കരുണാനിധിയുടെ വിയോഗത്തിന് ഒരാഴ്ച പോലും തികയുന്നതിന് മുമ്പ് ഡിഎംകെയില്‍ മക്കള്‍ കലാപം. കരുണാനിധിയുടെ ഇളയ മകന് സ്റ്റാലിന് പാര്‍ട്ടിയധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമെന്ന് അറിയിച്ചതോടെ ഇതിനെ വെല്ലുവിളിച്ച് മൂത്തമകന് അഴഗിരി രംഗത്തെത്തി. ചെന്നൈ മറീന ബീച്ചില്‍ നടന്ന കരുണാനിധിയുടെ അനുസ്മരണ ചടങ്ങിലാണ് അഴഗിരി, സ്റ്റാലിനെ വെല്ലുവിളിച്ചത്. പാര്‍ട്ടിയിലെ വിശ്വസ്ഥരായ അണികള്‍ തനിക്കൊപ്പമാണെന്നും അഴഗിരി ചടങ്ങില്‍ അവകാശപ്പെട്ടു.
താന്‍ ഇപ്പോള്‍ പാര്‍ട്ടിയിലില്ല. കാലം യോജിച്ച മറുപടി പറയും. പിതാവിന്റെ വേര്‍പാടിലുള്ള ദുഃഖത്തിലാണ് ഞങ്ങള്‍. മറ്റ് കാര്യങ്ങളെല്ലാം പിന്നീട് പറയുമെന്ന് അഴഗിരി വ്യക്തമാക്കി. ചൊവ്വാഴ്ച ഡിഎംകെ നിര്‍വാഹക സമിതിയോഗവും ആഗസ്റ്റ് 19ന് ജനറല്‍ കൗണ്‍സിലും ചേരുന്നുണ്ട്. പാര്‍ട്ടി ജനറല്‍ കൗണ്‍സില്‍ യോഗത്തില്‍ സ്റ്റാലിന് തന്നെ പാര്‍ട്ടി അധ്യക്ഷനാകുമെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്കുന്ന സൂചന. ഈ സാഹചര്യത്തിലാണ് നേതൃത്വത്തിലേക്ക് വരാന്‍ താല്പര്യപ്പെടുന്നതായി അഴഗിരി സൂചിപ്പിച്ചത്.
അഴഗിരിയെ ഡിഎംകെയില്‍ നിന്നും പൂര്‍ണമായും തഴയരുതെന്ന് കരുണാനിധി കുടുംബത്തിലും അഭിപ്രായമുയര്‍ന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. സ്റ്റാലിനെ തുടര്‍ച്ചയായി വിമര്‍ശിച്ചതിന്റെ പേരില്‍ ഡി.എം.കെ ദക്ഷിണമേഖല ഓര്‍ഗനൈസിങ് സെക്രട്ടറിയായിരുന്ന അഴഗിരിയെ നാലുവര്‍ഷം മുമ്പാണ് പാര്‍ട്ടി പ്രാഥമികാംഗത്വത്തില്‍നിന്ന് കരുണാനിധി പുറത്താക്കിയത്.
സ്റ്റാലിന് പാര്‍ട്ടി പ്രസിഡന്റായി ചുമതല വഹിക്കുന്നകാലം പാര്‍ട്ടിക്ക് ഒരു തിരഞ്ഞെടുപ്പില്‍ പോലും ജയിക്കാന്‍ സാധിക്കില്ലെന്നും അഴഗിരി ചടങ്ങില്‍ പറഞ്ഞു. എന്നാല്‍, ഈ പ്രസ്താവനകളെല്ലാം അസൂയയുടെ പുറത്താണ് അഴഗിരി നടത്തുന്നതെന്നും പാര്‍ട്ടി അംഗമല്ലാത്തയാള്‍ക്ക് സ്റ്റാലിനെ വിമര്‍ശിക്കാന്‍ പോലും അര്‍ഹതയില്ലയെന്നും ഡിഎംകെ ജനറല്‍ സെക്രട്ടറി കെ അന്പഴകന് തിരിച്ചടിച്ചു.
Leave a Reply