ദിദിയര്‍ ദെഷാംപ്‌സ് എന്ന പരിശീലകന്‍ ഈ ലോകകപ്പില്‍ തങ്ങള്‍ക്ക് ഒന്നും നഷ്ടപ്പെടാനില്ല, കൂടുതലൊന്നും പ്രതീക്ഷിക്കേണ്ട എന്ന് പറഞ്ഞാണ് റഷ്യയിലേക്ക് വിമാനം കയറിയത്. ഒരു കൂട്ടം താര നക്ഷത്രങ്ങളുണ്ട് എന്നല്ലാതെ ഫ്രാന്‍സ് എന്ത് തന്ത്രമാണ് ലോകകപ്പിന് കരുതി വെച്ചിരിക്കുന്നതെന്ന് ലോകം ഉറ്റു നോക്കിയിരുന്നത്. എന്നാല്‍, ലോകകപ്പിന് മുമ്പുള്ള സൗഹൃദ മത്സരങ്ങളില്‍ ഇത്തരമൊരു ടീമില്‍ നിന്നും പ്രതീക്ഷിച്ച കളി പുറത്തെടുക്കാതിരുന്നതോടെ പലരും നെറ്റി ചുളിച്ചു.

1998ല്‍ ഫ്രാന്‍സ് കന്നി ലോകകിരീടം നേടുമ്പോള്‍ ആംബാന്‍ഡ് അണിഞ്ഞ് ഡിഫന്‍സീവ് മിഡ്ഫീല്‍ഡ് കൈകാര്യം ചെയ്തിരുന്ന ദെഷാംപ്‌സ് പരിശീലക വേഷത്തില്‍ ലോകകപ്പിനെത്തുമ്പോള്‍ ആരാധകര്‍ക്കോ വിമര്‍ശകര്‍ക്കോ ഉള്ള യാതൊരു ആശങ്കയും അദ്ദേഹത്തിനുണ്ടായിരുന്നില്ല. കെയിലന്‍ എംബാപ്പെ, പോള്‍ പോഗ്ബ, അന്റോണിയോ ഗ്രീസ്മാന്‍ തുടങ്ങി എല്ലാ പൊസിഷനിലും ഒന്നിനൊന്ന് മികച്ച താരങ്ങളായിരുന്നു ഫ്രാന്‍സിന്റെ ഏറ്റവും വലിയ കരുത്ത്.

ആദ്യ റൗണ്ട് പൂര്‍ത്തിയായപ്പോള്‍ ഫ്രാന്‍സിന്റെ സൗന്ദര്യാത്മക ഫുട്‌ബോളിന് എതിര്‍വിപരീതമായിരുന്നു ദെഷാംപ്‌സിന്റെ തന്ത്രങ്ങള്‍. അതായത്, ആരാധകരെ തൃപ്തിപ്പെടുത്തുന്ന അറ്റാക്കിങ് ഫുട്‌ബോളിന് പകരം ഡിഫന്‍സീവ് സ്ട്രാറ്റജി. ഇതിനൊപ്പം പതിയിരുന്ന് ആക്രമിക്കുക എന്ന തന്ത്രവും പയറ്റിയതോടെ ഫ്രാന്‍സിന്റെ മുന്നില്‍ വരുന്നവരെല്ലാം മുട്ടുമടക്കി മടങ്ങി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

4-2-3-1 ഫോര്‍മേഷനിലാണ് ഈ ലോകകപ്പിലെ എല്ലാ മത്സരങ്ങളും ഫ്രാന്‍സ് ഇറങ്ങിയത്. നിഗോളൊ കാന്റെ, പോള്‍ പോഗ്ബ എന്ന രണ്ട് മിഡ്ഫീല്‍ഡര്‍മാരെ ഫലപ്രദമായി ഉപയോഗിച്ചതാണ് ദെഷാംപ്‌സിന്റെ തന്ത്രങ്ങളില്‍ തിളങ്ങി നിന്നത്. ഡിഫന്‍സീവ് മിഡ്ഫീല്‍ഡില്‍ കാന്റെ അത്യുഗ്രന്‍ പ്രകടനം പുറത്തെടുത്തപ്പോള്‍ കളിയുടെ ബില്‍ഡ് അപ്പ് പോഗ്ബ തന്റെ കാലുകളിലൂടെ ഭദ്രമാക്കി. ഇതിനൊപ്പം അന്റോണിയോ ഗ്രീസ്മാന് നല്‍കിയ സ്‌ട്രൈക്കറിന് പിന്നിലുള്ള സ്ഥാനവും ഫ്രാന്‍സിന്റെ ജയത്തില്‍ നിര്‍ണായകമായി.

കെയിലന്‍ എംബാപ്പെയുടെ വേഗതയും ഏരിയല്‍ ബോള്‍ കൈകാര്യം ചെയ്യാനുള്ള ജിറൂഡിന്റെ മിടുക്കും സെറ്റ് പീസുകളിലും റിക്കവറിയിലും അസാമാന്യ പ്രകടനം നടത്താനുള്ള ഗ്രീസ്മാന്റെ കഴിവും ഒത്തുചേര്‍ന്നതിനൊപ്പം നിര്‍ണായക ഘട്ടങ്ങളില്‍ ഗോളടിക്കാനുള്ള ഡിഫന്റര്‍മാരുടെ ശ്രമവും ഫ്രാന്‍സിന് മുതല്‍കൂട്ടായി.

ഈ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പ്രതിരോധ പ്രകടനമാണ് റാഫേല്‍ വരാനെയും സാമുവല്‍ ഉംറ്റിറ്റിയും നയിച്ച് ഫ്രഞ്ച് പ്രതിരോധം കാഴ്ചവെച്ചത്. എതിര്‍ടീമുകള്‍ക്ക് സ്‌പെയ്‌സ് നല്‍കാതെ പഴുതടച്ച് ഗോള്‍ പോസ്റ്റിന് മുന്നില്‍ ഇവര്‍ നിലയുറപ്പിച്ചപ്പോള്‍ പഴുതുകളിലൂടെ വരുന്ന പന്തുകള്‍ അസാമാന്യ മെയ് വഴക്കത്തോടെ കുത്തിയകറ്റാന്‍ ക്യാപ്റ്റന്‍ ഹ്യൂഗോ ലോറിസും തയാറായിരുന്നു.