ലണ്ടന്‍: യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ ഡൗണിംഗ് സ്ട്രീറ്റ് സന്ദര്‍ശനം ഹാര്‍ഡ് ബ്രെക്‌സിറ്റിനുള്ള എല്ലാ സാധ്യതകളും തുറന്നിട്ടതോടെ പൗണ്ടിന് വിലയിടിയുമെന്ന് ഉറപ്പായി. ബ്രെക്‌സിറ്റ് ചര്‍ച്ചകളില്‍ പൗണ്ടിനെ വേണ്ട വിധത്തില്‍ പരിഗണിക്കുന്നില്ലെന്ന പരാതിയും ഇതോടെ ഉയരുകയാണ്. നാണയപ്പെരുപ്പം വര്‍ദ്ധിച്ചതോടെ ഈ വര്‍ഷത്തിന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ യുകെ സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ചയില്‍ കാര്യമായ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ 1.25 ഡോളര്‍ മൂല്യമുണ്ടായിരുന്ന സ്‌റ്റെര്‍ലിംഗ് 1.28 ഡോളറായി ഉയരുകയും പിന്നീട് വ്യാഴാഴ്ച 1.29 ഡോളറില്‍ എത്തുകയും ചെയ്തു. ഇതോടെ ഡോളറിനെതിരെ ഏറ്റവും മികച്ച് പ്രകടനം കാഴ്ചവെക്കുന്ന കറന്‍സിയായി പൗണ്ട് മാറിയിട്ടുണ്ടെന്നതും വസ്തുതയാണ്.

ഇത് ആശാവഹമാണെന്ന് ഒരു വിഭാഗം സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. സമ്പദ് വ്യവസ്ഥയുടെ 76 ശതമാനത്തോളം വരുന്ന സേവന മേഖല നാലു മാസത്തിനിടെ ഏറ്റവും വളര്‍ച്ച കാണിച്ചത് കഴിഞ്ഞ മാസമാണ്. നാണയപ്പെരുപ്പം വര്‍ദ്ധിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ വര്‍ഷം ബ്രെക്‌സിറ്റ് ഹിതപരിശോധനാ സമയത്ത് ഉണ്ടായ ഇടിവിനു ശേഷം തിരിച്ചു വരവ് നടത്തുന്നതായാണ് ഇത് വിലയിരുത്തപ്പെടുന്നത്. ഡോളറിനെതിരായ പ്രകടനത്തെ മറ്റൊരു വിധത്തിലും കണക്കാക്കാവുന്നതാണ്. ആദ്യ മൂന്ന് മാസങ്ങളില്‍ ഡോളര്‍ മോശം പ്രകടനമാണ് അമേരിക്കയില്‍ കാഴ്ച വെച്ചത്. ഇതോടെ ഫെഡറല്‍ റിസര്‍വ് പലിശ നിരക്കുകളില്‍ മാറ്റം വരുത്തുമെന്ന സൂചനകളും ഉണ്ട്.

ജീന്‍ ക്ലോദ് ജങ്കറുമായി തെരേസ മേയുടെ വാഗ്വാദങ്ങള്‍ വിപരീതഫലമായിരിക്കും സൃഷ്ടിക്കുക. ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ ഇതേവരെ ആരംഭിച്ചിട്ടില്ല. പ്രാരംഭ ചര്‍ച്ചകളില്‍ തന്നെ കല്ലുകടി ഉണ്ടായത് മുന്നോട്ടുള്ള ചര്‍ച്ചകളിലും പ്രതിഫലിച്ചേക്കും. തെരഞ്ഞെടുപ്പില്‍ ടോറികള്‍ വന്‍ ഭൂരിപക്ഷം നേടി അധികാരത്തില്‍ എത്തുമെന്നാണ് പ്രവചനങ്ങള്‍. അങ്ങനെയാണെങ്കില്‍ ഹാര്‍ഡ് ബ്രെക്‌സിറ്റിന്റെ ഫലങ്ങള്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി കണക്കിലെടുക്കില്ലെന്ന് മാര്‍ക്കറ്റ് വിദഗദ്ധര്‍ വിലയിരുത്തുന്നു. പൗണ്ടിന് അത്ര നല്ല കാലമല്ല വരാനിരിക്കുന്നത്.