോ തിരുവനന്തപുരത്തേക്കോ കൊണ്ടുവരുമെന്നായിരുന്നു വിവരം. കൊല്ലത്തെ അഴീക്കൽ, നീണ്ടകര, കൊല്ലം തുറമുഖം എന്നിവിടങ്ങളിൽ മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗം ഉള്‍പ്പെടെ സംവിധാനങ്ങൾ സജ്ജരായി നിൽക്കുന്നുവെന്നും റിപ്പോർട്ടുണ്ടായിരുന്നു.

Related image

ചുഴലിക്കാറ്റിൽപെട്ടു സംസ്ഥാനത്തു കാണാതായവരുടെ എണ്ണം 260 ആണെന്നാണ് പൊലീസിന്റെ കണക്ക്. ഇതിൽ ചെറു ബോട്ടുകളിൽ‌ പോയവർ മാത്രം നൂറോളമുണ്ട്. ഒരു മാസം കാത്തിരുന്ന ശേഷവും ഇവർ മടങ്ങിവന്നില്ലെങ്കിൽ മരിച്ചതായി പ്രഖ്യാപിക്കാൻ പൊലീസ് ആലോചിക്കുന്നുണ്ട്. സർക്കാരിന്റെ നിർദേശം കണക്കിലെടുത്തു ബന്ധുക്കളിൽ നിന്നു പരാതി എഴുതി വാങ്ങി. 260 മൽസ്യത്തൊഴിലാളികളുടെയും പേരിൽ വെവ്വേറെ പ്രഥമ വിവര റിപ്പോർട്ട് പൊലീസ് തയാറാക്കി. നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനു മുന്നോടിയായുള്ള ആദ്യ നടപടികളിലൊന്നാണു പൊലീസ് പൂർത്തിയാക്കിയത്.

Image result for ockhi-more-dead-bodies-found-in-sea-reports

അതേസമയം, 322 പേർ മറ്റു സംസ്ഥാനങ്ങളിൽ തീരമണഞ്ഞിട്ടുണ്ടെന്നും അവരെ മടക്കിക്കൊണ്ടു വരാനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയെന്നും മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. ഗുജറാത്തിലെ വെരാവലിൽ എത്തിയ 700 മൽസ്യത്തൊഴിലാളികളിൽ 200 പേർ മലയാളികളാണ്. ഇതിൽ 63 പേർ തിരുവനന്തപുരത്തുകാരും. മഹാരാഷ്ട്ര രത്നഗിരിയിൽ 122 പേരെത്തി. ഇതിൽ 62 പേർ തിരുവനന്തപുരത്തുകാരാണ്. ലക്ഷദ്വീപിൽ ചുരുക്കം മലയാളികളേ എത്തിയിട്ടുള്ളൂവെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.