കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയന്‍, സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കണ്ണുര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനന്‍ തുടങ്ങിയ നേതാക്കളുടെ പേരില്‍ സി.പി.എം നേതാവിന്റെ സഹോദരന്റെ സാമ്പത്തിക തട്ടിപ്പ്. മുന്‍മുഖ്യമന്ത്രി ഇ.കെ നായനാരുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന പി.ശശിയുടെ സഹോദരന്‍ പി.സതീശന്‍ ആണ് സര്‍ക്കാര്‍ നിയമനങ്ങള്‍ക്കായി ആളുകളില്‍ നിന്ന് പണം വാങ്ങുന്നത്. പാര്‍ട്ടി ഫണ്ടിലേക്കാണെന്നും മറ്റും പറഞ്ഞാണ് സാമ്പത്തിക തട്ടിപ്പ്. ഒരു സ്വകാര്യ വാര്‍ത്താ ചാനല്‍ ആണ് തട്ടിപ്പ് വാര്‍ത്ത പുറത്തുവിട്ടത്.

ആശ്രിത നിയമത്തിന്റെ പേരില്‍ പി.സതീശന്‍ രണ്ടര ലക്ഷം രൂപ തട്ടിയെടുത്തു എന്ന് ആരോപിച്ച് ഒരു യുവതി നല്‍കിയ പരാതി കൈപ്പറ്റാന്‍ പോലും തയ്യാറാകാതെ കസബ എസ്.ഐയും. പഞ്ചായത്ത് വകുപ്പില്‍ ജീവനക്കാരനായിരിക്കേ മരണമടഞ്ഞയാളുടെ ഭാര്യയില്‍ നിന്നാണ് പി.സതീശന്‍ രണ്ടര ലക്ഷം രൂപ കൈപ്പറ്റിയത്. നാല്പതിനായിരം രൂപ ആദ്യം വാങ്ങി. പിന്നീട് പാര്‍ട്ടി ഫണ്ടിലേക്കാണെന്ന പേരില്‍ രണ്ടു ലക്ഷം രൂപം വാങ്ങി. ഈ തുകയ്ക്ക് ഈടായി ചെക്കും നല്‍കി. ജോലി ലഭിച്ചില്ലെങ്കില്‍ പണം തിരിച്ചുനല്‍കാമെന്നായിരുന്നു വാഗ്ദാനം. ജോലി ലഭിക്കാതെ വന്നതോടെ യുവതി പണത്തിനായി സമീപിച്ചുവെങ്കിലും തിരിച്ചുനല്‍കാന്‍ തയ്യാറായില്ല.

ഇതേതുടര്‍ന്ന് കസബ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയെങ്കിലും പരാതി സ്വീകരിക്കാന്‍ എസ്.ഐ തയ്യാറായില്ല. പരാതിക്കാരിയും കൂടെ വന്നയാളും ഇത് ചോദ്യം ചെയ്തതോടെ എസ്.ഐ മറ്റൊരു പോലീസുകാരനൊപ്പം ബൈക്കില്‍ കയറി സ്‌റ്റേഷനില്‍ നിന്നും പുറത്തേക്കു പോയി. സി.ഐ വന്നശേഷം പരാതി സ്വീകരിക്കാമെന്നാണ് പോലീസ് വ്യക്തമാക്കിയത്. സംഭവം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ഉച്ചയോടെ സ്‌റ്റേഷനില്‍ എത്തിയ സി.ഐ പരാതി സ്വീകരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അതേസമയം, പി.സതീശന്റെ തട്ടിപ്പിനെ കുറിച്ച് പാര്‍ട്ടി നേതൃത്വത്തിന് നേരത്തെ അറിവുണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. സഹോദരനുമായി 20 വര്‍ഷമായി ബന്ധമില്ലെന്നും കേസില്‍ ഇടപെടാനാവില്ലെന്നും പി.ശശി മാധ്യമങ്ങളോട് പ്രതികരിച്ചു.

കണ്ണൂരിലും കോഴിക്കോടും പി.സതീശന്‍ തട്ടിപ്പ് നടത്തിയിട്ടുണ്ട്. കസബ സ്‌റ്റേഷന്‍ പരിധിയിലാണ് നിലവില്‍ പരാതിയുള്ള തട്ടിപ്പ് നടന്നിരിക്കുന്നത്. എന്നാല്‍ തനിക്കെതിരെ പരാതിയൊന്നും ഇല്ലെന്നും കൂടുതല്‍ പ്രതികരിക്കാനില്ലെന്നും പി.സതീശന്‍ പറഞ്ഞു.

അതേസമയം, പി.സതീശനെതിരെ കൂടുതല്‍ പരാതികള്‍ പുറത്തുവന്നു. സി.സ്‌റ്റെഡില്‍ സ്ഥിര നിയമനം വാഗ്ദാനം ചെയ്ത് കരാര്‍ ജീവനക്കാരില്‍ നിന്ന് പണം വാങ്ങിയെന്ന് പരാതി. നാല്പതോളം പേരില്‍ നിന്ന് 15,000 രൂപ മുതല്‍ ലക്ഷങ്ങള്‍ വരെ വാങ്ങിയെന്നാണ് പരാതി.