നോര്‍ത്താംപ്ടണില്‍ വരുന്ന ശനിയാഴ്ച അരങ്ങേറുന്നത് കലയും സംഗീതവും ക്രിക്കറ്റും ഒത്തൊരുമിക്കുന്ന ഒരപൂര്‍വ കാഴ്ചയായിരിക്കും. യുകെയിലെ പ്രശസ്തമായ ഫീനിക്‌സ് നോര്‍ത്താംപ്ടണ്‍ ക്രിക്കറ്റ് ക്ലബ്ബിന്റെ ആതിഥേയത്വത്തില്‍ ക്രിക്കറ്റ് മത്സരങ്ങള്‍ക്കൊപ്പം മറ്റ് കലാകായിക മത്സരങ്ങള്‍ക്കും അന്ന് വേദിയൊരുങ്ങും. കലാകായിക മത്സരങ്ങളും മറ്റ് വിനോദങ്ങളും സംഘടിപ്പിക്കുക എന്നതിലുപരിയായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് ശേഖരണം കൂടിയാണ് ഫീനിക്‌സ് ക്ലബിന്റെ അംഗങ്ങള്‍ ലക്ഷ്യം വെക്കുന്നത്. ഈ പരിപാടിയിലൂടെ ലഭിക്കുന്ന വരുമാനം പൂര്‍ണ്ണമായും യുകെയിലെയും കേരളത്തിലെയും ഓരോ ചാരിറ്റി സംഘടനകള്‍ക്ക് നല്‍കുകയെന്ന തീരുമാനത്തിലാണ് ഇങ്ങനെയൊരു സംരംഭത്തിന് ഫീനിക്‌സ് ക്ലബ് ഒരുങ്ങുന്നത്.

ചില്‍ഡ്രന്‍സ് ലിവര്‍ ഡിസീസ് ഫൗണ്ടേഷന്‍ (CLDF) സത്കര്‍മ്മ (സൂരജ് പാലാക്കാരന്‍) എന്നീ ചാരിറ്റി സംഘടനകള്‍ക്കാണ് ഈ പ്രോഗ്രാം വഴി ലഭിക്കുന്ന വരുമാനം നല്‍കുന്നത്. CLDFനെ ഇതിന് തിരഞ്ഞെടുത്തതിനു പിന്നില്‍ ക്ലബ്ബംഗങ്ങള്‍ക്ക് മറ്റൊരു കാരണം കൂടിയുണ്ട്. ഫീനിക്‌സ് ക്ലബ്ബിന്റെ സ്ഥാപകരില്‍ ഒരാളും ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനുമായ ഡോണ്‍ പൗലോസിന്റെ ജീവിതത്തിലെ ദുഃഖകരമായ ഒരനുഭവമാണ് CLDFനെ സഹായിക്കാനുള്ള തീരുമാനത്തിലേക്ക് ക്ലബിനെ എത്തിച്ചത്.

ഡോണ്‍ പൗലോസ്, ഭാര്യ ടീന, മകന്‍ റോണവ് എന്നിവര്‍ ഫീനിക്സ് നോര്‍ത്താംപ്ടന്‍ ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ പ്രമോട്ടര്‍മാരായ അനീറ്റ, ഡോറോറ്റ എന്നിവര്‍ക്കൊപ്പം

ഡോണ്‍ പൗലോസിന്റെ മൂന്നു വയസുകാരന്‍ മകന്‍ റോണവിന് കരള്‍ രോഗം ബാധിച്ച വിവരം മാതാപിതാക്കള്‍ അറിഞ്ഞത് അവന്‍ ജനിച്ച് ഏതാനും ആഴ്ചകള്‍ മാത്രം കഴിഞ്ഞപ്പോളാണ്. അല്‍പം ഗുരുതരമായ ഈ രോഗത്തിന് ചെറിയ രീതിയിലുള്ള ചികിത്സകളൊന്നും ഫലപ്രദമാകാതെ വന്നതിനെത്തുടര്‍ന്ന് 2016ല്‍ കരള്‍ മാറ്റിവെക്കുകയായിരുന്നു. ഇതിനായി പിതാവ് ഡോണ്‍ തന്നെയാണ് തന്റെ കരളിന്റെ ഒരു ഭാഗം മകന് നല്‍കിയത്. കരള്‍ മാറ്റിവെച്ചതിനെത്തുടര്‍ന്ന് റോണവ് ജീവിതത്തിലേക്ക് തിരികെയെത്തിയെങ്കിലും ജീവിതകാലം മുഴുവന്‍ തുടര്‍ ചികിത്സ ആവശ്യമാണ്. ഡോണിന്റെയും ഭാര്യ ടീനയുടെയും ഈ സങ്കടകാലത്ത് അവര്‍ക്ക് എല്ലാ പിന്തുണയും സപ്പോര്‍ട്ടും നല്‍കിയത് CLDFന്റെ സന്നദ്ധപ്രവര്‍ത്തകരായിരുന്നു. അതുകൊണ്ടു തന്നെയാണ് ഇങ്ങനെയൊരു സംരംഭം ആലോചിച്ചപ്പോള്‍ തന്നെ ലഭിക്കുന്ന വരുമാനത്തില്‍ ഒരു പങ്ക് CLDFന് തന്നെയെന്ന് സുഹൃത്തുക്കളായ ഫീനിക്‌സ് ക്ലബ് അംഗങ്ങള്‍ തീരുമാനിച്ചത്.

കേരളത്തിലെ ആദിവാസി സമൂഹത്തിലെ പട്ടിണിയും ദുരിതവും പരിഹരിക്കാന്‍ നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കുന്ന സൂരജ് പാലാക്കാരന്‍ നേതൃത്വം നല്‍കുന്ന സത്കര്‍മ്മ എന്ന ചാരിറ്റിക്കാണ് ഈ പ്രോഗ്രാമില്‍ നിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ മറ്റൊരു വിഹിതം നല്‍കുന്നത്. സ്‌കൂള്‍ ഓഫ് ബിസിനസ് ലണ്ടനും ഫീനിക്‌സ് നോര്‍ത്താംപ്ടണും സംയുക്തമായാണ് ജൂലൈ 22 ഞായറാഴ്ച ഈ ക്രിക്കറ്റ് ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നത്. നോര്‍ത്താംപ്ടനിലെ വെല്ലിംഗ്‌ബോറോ ഓള്‍ഡ് ഗ്രാമേറിയന്‍സ് മെമ്മോറിയല്‍ സ്‌പോര്‍ട്‌സ് ഫീല്‍ഡിലാണ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റും മറ്റ് വിനോദ പരിപാടികളും അരങ്ങേറുന്നത്. ക്രിക്കറ്റിനൊപ്പം തന്നെ നിരവധി മറ്റ് പ്രോഗ്രാമുകളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. രുചികരമായ ഭക്ഷണം ലഭ്യമാകുന്ന സ്റ്റാളുകളും ലൈസന്‍സ്ഡ് ബാറും ലൈവ് മ്യൂസിക് ഡിജെയും ബൗണ്‍സി കാസിലും മറ്റ് മത്സരങ്ങളും അന്ന് സംഘടിപ്പിക്കുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബീ വണ്‍ പ്രായോജകരായി നടത്തുന്ന തീറ്റമത്സരമാണ് മറ്റൊരു ആകര്‍ഷണം. യുകെയിലെ മികച്ച ശാപ്പാട്ടുരാമന്‍മാരെ കണ്ടെത്തുന്നതിനായി നടത്തപ്പെടുന്ന തീറ്റമത്സരത്തിലെ വിജയികളെ കാത്തിരിക്കുന്നത് ആകര്‍ഷക സമ്മാനങ്ങളാണ്.

ഫീനിക്സ് നോര്‍ത്താംപ്ടന്‍ ക്രിക്കറ്റ് ടീമംഗങ്ങള്‍ കുടുബാംഗങ്ങള്‍ക്കൊപ്പം

ചില്‍ഡ്രന്‍സ് ലിവര്‍ ഡിസീസ് ഫൗണ്ടേഷനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ www.childliverdisease.org എന്ന വെബ്‌സൈറ്റില്‍ നിന്നും മനസിലാക്കാം. സത്കര്‍മ്മ ചാരിറ്റിയെക്കുറിച്ച് കൂടുതല്‍ മനസിലാക്കാന്‍ www.sathkarma.org എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. പൂര്‍ണ്ണമായും സൗജന്യമായി നടത്തപ്പെടുന്ന ഈ ഇവന്റിലേക്ക് എല്ലാ യുകെ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. ഫീനിക്‌സ് നോര്‍ത്താംപ്ടനൊപ്പം അവര്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് നിങ്ങളുടെ സംഭാവനകള്‍ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി നല്‍കാവുന്നതാണ്.

അജി ഉണ്ണികൃഷ്ണന്‍, ആന്റോ കുന്നിപറമ്പില്‍, പ്രഭിന്‍ ബാഹുലേയന്‍, ബിബിന്‍ ബെനഡിക്ട്, സുബിന്‍ വര്‍ഗീസ്, ഡോണ്‍ പൗലോസ്, നിക്‌സണ്‍ ഫെലിക്‌സ്, പ്രിയന്‍ പുഷ്പരാജ്, വിശാല്‍, ജോസ് പോള്‍, ഹെറിഡന്‍ ഫെല്‍ണാണ്ടസ്, സാം ഡേവിഡ്, മുകേഷ് സണ്ണി, ജയറാം ജയറാം എന്നിവരാണ് ഫീനിക്‌സ് നോര്‍ത്താംപ്ടണ് തുടക്കം കുറിച്ചത്.

മലയാളം യുകെ മീഡിയ പാര്‍ട്‌നര്‍ ആയി നടത്തപ്പെടുന്ന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെയും ചാരിറ്റി മത്സരങ്ങളുടെയും സ്‌പോണ്‍സര്‍മാര്‍ ഗ്ലോബല്‍ സ്റ്റഡി ലിങ്ക്, ലെജന്‍ഡ്‌സ് സോളിസിറ്റേഴ്‌സ്, സിസിആര്‍ബി ഹോള്‍ബോണ്‍ നോട്ടറി, മിഡ്‌ലാന്‍ഡ്‌സ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ലിമിറ്റഡ്, വെല്ലിംഗ്‌ബോറോ ഓള്‍ഡ് ഗ്രാമേറിയന്‍സ് അസോസിയേഷന്‍, ബീവണ്‍, വെല്ലിംഗ്‌ബോറോ ഇന്ത്യന്‍സ്, എലിസിയം നൈറ്റ് ക്ലബ് നോര്‍ത്താംപ്ടണ്‍, വൈസ് ലീഗല്‍ സോളിസിറ്റേഴ്‌സ് എന്നിവരാണ്.