പ്രത്യേക ലേഖകന്‍
ഗ്ലാസ്ഗോ: മദര്‍വെല്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ആസ്ഥാനമായ ബേണ്‍ബാങ്ക് സെന്റ് കത്ബെര്‍ട് പള്ളിയില്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോപണ തിരുന്നാളിന് കൊടിയേറി. പത്തു ദിവസം നീണ്ടു നില്ക്കുന്ന തിരുന്നാള്‍ ആഘോഷങ്ങള്‍ക്ക് ആരംഭം കുറിച്ചുകൊണ്ട് ഓഗസ്റ്റ് മൂന്നാം തിയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് ബേണ്‍ബാങ്ക് സെന്റ് കത്ബെര്‍ട് പള്ളിയില്‍ വികാരി ഫാ. ചാള്‍സ് ഡോര്‍നാന്‍ കൊടി ഉയര്‍ത്തി. തുടര്‍ന്ന് മാതാവിന്റെ തിരുസ്വരൂപ പ്രതിഷ്ഠയും ആഘോഷ പൂര്‍വ്വമായ ദിവ്യബലിയും നടന്നു. ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങള്‍ക്ക് എഡിന്‍ബറ സീറോ മലബാര്‍ ചാപ്ലിന് റവ. ഫാ. സെബാസ്റ്റ്യന്‍ തുരുത്തിപ്പിള്ളില്‍ മുഖ്യ കാര്‍മ്മികത്വം വഹിച്ചു. മദര്‍വെല്‍ രൂപത സീറോ മലബാര്‍ ചാപ്ലിന് റവ. ഫാ ജോസഫ് വെമ്പാടംതറ സഹകാര്‍മികത്വം വഹിച്ചു.
ഓഗസ്റ്റ് 12-ാം തിയതി വരെ എല്ലാ ദിവസവും വൈകുന്നേരം ദിവ്യബലിയും നൊവേനയും ഉണ്ടായിരിക്കുന്നതാണ്. മുഖ്യ തിരുന്നാള്‍ ദിനമായ ഓഗസ്റ്റ്12-ാം തിയതി ഞായറാഴ്ച ഉച്ചക്ക് 2ന് ആഘോഷമായ തിരുന്നാള്‍ കുര്‍ബാനക്ക് റവ.ഫാ. ജോണി റാഫേല്‍ സിഎസ്ടി മുഖ്യ കാര്‍മ്മികത്വം വഹിക്കുകയും തിരുന്നാള്‍ സന്ദേശം നല്‍കുകയും ചെയ്യും. തിരുന്നാള്‍ കുര്‍ബ്ബാനക്കും ലദീഞ്ഞിനും ശേഷം മാതാവിന്റെ തിരുസ്വരൂപം വഹിച്ചു കൊണ്ടുള്ള വിശ്വാസ പ്രഘോഷണ പ്രദക്ഷിണം നടത്തും. ഓഗസ്റ്റ് 11 ശനിയാഴ്ച മതബോധന ദിനമായി ആഘോഷിക്കുന്നു. അന്നേ ദിവസം കുര്ബാനക്കും തിരുക്കര്‍മ്മങ്ങള്‍ക്കും ഗ്ലാസ്ഗോ രൂപത സീറോ മലബാര്‍ ചാപ്ലിന് ഫാ. ബിനു കിഴക്കേല്‍ ഇളംതോട്ടം നേതൃത്വം നല്‍കും.
വി. കുര്‍ബാനയിലും നോവേനയിലും മറ്റു തിരുക്കര്‍മ്മങ്ങളിലും പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുന്നതിനായി ഏവരെയും സ്വാഗതം ചെയ്യുന്നതായി മദര്‍വെല്‍ രൂപത സീറോ മലബാര്‍ ചാപ്ലിന് ഫാ.ജോസഫ് വെമ്പാടംതറ അറിയിച്ചു.
Leave a Reply