സോണി കെ. ജോസഫ്
വിദ്യാര്‍ത്ഥികള്‍ക്ക് കൃഷി സംബന്ധമായ കാര്യങ്ങള്‍ സൗകര്യപ്രദവും വേഗത്തിലും പഠിക്കാന്‍ സഹായിക്കുന്ന കൃഷി പഠനോപകരണ കിറ്റ് സ്വയം തയാറാക്കി പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആദിത്യ ജിനോ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ‘ബോട്ടണി ലാബ് ഫോര്‍ കിഡ്സ്’ എന്നാണ് കിറ്റിന്റെ പേര്. മാന്നാനം കെ.ഇ സ്ക്കുളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് ആദിത്യ ജിനോ. എങ്ങനെയാണ് വിത്ത് കിളിര്‍ത്തു വരുന്നത്, വളരാനായി ചെടികള്‍ക്ക് എന്തെല്ലാം വേണം, വിത്ത് പാകുന്നത്, ചെടികളുടെ നന, ചെടിയുടെ വേരുകള്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത്, ചെടികള്‍ വെളിച്ചം കിട്ടുന്ന ഭാഗത്തേക്കു വളരുന്നതെന്തുകൊണ്ട്, ചെടിയുടെ വേരും തൈയും കാഴ്ചയില്‍ എങ്ങനെയിരിക്കും തുടങ്ങിയവ പരീക്ഷണത്തിലൂടെ കുട്ടികള്‍ക്കു സ്വയം പഠിക്കാനാവുന്ന രീതിയിലാണ് കിറ്റ് രൂപകല്പന ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെ മണ്ണിനങ്ങള്‍, കൃഷികള്‍ ഏതെല്ലാം, കൃഷിക്കനുകൂലമായ കാലാവസ്ഥ, ഫലങ്ങള്‍ ഉണ്ടാകുന്ന സമയം തുടങ്ങിയ വിവരങ്ങളും പരീക്ഷണങ്ങള്‍ ചെയ്യേണ്ട രീതികള്‍ അടങ്ങിയ പുസ്തകവും ഏഴ് തരം വിത്തിനങ്ങളും, പരീക്ഷണങ്ങള്‍ക്കായുള്ള ചെറിയ പാത്രങ്ങള്‍, ഡ്രോപ്പര്‍, മരത്തവി, മണ്‍കുട്ട, മോണാ ബോക്സ് എന്നിവയും കിറ്റിലുണ്ടാകും. ഈ ആശയം ആദിത്യ തന്റെ പിതാവ് ഡോ. ജിനോ ശ്രീനിവാസയുമായി പങ്കുവെച്ചപ്പോള്‍ ഡോ.ജിനോ ആദിത്യയ്ക്ക് എല്ലാ പിന്തുണയും പ്രോത്സാഹനവും നല്കി കൂടെ നില്‍ക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ കൃഷിയും അവയുടെ വിവരങ്ങളും ചേര്‍ത്ത് കുട്ടികള്‍ക്ക് പഠനോപകരണ കിറ്റ് തയാറാക്കാമെന്ന് ഇരുവരും ചേര്‍ന്ന് തീരുമാനിക്കുകയും ‘ബോട്ടണി ലാബ് ഫോര്‍ കിഡ്സ്’ എന്ന ആശയം വിദഗ്ധരുമായി ചര്‍ച്ചചെയ്തു നടപ്പാക്കുകയുമായിരുന്നു.
പിരമല്‍ ഹെല്‍ത്ത് സെന്ററുമായി ചേര്‍ന്നാണ് ഇപ്പോള്‍ കിറ്റിന് രൂപം നല്‍കിയിരിക്കുന്നത്. അബുദാബിയിലെ സ്ക്കുളില് പഠിക്കുമ്പോള്‍ ജൂനിയര്‍ സയന്റിസ്റ്റ് എന്ന നിലയില്‍ ആദിത്യയ്ക്ക് യുഎസിലെ നാസയില്‍ പോകാന്‍ അവസരം കിട്ടിയിട്ടുണ്ട്. ആദിത്യ ജിനോയുടെ കൃഷിയെക്കുറിച്ച് കുട്ടികള്‍ക്ക് അറിവ് പകരുന്ന ഈ പഠനോപകരണ കിറ്റ് കേന്ദ്രമന്ത്രി കൃഷ്ണ രാജയ്ക്ക് കൈമാറി. മന്ത്രി കൃഷി വിജ്ഞാന കേന്ദ്രത്തിലെത്തിയപ്പോഴാണ് കിറ്റ് നല്‍കിയത്. മന്ത്രി എല്ലാ പിന്തുണയും ആദിത്യയ്ക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്. കേരളത്തിലെ സ്കുളുകളില് കൃഷിയുമായി ബന്ധപ്പെട്ട ഈ കിറ്റ് കുട്ടികളുടെ പ്രോജക്ടായി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് ജിനോ ശ്രിനിവാസയുടെയും മകന് ആദിത്യയുടെയും ആഗ്രഹം.
Leave a Reply