യുഎഇ വനിതാ ദിനത്തിൽ ഫിലിപ്പീനി വീട്ടുജോലിക്കാരി ദുബായിൽ കോടീശ്വരിയായി. അൽ അൻസാരി എക്സ്ചേഞ്ചിന്റെ അഞ്ചാമത് സമ്മർ പ്രൊമോഷൻ നറുക്കെടുപ്പിലാണ് ജിനാ റിയാലുയോ സുറിയാനോ രണ്ടുകോടിയോളം രൂപ( 10 ലക്ഷം ദിർഹം) സ്വന്തമാക്കിയത്. മലയാളിയായ കണ്ണൂർ സ്വദേശി റഷീദ് കുഞ്ഞുമുഹമ്മദ്, കർണാടക സ്വദേശി അസീസ് അഹമ്മദ് ഖാൻ എന്നിവരടക്കം ഒൻപതു പേർക്ക് 1,90,000 രൂപ (10,000 ദിർഹം) വീതവും ഒരാൾക്ക് മെഴ്സിഡസ് ബെൻസ് കാറും സമ്മാനമായി ലഭിച്ചു. ഇന്നാണ് യുഎഇയിലെ ഇമാറാത്തി വനിതാ ദിനം.

അൽഅൻസാരി എക്സ്ചേഞ്ച്, മൊബൈൽ ആപ്പ്, ഫോറിൻ കറൻസി എക്സ്ചേഞ്ച്, ആയിരം ദിർഹത്തിന് മുകളിൽ നാഷനൽ ബോണ്ട്, വിമാന ടിക്കറ്റ്, അൽ അൻസാരി എക്സ്ചേഞ്ച് ട്രാവൽ കാർഡ് എന്നിവ വാങ്ങിക്കൽ, ടൂറിസ്റ്റ് വീസ എടുക്കൽ തുടങ്ങിയവ വഴി കൂപ്പൺ സ്വന്തമാക്കിയവരാണ് നറുക്കെടുപ്പിൽ ഉൾപ്പെട്ടത്. ഇത്തരത്തിൽ 50 ലക്ഷം പേർ നറുക്കെടുപ്പിൽ പങ്കെടുത്തതായി അൽ അൻസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ റാഷിദ് അലി അൽ അൻസാരി പറഞ്ഞു.

കഴിഞ്ഞ 10 വർഷമായി യുഎഇയിൽ വീട്ടുജോലിക്കാരിയായ ജിന മാൾ ഒാഫ് ദി എമിറേറ്റ്സിലെ അൽ അൻസാരി എക്സ്ചേഞ്ച് ശാഖ വഴി നാട്ടിലേയ്ക്ക് 1,695 ദിർഹം അയച്ചപ്പോഴായിരുന്നു സമ്മാനകൂപ്പൺ ലഭിച്ചത്. ഇൗ ഭാഗ്യം തന്റെ ജീവിതം മാറ്റിമറിക്കുമെന്ന് ജിന പിന്നീട് പറഞ്ഞു. ജീവിതം മെച്ചപ്പെടുത്താനും സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനും പണം ഉപയോഗിക്കും. കുടുംബത്തിന് മികച്ച ജീവിതം സമ്മാനിക്കുകയാണ് മറ്റൊരു ലക്ഷ്യം.