കൊല്ലം കൊട്ടിയത്ത് പെൺകുട്ടി ആത്മഹത്യ ചെയ്തതിൽ സീരിയൽ നടി ലക്ഷ്മി പ്രമോദിന് ഇടക്കാല ജാമ്യം. കേസിൽ അറസ്റ്റിലായ ഹാരിസിൻ്റെ സഹോദരൻ്റെ ഭാര്യയായ ലക്ഷ്മിയെ അടുത്ത മാസം ആറാം തീയതി വരെ അറസ്റ്റ് ചെയ്യരുതെന്ന് കോടതി ഉത്തരവിട്ടു. റിമാൻഡിലുള്ള ഹാരിസിനെ ക്രൈംബ്രാഞ്ച് ഉടൻ കസ്റ്റഡിയിൽ വാങ്ങും.

പ്രതിശ്രുത വരൻ വിവാഹത്തിൽ നിന്നു പിൻമാറിയതിനെ തുടർന്ന് കൊട്ടിയം സ്വദേശിനിയായ റംസി ഈ മാസം മൂന്നിനാണ് തൂങ്ങി മരിച്ചത്. അസ്വഭാവിക മരണത്തിന് കേസെടുത്ത കൊട്ടിയം പൊലീസ് ഹാരിസിനെ അറസ്റ്റു ചെയ്തു. വീട്ടുകാരുടെ കൂടെ പ്രേരണയിലാണ് ഹാരിസ് റംസിയെ ഒഴിവാക്കിയതെന്ന് ആരോപണമുയർന്നു. ഹാരിസിൻ്റെ സഹോദരനെയും ഭാര്യയും സീരിയൽ നടിയുമായ ലക്ഷ്മി പ്രമോദിനെയും ചോദ്യം ചെയ്തു. ഇവരുടെ മൊബൈൽ ഫോണും കസ്റ്റഡിയിലെടുത്തിരുന്നു. തുടർന്നാണ് മുൻകൂർ ജാമ്യത്തിനായി ലക്ഷ്മി പ്രമോദ് കൊല്ലം സെഷൻസ് കോടതിയെ സമീപിച്ചത്.

ആത്മഹത്യയിൽ ഹാരിസിൻ്റെ ബന്ധുക്കൾക്കും പങ്കുണ്ടെന്ന ജില്ലാ ക്രൈംബ്രാഞ്ചിൻ്റെ കണ്ടെത്തൽ ഉൾപ്പടെ ചൂണ്ടിക്കാട്ടി ജാമ്യം അനുവദിക്കരുതെന്ന് പ്രോസിക്യൂഷൻ വാദിച്ചു. എന്നൽ സീരിയലിൻ്റെ ഷൂട്ടിങ് ഉള്ളതിൽ അടുത്ത മാസം ആറു വരെ അറസ്റ്റ് ഒഴിവാക്കണമെന്ന പ്രതിഭാഗത്തിൻ്റെ വാദം കോടതി അംഗീകരിച്ചു. ക്രൈംബ്രാഞ്ച് എസ് പിയുടെ നേതൃത്വത്തിലുള്ള പുതിയ അന്വേഷണം സംഘം കഴിഞ്ഞ ദിവസം റംസിയുടെ വീട്ടുകാരുടെ മൊഴി എടുത്തിരുന്നു.