കോട്ടയം: മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചതിന് കോട്ടയം മുന്‍ എസ്പി മുഹമ്മദ് റഫീഖിനെതിരെ വകുപ്പ്തല അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന് ഉത്തരവിട്ടു. കെവിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ കാര്യത്തില്‍ എസ്പി മുഖ്യമന്ത്രിയെ തെറ്റായ വിവരം ധരിപ്പിച്ചെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഐജി വിജയ് സാഖറെയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക.
കെവിനെ തട്ടിക്കൊണ്ടുപോയെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന വാര്‍ത്ത മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ മുഖ്യമന്ത്രി കോട്ടയത്തുണ്ടായിരുന്നു. അദ്ദേഹം ടിബിയിലേക്ക് മുഹമ്മദ് റഫീഖിനെ നേരിട്ടുവിളിച്ചുവരുത്തി കാര്യങ്ങള്‍ തിരക്കി. അപ്പോള്‍ അദ്ദേഹം പറഞ്ഞത് കേസന്വേഷണത്തിന് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നായിരുന്നു.
എന്നാല്‍,മുഹമ്മദ് റഫീഖ് പറഞ്ഞത് കളവാണെന്ന് പിന്നീട് ബോധ്യപ്പെട്ടു.ഈ സാഹചര്യത്തിലാണ് വകുപ്പ് തല അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടത്. കെവിന്റെ മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് പോലീസിന്റെ ഭാഗത്ത് അനാസ്ഥയുണ്ടെന്ന് തെളിയുകയും മുഹമ്മദ് റെഫീഖിന്റെ എസ്പി സ്ഥാനം തെറിക്കുകയും ചെയ്തിരുന്നു. പോലീസ് ആസ്ഥാനത്ത് എഐജി ആയിരുന്ന ഹരിശങ്കറാണ് നിലവില്‍ കോട്ടയം എസ്പി.
Leave a Reply