അദ്ധ്യായം – 23
പഞ്ചാബിലെ കന്യാസ്ത്രീകള്‍
പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയില്‍ നിന്നുളള താല്‍ക്കാലിക നിയമനമാണ്. ഞാനാകെ ചിന്താക്കുഴപ്പത്താലായി. ഓഫിസ് ജോലി മാത്രമല്ല ആവശ്യം വേണ്ടിവന്നാല്‍ പത്രലേഖകനൊപ്പം സഞ്ചരിക്കുകയും വേണം. ഞാനെന്നും ഹൃദയത്തില്‍ സൂക്ഷിച്ചുവച്ച ഒന്നാണ് ഇന്ത്യ മുഴുവന്‍ സഞ്ചരിക്കണമെന്നത്. വായിച്ചു നേടുന്ന അറിവുകള്‍ പോലെയല്ല നേരില്‍ കാര്യങ്ങള്‍ അനുഭവിക്കുന്നത്. നിത്യവും പത്രങ്ങള്‍ പല വാര്‍ത്തകളും ഊതിപെരുപ്പിച്ചു കാണിക്കുമ്പോഴും എന്റെ ഹൃദയാന്തരങ്ങളില്‍ നിന്നൊരു ചോദ്യമുയരുന്നത്, ഇവര്‍ ഈ എഴുതി വിടുന്നതില്‍ എത്രമാത്രം സത്യമുണ്ട്. അങ്ങനെയുളള വാര്‍ത്തകളില്‍ നിറഞ്ഞു നില്ക്കുന്ന കുറെ യാഥാര്‍ത്ഥ്യങ്ങള്‍ പി.ടി.ഐയില്‍ ചേര്‍ന്നാല്‍ കുറച്ചു കൂടി നിരീക്ഷിക്കാന്‍ കഴിയും എന്ന് എനിക്കു തോന്നി.
സമൂഹത്തില്‍ കാണുന്ന പല പകല്‍ മാന്യന്മാരുടേയും മുഖംമൂടികള്‍ വലിച്ചു കീറാന്‍ ചില മാധ്യമങ്ങളെങ്കിലും ശ്രമിക്കാറുണ്ട്. അവരുമായിട്ടുളള ഏറ്റുമുട്ടല്‍ പൂര്‍വ്വാധികം ശക്തിയോടെ നടത്താന്‍ എത്ര പത്രക്കാര്‍ക്ക് കഴിയാറുണ്ട്. എന്തായാലും ജനങ്ങളുടെ കണ്ണില്‍ പൊടിവാരിയിടുന്ന വാര്‍ത്തകളൊന്നും പി.ടി.ഐ.നടത്താറില്ല. ഈ സ്ഥാപനത്തില്‍ താല്‍ക്കാലികമായെങ്കിലും ജോലി ലഭിച്ചാല്‍ അത് ഭാവിയില്‍ ഗുണം ചെയ്യുമെന്നുളള രാമേട്ടന്റെ വാക്കുകള്‍ എനിക്ക് ആശ്വാസമായി. ഒരു ഒന്നാം തീയതി ഞാനവിടെ ജോലിക്കു കയറി. അവിടെ ഇരിക്കുമ്പോഴാണ് കോളജ് പഠനം പൂര്‍ത്തിയാക്കാന്‍ ശ്രമം തുടര്‍ന്നത്. പഞ്ചാബി യൂണിവേഴ്സിറ്റി, ഡല്‍ഹി യൂണിവേഴ്സിറ്റികളില്‍ അന്ന് കറസ്പോണ്ടന്റ്സ് കോഴ്സുണ്ടായിരുന്നു. അതിനാല്‍ തുടര്‍ പഠനത്തിന് എനിക്ക് തടസ്സങ്ങളൊന്നുമില്ല. റാഞ്ചി കോളജില്‍ നിന്ന് അതിനുളള പേപ്പറുകള്‍ തപാല്‍ വഴി വരുത്തി. പഠനംതുടങ്ങി.
ഞാന്‍ പഠിച്ച ഷോര്‍ട്ട് ഹാന്‍ഡ് പി.ടി.ഐ. യില്‍ വളരെ ഗുണം ചെയ്യ്തു. എല്ലാവരും അക്ഷരങ്ങള്‍ പെറുക്കി പൂര്‍ത്തികരിക്കുമ്പോള്‍ വളരെ വേഗത്തില്‍ എനിക്ക് എഴുതാന്‍ കഴിഞ്ഞു. മുതിര്‍ന്ന സാഹസ്സിക പത്രപ്രവര്‍ത്തകനായ പാനിപ്പട്ട്കാരന്‍ അശോക് ചോപ്രയ്ക്കൊപ്പം എനിക്ക് ഇന്ത്യയുടെ പല ഭാഗത്തും സഞ്ചരിക്കാന്‍ കഴിഞ്ഞു, ഫോട്ടോ എടുക്കാനും എന്നെ പഠിപ്പിച്ചു. അദ്ദേഹത്തിന്റെ പത്ര ശൈലി വളരെ സത്യസന്ധമായിരുന്നു. ആരേയും അനാവശ്യമായി അക്രമിക്കുകയില്ല. എന്നാല്‍ ചൂഷകരേയും കുറ്റവാളേയും അദ്ദേഹം വെറുതെ വിട്ടില്ല. ചോപ്രക്കൊപ്പം സഞ്ചരിച്ചപ്പോഴാണ് നല്ല പത്രങ്ങള്‍, നല്ല വാര്‍ത്തകള്‍ ജനങ്ങളുടെ സംരക്ഷകരെന്നു ഞാന്‍ പഠിച്ചത്. മാത്രവുമല്ല അദ്ദേഹം ഒരു ഈശ്വരഭക്തന് കൂടിയായിരുന്നു. മത്സ്യമാംസങ്ങള്‍ കഴിക്കില്ല. ഞങ്ങള്‍ പ്രഭാതഭക്ഷണം കഴിക്കാനിരിക്കുമ്പോള്‍ ഇദ്ദേഹം കഴിക്കുക പൂരിയും തൈരുമാണ്, ചായ പോലും കുടിക്കില്ല. തെരുവീഥികളില്‍ പ്രായമുളള അംഗവൈകല്യമുളളവര്‍ ഭിക്ഷാപാത്രവുമായി വന്നാല്‍ ചോപ്ര പണം കൊടുക്കും. ആരേയും നിരാശരായി വിടില്ല. ഞാനൊരിക്കല്‍ ചോദിച്ചു, ചോപ്രസാബ് എന്താണ് ദേവാലയത്തില്‍ പോകാത്തത്. അതിനുളള മറുപടി ”എന്റെ ഹൃദയം ഒരു ദേവാലയമാണ്. ഈശ്വരനെ ആരാധിക്കാന്‍ എനിക്കൊരു ദേവാലയം വേണ്ട. അതുകൊണ്ട് ഞാന്‍ ദേവാലയത്തില്‍ പോകാത്ത വ്യക്തി എന്നല്ല, എന്റെ മാതാപിതാക്കളുടെയടുക്കല്‍ പോകുമ്പോള്‍ ഞാന്‍ അവര്‍ക്കൊപ്പം പോകാറുണ്ട്. അതുകൊണ്ട് അവര്‍ ചെയ്യുന്നതു പോലെ ഞാന്‍ ചെയ്യാറില്ല.”
അവിടെ എന്തെല്ലാമാണ് പണക്കാര് കൊടുക്കുന്നത്. എല്ലാ തിന്മയും നടത്തിയുണ്ടാക്കുന്ന കളളപ്പണവും ഭക്തിയും സ്വീകരിച്ച് നമ്മുടെ ഈശ്വരന്മാരുടെ ഹൃദയം വെന്തുരുകുകയല്ലേ. മതത്തിന്റെ പേരില്‍ മനുഷ്യനെ കൊല്ലുന്നവന്റെ, കളളകച്ചവടക്കാരന്റെ സമ്പത്തു വാങ്ങാനിരിക്കുന്നവനല്ല ഈശ്വരന്. മനുഷ്യന് നന്മ ചെയ്യാത്ത മതങ്ങള്‍ കളളക്കച്ചവടമാണ് നടത്തുന്നത്. ഈ കളള ഭക്തന്മാര് ഏതെങ്കിലും പാവത്തിന് ഒരു നേരത്തെ ആഹാരത്തിനുളള പണം കൊടുക്കുമോ?. ഒരുത്തനെ ആത്മാര്‍ത്ഥമായി സ്നേഹിക്കാന്‍ ഇവര്‍ക്കു കഴിയുമോ?. സ്നേഹം കൊടുത്താല്‍ നമുക്കത് തിരിച്ചുകിട്ടും. പണം കൊടുത്താല്‍ തിരിച്ചു കിട്ടത്തില്ല. ഞാനൊരു യാചകനോ പാവപ്പെട്ടവനോ ഒരണ കൊടുത്താല്‍ ആ സ്നേഹം അവര്‍ തരുന്നുണ്ട്. സല്‍പ്രവൃത്തി ചെയ്യുന്നവനൊപ്പമാണ് ഈശ്വരന്. മറ്റുളളതൊക്കെ വെറും കപടഭക്ത വേഷധാരികള്‍.
എന്റെ കല്‍ക്കട്ട യാത്രയില്‍ അവിടുത്തെ മലയാളി സമാജത്തില്‍ എന്റെ നാടകം അവതരിപ്പിച്ച കൃഷ്ണന് കുട്ടിയെ ഞാന്‍ ഫോണിലൂടെ ബന്ധപ്പെട്ടു. രാമേട്ടന് വിവാഹിതനാകാന്‍ നാട്ടില്‍ പോയതുകൊണ്ട് തിരിച്ചു വരുമ്പോള്‍ ആ വീട്ടില്‍ നിന്ന് മാറി കൊടുക്കണം. സാകേതിനടുത്ത് ഒരു മുറി വാടകയ്ക്കെടുത്തു. ഞാന്‍ താജ്മഹല്‍ കാണാന്‍ പോയപ്പോളാണ് ആഗ്ര മലയാളി സമാജം സെക്രട്ടറി ശശികുമാറിനെ കണ്ടത്. അദ്ദേഹം ജോലി ചെയ്തിരുന്നത് ക്ഷയരോഗികളുടെ ആശുപത്രിയിലാണ്. ആശുപത്രി കാണാനും എന്നെ കൊണ്ടുപോയി. ക്ഷയരോഗികളുടെ മദ്ധ്യത്തിലൂടെ നടക്കുമ്പോള്‍ ഉളളിലൊരു പേടിയുണ്ടായിരുന്നു. ഇതു പകരുമോ, ഭയക്കേണ്ടെന്ന് ശശി പറഞ്ഞു. എന്റെ നാടകം അവര്‍ അവതരിപ്പിക്കാമെന്നു സമ്മതിച്ചു. ശശികുമാറാണ് ആഗ്ര സരോജനി നായിഡു മെഡിക്കല്‍കോളജ് എന്നെ കണിക്കാന്‍ കൊണ്ടുപോയത്. അദ്ദേഹത്തിന്റെ ഭാര്യ അവിടുത്തെ നഴ്സാണ്.
ഡല്‍ഹിയിലെ മലയാളി സാംസ്കാരിക കൂട്ടായ്മകളിലും കേന്ദ്ര സാഹിത്യ അക്കാദമി മണ്ടിഹൗസില്‍ നടത്തിയ പല മലയാള കലാപരിപാടികളിലും ഞാന്‍ പങ്കെടുത്തു. അവിടെവച്ചാണ് ഒ.വി. വിജയനെ പരിചയപ്പെട്ടത്. എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ടായിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസിന്റെ പുറകില്‍ പത്തു നിലയോളം പൊക്കമുളള ന്യൂഡല്‍ഹി ഹൗസില്‍ സുഹൃത്തുക്കളെ കാണാന്‍ പോകുമായിരുന്നു. ഡല്‍ഹിയിലുളളപ്പോഴൊക്കെ ഡല്‍ഹിയുടെ പല ഭാഗത്തും സഞ്ചരിച്ചു. അതില്‍ പ്രധാനപ്പെട്ടതാണ് മുഗള്‍ ഭരണകര്‍ത്താക്കള്‍ നിര്‍മ്മിച്ച പഴയ ഡല്‍ഹിയിലെ ചെങ്കോട്ട. ഈ കോട്ടയും ആഗ്ര കോട്ടയും തമ്മില്‍ സാമ്യമുണ്ടെങ്കിലും ഡല്‍ഹി കോട്ടയ്ക്ക് ആഗ്ര കോട്ടയ്ക്കുളള പൊക്കമോ, താഴെ വട്ടത്തിലുളള ജലാശയങ്ങളോ ഇല്ല. കുത്തബ് മിനാര്‍, ഇന്ത്യാഗേറ്റ്, രാഷ്ട്രപതി ഭവന് എല്ലാം നല്ല കാഴ്ച്ചകളാണ്.
ഒരു വര്‍ഷത്തിനുളളില്‍ തന്നെ എനിക്ക് പഞ്ചാബിലേക്ക് സ്ഥലം മാറ്റം കിട്ടി. പഞ്ചാബിന്റേയും ഹരിയാനയുടേയും തലസ്ഥാനമായിരുന്ന ചണ്ഡീഗഡ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. അതൊരു യൂണിയന് ടെറിട്ടറി ആയതു കൊണ്ടാകാം റോസ്സ് ഗര്‍ഡനും മറ്റും സുന്ദരമായി തോന്നിയത്. ഒരു നഗരം എങ്ങനെ മലിനമാകാതെ സൂക്ഷിക്കണമെന്നുളളതിന് ഉദാഹരണമാണ് ചണ്ഡീഗഡ്. ജമ്മു കശ്മീരിന്റെ പല ഭാഗങ്ങളിലുമുള്ള വര്‍ണ്ണഹരിതയാര്‍ന്ന കാഴ്ച്ചകള്‍ മനുഷ്യര്‍ പ്രകൃതിയോടു കാട്ടുന്ന ആരാധനയായിട്ടാണ് കണ്ടത്. കശ്മീരിന്റെ പ്രകൃതി ഭംഗിയും, തടാകങ്ങളും, തോടുകളും, വിരിഞ്ഞു നില്ക്കുന്ന ആമ്പലുകളും, പൂക്കളും, ആകാശത്തെ മുട്ടിയുരുമ്മി നില്ക്കുന്ന പര്‍വ്വത നിരകളുമെല്ലാം കശ്മീരിന്റെ ഐശ്വര്യപ്പൊലിമകള്‍ തന്നെയാണ്. മഞ്ഞു കാലം വരുമ്പോള്‍ ഇന്നു കാണുന്ന, കാറ്റിലുലയുന്ന, പൂത്തുലഞ്ഞ പൂക്കളോന്നും കാണാന്‍ കഴിയില്ല. അവിടെ കാണാന്‍ കഴിയുക, മഞ്ഞില്‍ പൊതിഞ്ഞ പൂപ്പന്തലും, കൊട്ടാരങ്ങളും കുടിലുകളുമാണ്.
ജമ്മുവിലെ മലമുകളില്‍ നില്ക്കുന്ന ലക്ഷ്മീദേവീ മന്ദിറിനു മുന്നില്‍ നിന്നപ്പോള്‍ അനുഭവപ്പെട്ടത് ചൂടീനേക്കാള്‍ കുളിര്‍മ്മ നല്കിയ കാറ്റായിരുന്നു. ആത്മാവില്‍ ആകാശത്തേക്കു ഉയര്‍ന്നു നില്ക്കുന്ന ഹൃദയകാരിയായ പര്‍വ്വതത്തില്‍ നില്ക്കുന്ന അനുഭവം. ജമ്മു കശ്മീരിലെ മതങ്ങള്‍ രണ്ടാണെങ്കിലും അവര്‍ പരസ്പര സ്നേഹത്തില്‍ ജീവിക്കുന്നവരാണ്. സ്നേഹമുളള മനുഷ്യര്‍ക്കിടയില്‍ ഇന്ത്യന്‍ ഭരണകൂടവും പാക്കിസ്ഥാന് നുഴഞ്ഞു കയറ്റക്കാരും എന്തെല്ലാം സാഹസങ്ങള്‍ കാട്ടാനിരിക്കുന്നു എന്ന് കാത്തിരുന്നു കാണാന്‍ കഴിയും. രണ്ടു കൂട്ടരും അധികാരമുറപ്പിക്കാന്‍ സ്നേഹത്തിന്റെ പൂങ്കാവനത്തിന് പകരം ശത്രുതയുടെ കോട്ടകളായിരിക്കും തീര്‍ക്കുക. ഇവിടെ ജാതി-മതങ്ങളുടെ ചീട്ട് ഇറക്കി മാത്രമേ ഇവര്‍ കളിക്കൂ. മന്ദബുദ്ധികളായ ഭരണാധിപന്മാര് ഈ മണ്ണില്‍ നിന്ന് മുളപ്പിച്ചെടുക്കാന്‍ പോകുന്നത് സന്നദ്ധ സേവകരെ ആയിരിക്കില്ല. സന്നദ്ധന്മാരായി നില്ക്കുന്ന ഭീകരരെയായിരിക്കുമെന്നാണ് അവിടെ നിന്നു മടങ്ങുമ്പോള്‍ എനിക്ക് തോന്നിയത്.
ഒരു ശനിയാഴ്ച്ച ഞാന്‍ അളിയന് ലിനോസ് ജോലി ചെയ്യുന്ന ഗുരുദാസ്പുരിലുളള പട്ടാള ക്യാമ്പിലേക്ക് തിരിച്ചു. അതിന്റെ അടുത്ത സ്ഥലമാണ് പത്താന്‍കോട്ട്. ഞങ്ങള്‍ റാഞ്ചിയിലെ രംഗാര്‍ഡിലേക്ക് ഇതിനു മുമ്പും കണ്ടിരുന്നു. ഗുരുദാസ്പുര്‍ റയില്‍വേ സ്റ്റേഷനടുത്താണ് ഈ പട്ടാളത്താവളം. അതിനടുത്താണ് പട്ടാളക്കാരുടെ കുടുംബം പാര്‍ക്കുന്നത്. അളിയന് തന്നെ എന്നെ പെങ്ങള് പൊന്നമ്മയുടെ അടുക്കലെത്തിച്ചു. അതിനു ശേഷം പലപ്പോഴായി ഞാനവിടെ പോകുകയും വരികയും ചെയ്തിട്ടുണ്ട്. അവിടെ കത്തോലിക്ക സഭ നടത്തുന്ന ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളുണ്ട്, ലിറ്റില്‍ ഫ്ളവര്‍ കോണ്‍വെന്റ്. മലയാളിയാണ് പ്രന്‍സിപ്പല്‍ പേര് ഫാദര്‍ ഗിട്ടോ. ഈ സ്കൂള്‍ ജലന്ദര്‍ ഡയോസിസിന്റെ കീഴിലാണ്. അളിയന് കത്തോലിക്കനായിരുന്നതിനാല്‍ ഇവിടുത്തെ ആരാധനകള്‍ക്ക് പോകുകയും അവിടുത്തെ അച്ചനുമായി നല്ല ബന്ധത്തിലുമാണ്. ഇദ്ദേഹം ഉപരി പഠനം നടത്തിയത് റോമിലാണ്. എന്നെയൊരു നാടകകൃത്തായിട്ടാണ് അളിയന് അച്ചനു പരിചയപ്പെടുത്തിയത്. അവിടുത്തെ ഫാ. തിമോത്തി, സിസ്റ്റര്‍ സൂസ്സി ഇവര്‍ക്കൊപ്പം അവധി ദിവസങ്ങളില്‍ ഞാനും ഗ്രാമവാസികളുടെ ഇടയില്‍ ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി പോയിട്ടുണ്ട്. അന്ന് സൈക്കിളിലാണ് യാത്ര. ഫാദര്‍ തിമോത്തി സിസ്റ്റര്‍ മറിയത്തിനെ സൈക്കിളിന്റെ പുറകിലിരുത്തി ചവിട്ടുമ്പോള്‍ എന്റെ സൈക്കിളിന്റെ പിറകിലിരുന്നത് സിസ്റ്റര്‍ സൂസ്സിയാണ്. പഞ്ചാബിന്റെ പല ഭാഗങ്ങളിലും കത്തോലിക്ക സഭ വിവിധ രംഗങ്ങളില്‍ സേവനങ്ങള്‍ ചെയ്യുന്നുണ്ട്. ഇവിടുത്തെ ക്രിസ്തീയ മിഷിനറിമാര്‍ മനുഷ്യന്റെ വളര്‍ച്ചക്കുവേണ്ടി കഷ്ടപ്പെടുന്നു. ഞങ്ങളുടെ സൈക്കിളിന്റെ പിറകില്‍ ഇരുന്നവര്‍ ഒരാള്‍ ഡോക്ടറും മറ്റൊരാള്‍ നഴ്സുമാണ്.
ഗ്രാമങ്ങള്‍ തോറും പാവങ്ങളായ രോഗികളെ കണ്ടെത്തി ചികിത്സ നല്കുന്നു. അവര്‍ക്ക് ഒരു ഡോക്ടറെ കാണണമെങ്കില്‍ മൈലുകള്‍ താണ്ടി പാട വരമ്പിലൂടെ കഴുത വലിക്കുന്ന വണ്ടിയില്‍ വേണം വരാന്‍. കഴുതയില്ലാത്തവരുടെ കാര്യം ദയനീയമാണ്. അവിടുത്തെ പ്രധാന ആശുപത്രി സ്ഥിതി ചെയ്യുന്നത് ഗുരുദാസ്പുര്‍ ബസ്സ് സ്റ്റേഷനടുത്താണ്. ഇതു പോലുളള പലരേയും ജീവിതത്തിലേക്ക് കൊണ്ടുവരുന്നത് സ്വന്തം ജീവിതം ഉഴിഞ്ഞുവച്ചിട്ടാണെന്ന് ഞാന്‍ മനസ്സിലാക്കി. ഇവരുടെ പല പ്രവര്‍ത്തികളും എന്റെ മനസ്സിനേയും മാറ്റിമറിച്ചു.
ആഴ്ച്ചയില്‍ ഏഴു ദിവസം ജോലി ചെയ്യുന്നവര്‍ ശനിയോ ഞായറോ പ്രതിഫലം വാങ്ങാതെ കഷ്ടവും രോഗവും സഹിക്കുന്നവര്‍ക്കു വേണ്ടി മാറ്റിവച്ചാല്‍ അതൊരു പുണ്യ പ്രവൃര്‍ത്തിയാണ്. അത് ആത്മാവിലേക്കുളള യാത്രയാണ്. ബ്രിട്ടനില്‍ നിന്നുളള സന്നദ്ധസേവകരും അത് തെളിയിക്കുന്നു. വെറും മത വിശ്വാസികള്‍ക്ക് ഇതിന് കഴിയുമോയെന്നറിയില്ല. ഒന്നറിയാം; ആത്മാവിലും അറിവിലും സഞ്ചരിക്കുന്നവര്‍ക്ക് ഇതൊരു ശുഭയാത്രയാണ്. സ്വന്തം അജ്ഞതയും അന്ധവിശ്വാസവും പോറ്റി വളര്‍ത്തുന്നവര്‍ക്ക് മറ്റൊരാളുടെ ശുശ്രൂഷകനായിരിക്കാന്‍ സാദ്ധ്യമല്ല. ഇവിടുത്തെ ഭരണ കര്‍ത്താക്കളും കര്‍മ്മയോഗികളാകണം.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവരോട് ഒരു പുച്ഛഭാവം നാട്ടിലെ പ്രമാണിമാരില്‍ ഞാന്‍ കണ്ടു. ആ വീട്ടില്‍ അസുഖമായി ഒരാള്‍കിടന്നാല്‍ കുതിര വണ്ടിയില്‍ വളരെ വേഗത്തില്‍ ആശുപത്രയിലെത്തിക്കും. ഒരു കഴുതയെ പോലും പോറ്റി വളര്‍ത്താന്‍ നിവൃത്തിയില്ലാത്തവന് കേരളത്തിലെ ആദിവാസികളെപ്പോലെ ഇവിടേയും ദുരിതമനുഭവിക്കുന്നുണ്ട്. എനിക്ക് ഇവിടുത്തെ പാവങ്ങളായ ഗ്രാമവാസികളുടെ കണ്ണീരണിഞ്ഞ ജീവിതം കണ്ടപ്പോള്‍ മനസ്സിലായത് കേരളത്തിലുണ്ടായിരുന്ന ജന്മി- കുടിയാന് ജീവിതമാണ്. മനുഷ്യരെ അടിമകളാക്കി അവരുടെ കളപ്പുര നിറക്കാന്‍ വിലയ്ക്കെടുത്ത പ്രമാണിമാര്‍. അവരുടെയിടയിലേക്ക് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും തെളിച്ചമായി ആരെങ്കിലും വന്നാല്‍ മേലാളന്മാര്ക്ക് ഇഷ്ടപ്പെടില്ല. പാവങ്ങള്‍ പൊട്ടിപ്പൊളിഞ്ഞ വീട്ടില്‍ പട്ടിണിയുമായി കഴിയുന്നതൊന്നും അവരുടെ വിഷമങ്ങളല്ല.
ഈ ശ്മശാന മണ്ണിലേക്ക് വിളക്കും എണ്ണയും തിരിയുമായി വരുന്നവരാണ് ഇവിടുത്തെ കന്യാസ്ത്രീകള്‍ . അവര്‍ മൂലം എത്രയോ രോഗികള്‍ രക്ഷപ്പെടുന്നു. കന്യാസ്ത്രികളുടെ മുറിവുണക്കല്‍ പദ്ധതി സമ്പന്നരുടെ മനസ്സിനെ ഇളക്കി മറിച്ചുകൊണ്ടിരുന്നു. നിത്യവും ദുരിതവുമായി ജീവിക്കുന്ന ഒരു ജനതയ്ക്ക് വേണ്ടുന്ന സംരക്ഷണം കൊടുക്കേണ്ടവന് അതു കൊടുക്കാതെ വരുമ്പോള്‍ അവരുടെ മധ്യത്തിലേക്ക് കാരുണ്യത്തിന്റെകരവുമായി ആരെങ്കിലും വന്നാല്‍ സൗഭാഗ്യങ്ങളില്‍ ജീവിക്കുന്നവര്‍ എന്തിനാണ് അസ്വസ്ഥരാകുന്നത്. അവരുടെ പട്ടിണി, ദാരിദ്ര്യം, രോഗം, വിദ്യാഭ്യാസം ഇവയ്ക്ക് മുക്തി നല്കാന് ഇവര്‍ക്കാകുന്നുണ്ടോ?.
രാജവാഴ്ച്ചയും നാടുവാഴിത്തവും മാറിയിട്ടും ഇവര്‍ സ്വതന്ത്രരല്ല. ഇവര്‍ എനിക്കൊരു സാക്ഷിപത്രവും ഞാന്‍ ഇവര്‍ക്ക് ഒരു ദൃക്സാക്ഷിയുമായി. ഓരോ ഗ്രാമങ്ങളിലും സിസ്റ്റേഴ്സുമായി ചെല്ലുമ്പോള്‍ അവിടുത്തെ പൊളിഞ്ഞു വീഴാറായ കൂരകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ല. ജനങ്ങള്‍ക്ക് പൊളള വാഗ്ദാനങ്ങള്‍ നല്കി സര്‍വ്വാധികാരികളായി വാഴുന്നവര്‍ ഇതൊന്നും കാണുന്നില്ല. നാട്ടിലെ പ്രമാണിമാര്‍ നെല്ലും, ഗോതമ്പും സംഭരിക്കുന്നതു പോലെ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് അവര്‍ സംഭരിച്ച് അവരുടെ ജീവിതം പടുത്തുയര്‍ത്തുന്നു. ഒരു വ്യവസ്ഥിതിയുടെ സൗഭാഗ്യവും ദൗര്‍ഭാഗ്യവുമാണ് എനിക്ക് കാണാന്‍ കഴിഞ്ഞത്. കന്യാസ്ത്രീകള്‍ ഓരോ വീടുകളിലും കയറിയിറങ്ങി രോഗികളെ പരിശോധിച്ച് മരുന്നുകള്‍ കൊടുക്കുക മാത്രമല്ല, കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്ന് ബോധവല്‍ക്കരണവും നടത്തിക്കൊണ്ടിരിക്കുന്നു. എന്റെ ചെറുപ്പത്തില്‍ ഞാന്‍ മൈലുകള്‍ നടന്നതു പോലെ നടന്നാല്‍ സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കാം. ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പഠിക്കുന്നത് പണക്കാരുടെ മക്കളാണ്.
ഗുരുദാസ്പുരിലെ ലിറ്റില്‍ ഫ്ളവര്‍ സ്കൂളിലായതിനാല്‍ കന്യാസ്ത്രീകള്‍ക്ക് നേരെ അധികം അതിക്രമങ്ങള്‍ നടത്താന്‍ സമ്പന്നര്‍ക്ക് കഴിഞ്ഞില്ല. അങ്ങനെയുണ്ടായാല്‍ സ്കൂള്‍ പ്രിന്‍സിപ്പലിന്റെ ചെവിയില്‍ എത്തുമെന്ന് അവര്‍ക്കറിയാമായിരുന്നു. ഈ സ്കൂളിലെ കുട്ടികളും അടുത്തുളള പട്ടാള ക്യാമ്പിലെ പോലെ തികഞ്ഞ അച്ചടക്കവും അനുസരണയുമുളളവരായിട്ടാണ് കണ്ടത്.
ഗുരുദാസ്പൂരില്‍ മാത്രമല്ല ജലന്തര്‍, ലുധിയാന, അമൃത്സര്‍, ഫിറോസ്പുര്‍, ഹോസിയാര്‍പുര്‍ അങ്ങനെ ധാരാളം ജില്ലകളിലെ ഗ്രാമങ്ങളില്‍ കന്യാസ്ത്രീകള്‍ കുടുംബ ആരോഗ്യം എന്ന പേരില്‍ ധാരാളം മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി രോഗികള്‍ക്ക് സൗജന്യ ചികിത്സ കൊടുത്തു. ആ ക്യമ്പിലേക്ക് കടന്നു വരുന്നത് പ്രധാനമായും ലുധിയാന സി.എം.സി.യില്‍ നിന്നുമുളള ഡോക്ടര്‍മാരാണ് സി.എം.സി വെല്ലൂരിലുളള സി.എം.സി. പോലെ വടക്കേ ഇന്ത്യയിലെ പ്രമുഖ ആശുപത്രിയും മെഡിക്കല്‍ കോളജുമാണ്. അവിടെ ധാരാളം മലയാളികള്‍ പഠിക്കുന്നും ജോലി ചെയ്യുന്നുമുണ്ട്. അതിനൊപ്പം ബ്രട്ടീഷുകാരായിട്ടുളള ഡോക്ടര്‍മാരും ജീവകാരുണ്യ പ്രവര്‍ത്തനത്തുന്റെ പേരില്‍ ജോലി ചെയ്യുന്നുണ്ട്.
ഈ മെഡിക്കല്‍ ക്യമ്പുകളില്‍ വച്ചാണ് ആതുരസേവന രംഗത്ത് വളരെ മുന്നില്‍ നില്ക്കുന്ന ഹിമാചല്‍ പ്രദേശുകാരനും, സി.എം.സി മെഡിക്കല്‍ സൂപ്രണ്ടുമായ ഡോ. ഏണസ്റ്റ് ആര് ചന്ദറിനെ പരിചയപ്പെടുന്നത്. അദ്ദേഹം മാനസിക രോഗവകുപ്പിന്റെ തലവന്‍ കൂടിയാണ്. ഏതെങ്കിലും രോഗികള്‍ക്ക് ശസ്ത്രക്രിയ ആവശ്യമുണ്ടെങ്കില്‍ അതിന്റെ തലവനായ ഡോ. ഫോറസ്റ്റ് സി. എഗല്‍സ്റ്റനാണ് അവസാന തീരുമാനമെടുക്കന്നത്. അതുപോലെ തന്നെ മെഡിക്കല്‍ വകുപ്പിന്റെ തലവന്‍ മലയാളിയായ ഡോ. അലക്സ് സഖറിയയാണ്. സത്യത്തില്‍ ഇതുപോലുളള ആതുര സേവനങ്ങളില്‍ എന്റെ മനസ്സ് വളര്‍ന്നുകൊണ്ടിരുന്നു. ഡോക്ര്‍മാര്‍ക്ക് മറ്റൊരു ആശുപത്രിയില്‍ പോയാല്‍ ഇവിടെ കിട്ടുന്നതിന്റെ പത്തിരട്ടി ശമ്പളം കിട്ടും. ഇവരിലാണ് ഈശ്വരസാന്നിദ്ധ്യമെന്ന് ഞാന്‍ കണ്ടു. അവരെ തൊഴാനാണ് എന്റെ മനസ്സ് മന്ത്രിച്ചത്.
മറ്റുളളവര്‍ക്കു വേണ്ടി; പ്രത്യേകിച്ചു രോഗികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഇവര്‍ എന്തുകൊണ്ട് സാമ്പത്തിക വളര്‍ച്ചയ്ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നില്ല എന്നതും വലിയൊരു ചോദ്യമാണ്. ഗുരുദാസ്പുരില് നടന്ന ഒരു പ്രമുഖ ക്യാമ്പില്‍ വച്ചാണ് ചണ്ടിഗഢിലുളള ട്രിബ്യുണ് ഇംഗ്ലീഷ് പത്രത്തിലെ പ്രമുഖനായ വര്‍ഗ്ഗീസിനേയും ജലന്ദറിലുളള പഞ്ചാബി പത്രം, പഞ്ചാബ് കേസരിയുടെ ലാലാജിയേയും പരിചയപ്പെട്ടത്. ഞാന്‍ ചെയ്തുകൊണ്ടിരുന്ന ജോലിയില്‍ എനിക്ക് കൂടുതല്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞിരുന്നില്ല. സി.എം.സി പോലുളള ഒരാശുപത്രിയില്‍ ജോലി ചെയ്യണമെന്ന് ഞാനാഗ്രഹിച്ചു. മനസ്സ് മാറിമാറി വരുന്ന കാലത്തിനനുസരിച്ചുളള ഒരു യന്ത്രമെന്നു തോന്നി. എന്റെ കടമകള്‍ എന്തെന്ന് എന്നെ ബോദ്ധ്യപ്പെടുത്തിയ ഒരു മനം മാറ്റമാണുണ്ടായത്.
ഒരാള്‍ വലുതായി കാണുന്ന വിഷയങ്ങളെ എത്രയോ പേര് നിസ്സാരമായി കാണുന്നു. അങ്ങനെയുളളവര്‍ക്ക് മാത്രമേ ജീവിതത്തെ കരുത്തുളളതാക്കി മാറ്റാന്‍ കഴിയൂ. അതില്‍ വരാനിരിക്കുന്ന അനര്‍ത്ഥങ്ങളും ക്ലേശങ്ങളും ജീവിതത്തെ ലക്ഷ്യത്തില്‍ എത്തിക്കാന്‍ സാദ്ധ്യമല്ല. ജലന്ദറില്‍ നടന്ന ഒരു മെഡിക്കല്‍ ക്യാമ്പില്‍ എന്റെ താല്പര്യം ഡോ. ചന്ദറിനോട് അറിയിച്ചു. അധികം ചിരിക്കാത്ത പ്രകൃതമുളള അദ്ദേഹം എന്നെ നോക്കി പുഞ്ചിരിച്ചു. ആ കറുത്ത നിറത്തിന് ഈ പുഞ്ചിരി ഒരഴകായി എനിക്കു തോന്നി. ഒരു തുണ്ടു കടലാസില്‍ അവിടുത്തെ പഴ്സണല്‍ മാനേജരുടെ പേരും അഡ്രസ്സും തന്നിട്ടു പറഞ്ഞു, ഈ അഡ്രസ്സില്‍ ഒരു ആപ്ലിക്കേഷന്‍ അയയ്ക്കുക. വേക്കന്‍സി ഉണ്ടെങ്കില്‍ അവര്‍ വിളിക്കും. വളരെ സംതൃപ്തിയോടെയാണ് ഞാനന്ന് മടങ്ങിയത്.
ഡോക്ടര്‍ തന്ന അഡ്രസ്സില്‍ ജോലിക്കുളള അപേക്ഷ അയച്ചു. അധികം കാത്തിരിക്കേണ്ടി വന്നില്ല. ഇന്റര്‍വ്യൂവിനുളള കത്ത് കിട്ടി. മതില്ക്കെട്ടിനുളളില് തലയെടുപ്പോടെ നില്ക്കുന്ന പുരാതന കെട്ടിടങ്ങള്‍. അതിനു മുന്നില്‍ പൂര്‍ണ്ണശോഭയോടെ വിരിഞ്ഞു നില്ക്കുന്ന വിവിധയിനം പൂക്കള്‍, മരങ്ങള്‍. എങ്ങും നിശബ്ദത തുടിച്ചു നില്ക്കുന്നു. പലതും ബ്രട്ടീഷ് നിര്‍മ്മിതികളെന്നു തോന്നി. അതു കാടിന്റെ നടുവിലായാലും അവര്‍ മനോഹരമാക്കും. ഗേറ്റിലും അകത്തും സെക്യൂരിറ്റിയുണ്ട്. സെക്യൂരിറ്റിയെ കത്തു കാണിച്ച് അകത്തേക്കു നടന്നു. ഓരോ വിഭാഗത്തിന്റേയും ബോര്‍ഡുകള്‍ മുകളില്‍ ഉയര്‍ത്തി നിര്‍ത്തിയിരിക്കുന്നു. വളഞ്ഞു പുളഞ്ഞു നടന്ന് ഹ്യൂമന്‍ റിസോഴ്സ് ഓഫിസ്സിലെത്തി ഇന്റര്‍വ്യൂ കാര്‍ഡ് കൈമാറി. ഇന്റര്‍വ്യൂ മുറിയിലേക്ക് മാനേജരുടെ സെക്രട്ടറി എന്നെ കൊണ്ടു പോയി ഇരുത്തിയിട്ട് വിനയപൂര്‍വ്വം മടങ്ങി. അവിടുത്തെ പ്യൂണ്‍ എനിക്ക് ചായ തന്നു. മുടന്തുള്ള ഒരാള്‍ അകത്തേക്കു വന്നിട്ട് അടുത്തിരുന്ന ഷോര്‍ട്ട് ഹാന്‍ഡ് ബുക്കും പെന്‍സിലും തന്നിട്ട് ഏതോ ഇംഗ്ലീഷ് മാഗസിനിലെ കുറെ ഭാഗങ്ങള്‍ വായിച്ചു. ഞാന്‍ എഴുതി. അതു ടൈപ്പ് ചെയ്തു കൊടുക്കാന്‍ പറഞ്ഞിട്ട് മടങ്ങി പോയി. പത്തു മിനിട്ടു കഴിഞ്ഞ് മടങ്ങി വന്നിട്ട് ടൈപ്പു ചെയ്ത പേപ്പര്‍ വാങ്ങി. ഇരുപതു മിനിട്ട് കഴിഞ്ഞു വന്നിട്ട് എന്നെ താല്പര്യപൂര്വ്വം നോക്കിയിട്ട് അറിയിച്ചു. ”ഈ ടെസ്റ്റില്‍ താങ്കള്‍ വിജയിച്ചിരിക്കുന്നു.”
Leave a Reply