ഇ.ഡി.യുടെ അന്വേഷണം ബിനീഷില്‍ നിന്ന് അമ്മയിലേയ്ക്കും സഹോദരനിലേയ്ക്കും നീളുന്നു. ഉടൻ ചോദ്യം ചെയ്‌തേക്കും

ഇ.ഡി.യുടെ അന്വേഷണം ബിനീഷില്‍ നിന്ന് അമ്മയിലേയ്ക്കും സഹോദരനിലേയ്ക്കും നീളുന്നു. ഉടൻ ചോദ്യം ചെയ്‌തേക്കും
November 17 07:33 2020 Print This Article

പത്തനംതിട്ട: ഇളയ മകന്‍ ബിനീഷ് കള്ളപ്പണമിടപാടില്‍ ബംഗളുരു ജയിലില്‍ റിമാന്‍ഡിലായതിനു പിന്നാലെ സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നു മാറിയ കോടിയേരി ബാലകൃഷ്ണന്റെ കുടുംബമാകെ അന്വേഷണവലയത്തിലേക്ക്. ബിനീഷിന്റെ അനധികൃത പണമിടപാടുകള്‍ സംബന്ധിച്ച എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം അമ്മ വിനോദിനിയിലേക്കും ജ്യേഷ്ഠന്‍ ബിനോയിയിലേക്കും നീളുകയാണ്.

ബിനീഷും ബിനോയിയും കണക്കില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും അതില്‍ വിനോദിനിക്കു പങ്കുണ്ടെന്നും വ്യക്തമായതിനെത്തുടര്‍ന്നാണിത്. വിനോദിനിയെ ബംഗളുരുവിലേക്ക് വിളിച്ചുവരുത്തുകയോ ഇ.ഡി. ഇവിടെയെത്തി മൊഴിയെടുക്കുകയോ ചെയ്യും. ബിനീഷിന്റെ ബിനാമികളെന്നു സംശയിക്കുന്ന നാലുപേര്‍ക്കെതിരേയും ഇ.ഡി. തുടരുകയാണ്.

നാളെ ബംഗളുരുവിലെത്താന്‍ നിര്‍ദേശിച്ച് അബ്ദുള്‍ ലത്തീഫ്, റഷീദ്, ഡ്രൈവര്‍ ഹരിക്കുട്ടന്‍, ആഡംബര കാറുകള്‍ വാടകയ്ക്ക് നല്‍കുന്ന തിരുവനന്തപുരത്തെ ആപ്പിള്‍ ഹോളിഡേഴ്‌സ് ഉടമ സുനില്‍ കുമാര്‍ എന്നിവര്‍ക്ക് ഇ.ഡി. നോട്ടീസയച്ചു.

ഇവര്‍ ഒളിവിലാണെന്നാണു സൂചന. മക്കള്‍ക്കൊപ്പം വിനോദിനിയും അനധികൃത സ്വത്ത് കൈകാര്യം ചെയ്‌തെന്നാണ് ഇ.ഡിയുടെ കണ്ടെത്തല്‍. വി.എസ്. സര്‍ക്കാരില്‍ കോടിയേരി ബാലകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരിക്കെ വിവിധ ആവശ്യങ്ങള്‍ സാധിച്ചുകൊടുക്കാമെന്നു വാഗ്ദാനം നല്‍കി വിനോദിനി പലരില്‍ നിന്നും ലക്ഷങ്ങള്‍ വാങ്ങിയെന്നും അക്കാലത്ത് അവര്‍ പല തവണ ദുബായ് സന്ദര്‍ശിച്ചെന്നും ഇ.ഡിക്കു വിവരം ലഭിച്ചു.

തിരുവനന്തപുരം എച്ച്.ഡി.എഫ്.സി ബാങ്കില്‍നിന്ന് 72 ലക്ഷം രൂപാ വായ്പയെടുത്ത് 2014-ല്‍ ബിനോയ് ബെന്‍സ് കാര്‍ വാങ്ങിയെന്നും ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. തിരിച്ചടവ് പാളിയതോടെ ബാങ്ക് പലകുറി നോട്ടീസയച്ചതിനു പിന്നാലെ 2017-ല്‍ 38 ലക്ഷം രൂപ ബാങ്കില്‍ തിരിച്ചടച്ചെന്നും ഇ.ഡി. കണ്ടെത്തി. വിനോദിനിയാണു പണമടച്ചതെന്നാണു സൂചന. ഈ വാഹനം പിന്നീട് ബി.ബാബുരാജ് എന്നയാളുടെ പേരിലേക്കു മാറ്റി.

ഇയാളെപ്പറ്റിയും ഇ.ഡി. അന്വേഷിക്കുന്നുണ്ട്. വിനോദിനിയുടെ ആറു വര്‍ഷത്തെ ബാങ്ക് ഇടപാടുകള്‍ ഇ.ഡിയുടെ പരിശോധനയിലാണ്. ഇവരുടെ അക്കൗണ്ടിലേക്കു 12 അക്കൗണ്ടുകളില്‍നിന്നു വന്‍ തുക എത്തിയിട്ടുണ്ടെന്നാണ് അറിവ്. ബിനീഷിന്റെ അനധികൃതസമ്പാദ്യവും വിനോദിനി കൈകാര്യം ചെയ്‌തെന്ന സൂചന മുന്‍നിര്‍ത്തിയാണ് അന്വേഷണം വിപുലമാക്കുന്നത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles