ഷിബു രാമകൃഷ്ണന്‍

ഡെഡ്‌ലി: ശബരിമലക്ക് കൂടുതല്‍ അന്താരഷ്ട്ര പ്രാധാന്യം നല്‍കി അയ്യപ്പ സേവാ സംഘം ബ്രിട്ടനിലും രൂപീകൃതമായി. തെന്നിന്ത്യന്‍ അയ്യപ്പ വിശ്വാസികളുടെ നേതൃത്വത്തില്‍ ഇന്നലെ മണ്ഡല പൂജക്ക് ശേഷം നടന്ന അയ്യപ്പ സേവാ സംഘം രൂപീകരണം ചരിത്രപരമായ നിമിഷമായി മാറുകയായിരുന്നു. അടുത്ത വര്‍ഷം ബ്രിട്ടനില്‍ അയ്യപ്പ സേവാ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ വിപുലമായ തരമണ്ഡലകാല അയ്യപ്പ പൂജ നടക്കും. ബ്രിട്ടനിലെ സജീവമായ ഇരുപതോളം ഹിന്ദു സമാജങ്ങളെ മുന്നില്‍ നിര്‍ത്തിയാകും അയ്യപ്പ സേവാ സംഘത്തിന്റെ പ്രധാന പ്രവര്‍ത്തനം. ബാലാജി ട്രസ്റ്റ് ചെയര്‍മാന്‍ ഡോ കനകരത്‌നം രക്ഷാധികാരിയായും, പ്രഭ കുബേന്ദ്രന്‍, കെ ആര്‍ ഷൈജുമോന്‍, എ പി രാധാകൃഷ്ണന്‍ എന്നിവര്‍ വിവിധ ഹിന്ദു സമൂഹങ്ങളുടെ കോ ഓഡിനേഷന്‍ ടീമായി പ്രവര്‍ത്തിക്കും. കൂടാതെ വിവിധ ഹിന്ദു സമാജങ്ങളെ പ്രതിനിധീകരിച്ചു 15 മലയാളികള്‍ ഉള്‍പ്പെടെ 27 അംഗ അയ്യപ്പ സേവാ സംഘം കര്‍മ്മ സമിതിയും ഇന്നലെ ചുമതലയേറ്റു.

ഇന്നലെ നടന്ന മണ്ഡലകാല പൂജ തൊഴാന്‍ യു.കെയിലെ ഹൈന്ദവ വിശ്വാസികളുടെ ദേശീയ തീര്‍ഥാടന കേന്ദ്രമായി മാറിക്കഴിഞ്ഞ ഡെഡ്‌ലി ബാലാജി സന്നിധിയില്‍ അഭൂതപൂര്‍വമായ തിരക്ക്. തെലുങ്ക് ഭക്തരുടെ നിയന്ത്രണത്തില്‍ ഉള്ള യൂറോപ്പിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രങ്ങളില്‍ ഒന്നായ ബാലാജി ക്ഷേത്രത്തില്‍ മലയാളികളുടെ അദ്ധ്യാത്മിക ലക്ഷ്യത്തിനായി പൂര്‍ത്തീകരിച്ച അയ്യപ്പ ക്ഷേത്രത്തില്‍ ശബരിമലയിലെ ആചാരങ്ങള്‍ അതേവിധം പാലിച്ചു നടന്ന മണ്ഡലകാല പൂജക്ക് നാടിന്റെ നാനാദിക്കില്‍ നിന്നുമായി നൂറുകണക്കിന് ഭക്തരാണ് ഒഴുകി എത്തിയത്.

രാവിലെ എട്ടുമണിയോടെ ആരംഭിച്ച കെട്ടുനിറ ചടങ്ങുകള്‍ പതിനൊന്നു മണിയോടെ പൂര്‍ത്തിയാവുകയും തുടര്‍ന്ന് പഞ്ചഭിഷേകം നടത്തി സ്വാമി അയ്യപ്പന് തുയിലുണര്‍ത്തിയാണ് അയ്യപ്പ പൂജ ചടങ്ങുകള്‍ ആരംഭിച്ചത്. മണിക്കൂറുകള്‍ അലയടിച്ച ശരണഘോഷങ്ങള്‍ക്കിടയില്‍ നെയ്യഭിഷേകം കണ്ടു തൊഴാന്‍ നൂറു കണക്കിനാളുകള്‍ തിരക്കിടുകയായിരുന്നു. തുടര്‍ന്ന് സര്‍വ്വാഭരണ വിഭൂഷിതനായ സ്വാമി അയ്യപ്പന് മണ്ഡല പൂജയും നടന്നു. രണ്ടര മണിക്കൂറോളം ദീര്‍ഘിച്ച വിവിധ മലയാളി ഹിന്ദു സമാജങ്ങള്‍ നേതൃത്വം നല്‍കിയ ഭജനയില്‍ അന്‍പതോളം ഭക്തരാണ് അയ്യപ്പ കീര്‍ത്തനങ്ങള്‍ ആലപിച്ചത്. രാധാകൃഷ്ണന്‍, പ്രഭ കുബേന്ദ്രന്‍, ജയലക്ഷ്മി, ഷിബു രാമകൃഷ്ണ, പ്രാര്‍ത്ഥന സുഭാഷ്, ഗജേന്ദ്ര, ജയന്‍ ഡെര്‍ബി ,അനില്‍ പിള്ളൈ, കുമാര്‍ ക്രോയ്‌ടോന്‍, രൂപേഷ്, അജിത, തുടങ്ങി അനേകം ഭക്തരാണ് സ്വാമി കീര്‍ത്തനങ്ങളുമായി അയ്യപ്പ സ്വാമിക്ക് നാദര്‍ച്ചന നടത്തിയത്. തുടര്‍ന്ന് ശാസ്താ ദശകം ചൊല്ലി നടമുന്നില്‍ സമസ്താപരാധം ക്ഷമ ഏറ്റുചൊല്ലി സാഷ്ടാംഗ പ്രണാമം നടത്തിയാണ് ചടങ്ങുകള്‍ സമാപിച്ചത്.

ഇന്നലെ ബാലാജി ക്ഷേത്രം ഓഡിറ്റോറിയത്തില്‍ നടന്ന അയ്യപ്പ സേവാ സംഘം രൂപീകരണത്തില്‍ മലയാളി, തമിഴ്, തെലുങ്ക് ഭക്തരുടെ സാന്നിധ്യത്തിലൂടെ 2019ലെ അയ്യപ്പ പൂജയ്ക്ക് ഒരു വര്‍ഷം നീളുന്ന ഒരുക്കങ്ങള്‍ക്കായി കര്‍മ്മ സമിതിയും രൂപീകൃതമായി. ഈ സമിതിയെ പ്രഭ കുബേന്ദ്ര, കെ ആര്‍ ഷൈജുമോന്‍, എ പി രാധാകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കുന്ന കോ ഓഡിനേഷന്‍ ടീമും ഹിന്ദു സമാജം പ്രതിനിധികള്‍ അംഗങ്ങളായ ദേശീയ കര്‍മ്മസമിതിയും ചേര്‍ന്ന് നയിക്കും. ദേശീയ കര്‍മ്മസമിതിയിലേക്കു രാജേഷ് റോഷന്‍, കൃഷ്ണകുമാര്‍ പിള്ള (ബിര്‍മിങ്ഹാം ഹിന്ദു സമാജം) ഷിബു രാമകൃഷ്ണന്‍ , രൂപേഷ് (ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് – ഡാര്‍ബി) , പ്രേം കുമാര്‍ , ശ്രീകുമാര്‍ (ക്രോയ്‌ടോന്‍ ഹിന്ദു സമാജം) , അനില്‍കുമാര്‍ പിള്ള, സുഭാഷ് നായര്‍ (കവന്‍ട്രി ഹിന്ദു സമാജം) അരുണ്‍ കുമാര്‍ , മനു ജനാര്‍ദ്ദനന്‍ (ന്യുകാസില്‍ ഹിന്ദു സമാജം) രാജേഷ് (സട്ടന്‍ ഹിന്ദു സമാജം) മനോജ് കുമാര്‍, രാജ്മോഹന്‍ (കാര്‍ഡിഫ് ഹിന്ദു സമാജം) വിജയകുമാര്‍, നന്ദ കുമാര്‍ (മാഞ്ചസ്റ്റര്‍ തമിഴ് സമാജം) പ്രസാദ്, എന്‍ ഗജേന്ദ്രന്‍, കുമാര സ്വാമി, അശ്രാന്ത കുങ്കനാഥന്‍, ആര്‍ ശെല്വകുമാര്‍ (ബിര്‍മിങ്ഹാം തമിഴ് സമാജം) ചന്ദ്ര ശേഖരം, ബി ഗുഹാപ്രസാദന്‍, ആര്യസോതി, മഞ്ജുറം ഗോപാല്‍, സായ് നവന്‍ (തെലുങ്ക് സമാജം, യുകെ) എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.

  സർക്കാർ പ്ലാൻ ബി തയ്യാറാക്കുന്നു, യുകെയിൽ കോവിഡ് മൂന്നാം തരംഗം തുടങ്ങിയതിന് തെളിവായി കണക്കുകൾ; മാറ്റ് ഹാൻകോക്കിന്റെ വെളിപ്പെടുത്തൽ

യുകെയിലെ മുഴുവന്‍ മലയാളി ഹിന്ദു സമാജങ്ങളെയും പങ്കെടുപ്പിച്ചു അതിവിപുലമായ തരത്തില്‍ ദേശീയ തലത്തില്‍ അയ്യപ്പ പൂജ സംഘടിപ്പിക്കുന്നതിന്റെ സാധ്യതയും രൂപീകരണ യോഗം ചര്‍ച്ച ചെയ്തു. ഒരു ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ചടങ്ങുകളോടെ അയ്യപ്പ പൂജ നടത്തുക എന്ന ലക്ഷ്യവും ഭക്തര്‍ ഉയര്‍ത്തിയിട്ടുണ്ട്. ചടങ്ങുകള്‍ ഏതു വിധത്തില്‍ ഏകോപിപ്പിക്കാന്‍ സാധിക്കും എന്നത് ദേശീയ കര്‍മ്മ സമിതി തീരുമാനിക്കും. അടുത്ത വര്‍ഷത്തെ ദേശീയ അയ്യപ്പ പൂജയ്ക്കു സാധ്യമായ എല്ലാ സഹായവും ബാലാജി ക്ഷേത്രം ട്രസ്റ്റ് ഏറ്റെടുക്കുമെന്നും യോഗത്തില്‍ ഡോ കനകരത്‌നം വക്തമാക്കി. ഏറെ വര്ഷങ്ങളായി നടക്കുന്ന അയ്യപ്പ പൂജക്ക് അടുത്ത വര്ഷം മുതല്‍ കൂടുതല്‍ മലയാളി പ്രാധിനിത്യം ഉറപ്പാക്കാനുള്ള സാധ്യതയും ഇന്ന് ചേര്‍ന്ന അയ്യപ്പ സേവാ സംഘം കര്‍മ്മ സമിതി ചര്‍ച്ച ചെയ്തു. വിഷു ആഘോഷത്തിന്റെ ഭാഗമായി കൂടുതല്‍ മലയാളി സമാജങ്ങളെ പങ്കെടുപ്പിച്ചു വിപുലമായ ചര്‍ച്ച ഉണ്ടാകുമെന്നു കര്‍മ്മ സമിതി വക്തമാക്കി. മുഴുവന്‍ സമാജങ്ങളുടെയും പ്രതിനിധികളെ കര്‍മ്മ സമിതിയില്‍ ഉള്‍പ്പെടുത്താന്‍ ഉള്ള ശ്രമവും നിലവില്‍ തിരഞ്ഞെടുക്കപ്പെട്ടവര്‍ ഏറ്റെടുക്കും. ഇതോടെ അയ്യപ്പ സേവാ സംഘത്തിന് യുകെയിലും തുടക്കം കുറിക്കപ്പെട്ടിരിക്കുകയാണ്.