വെള്ളിയാഴ്ച്ച സ്കൂള്‍ പ്രവൃത്തി സമയം വെട്ടിക്കുറക്കാന്‍ പദ്ധതിയുമായി ഡാവന്‍ട്രിയിലെ ആഷ്ബി ഫീല്ഡ്സ് പ്രൈമറി സ്കൂള്‍ അധികൃതര്‍. 400ഓളം കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് സ്കൂള്‍ മേധാവി അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. നിലവിലുള്ള പ്രവൃത്തി സമയത്തേക്കാളും രണ്ട് മണിക്കൂര്‍ നേരത്തെ സ്കൂള്‍ അടയ്ക്കാനാണ് തീരുമാനം. അധ്യാപകരുടെ ജോലിഭാരം കുറയ്ക്കുന്നതിനും കൂടുതല്‍ വിശ്രമസമയം അനുവദിക്കാനുമാണ് സമയത്തില്‍ മാറ്റം വരുത്തിയിരിക്കുന്നതെന്ന് സ്കൂള്‍ വിശദീകരിച്ചു. അതേസമയം പുതിയ തീരുമാനത്തിനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്. സ്കൂള്‍ നേരത്തെ അടച്ചാല്‍ ജോലിയെടുക്കുന്ന മാതാപിതാക്കള്‍ മക്കളെ നോക്കാന്‍ ഇതര മാര്‍ഗങ്ങള്‍ തേടേണ്ടി വരും. ഇതിനായി ചൈല്‍ഡ് കെയറിനെയും മറ്റും ആശ്രയിക്കുന്നത് സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും.
സ്കൂള്‍ സമയം വെട്ടിക്കുറച്ചാല്‍ കുട്ടികളുടെ ഒരു അധ്യയന വര്‍ഷത്തില്‍ ലഭ്യമാകുന്ന അക്കാദമിക് ദിനങ്ങളില്‍ കാര്യമായ കുറവുണ്ടാകുമെന്നും രക്ഷിതാക്കള്‍ ആരോപിക്കുന്നു. അക്കാദമിക് ദിനങ്ങള്‍ കുറയുന്നത് കുട്ടിയെ സാരമായി ബാധിക്കുമെന്ന ആശങ്കയും അവര്‍ രേഖപ്പെടുത്തി. സ്കൂളിന്റെ തീരുമാനത്തില്‍ മിക്ക രക്ഷിതാക്കളും അമര്‍ഷം രേഖപ്പെടുത്തിയിട്ടുണ്ട്. തങ്ങളുടെ ജോലി സമയം പുനഃക്രമീകരിക്കേണ്ടി വരുമെന്നും അതല്ലെങ്കില്‍ ഡേ കെയര്‍ സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വരുമെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. രക്ഷിതാക്കളുടെ ജോലി സംബന്ധിച്ച് സ്കൂളിന് യാതൊരുവിധ ബോധ്യവും ഇല്ലാത്തത് പോലെയാണ് പെരുമാറുന്നതെന്ന് കെല്ലി ഹോംസ് വിമര്‍ശിച്ചു. അതേസമയം ഉച്ചഭക്ഷണത്തിന് ശേഷമായിരിക്കും സ്കൂള്‍ അടയ്ക്കുകയെന്ന് ആഷ്ബി ഫീല്ഡ്സ് പ്രൈമറി സ്കൂള്‍ ഹെഡ് ടീച്ചര്‍ അറിയിച്ചു.
പബ്ലിക് കണ്സള്ട്ടേഷന് ശേഷമെ പുതിയ തീരുമാനം നടപ്പിലാക്കുകയുള്ളു. അധ്യാപകര്‍ക്ക് കൂടുതല്‍ വിശ്രമം അനുവദിക്കുകയെന്നതാണ് സ്കൂള്‍ ലക്ഷ്യമിടുന്നതെങ്കില്‍ തീരുമാനം പുനഃപരിശോധിക്കേണ്ടതുണ്ട്. രക്ഷിതാക്കള്‍ക്ക് അധ്യാപകര്‍ക്ക് ലഭിക്കുന്ന അത്രപോലും അവധി ദിനങ്ങള്‍ ലഭിക്കാറില്ലെന്ന വസ്തുത മനസിലാക്കണം. ലോകത്തിലെ ഇതര തൊഴില്‍ മേഖലകള്‍ പരിചയപ്പെട്ടാല്‍ തങ്ങള്‍ എത്രത്തോളം ഭാഗ്യവാന്മാരാണെന്ന് അധ്യാപകര്‍ക്ക് മനസിലാകുമെന്നും ഒരു രക്ഷിതാവ് പ്രതികരിച്ചു. രാജ്യത്തെ വിദ്യഭ്യാസ മേഖല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് താഴ്ന്ന പഠന നിലവാരം. ഇത്തരം പ്രശ്നങ്ങളെ മറികടക്കണമെങ്കില്‍ നിലവാരമുള്ള അധ്യാപകരെ സൃഷ്ടിക്കേണ്ടതുണ്ട്. അധ്യാപകര്‍ക്ക് കൂടുതല്‍ വിശ്രമസമയം അനുവദിക്കുന്നതിലൂടെയും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളിലൂടെയും മാത്രമെ അത് സാധ്യമാവുകയുള്ളുവെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.
Leave a Reply