അമേരിക്കയിൽ നാശം വിതച്ച് മുന്നേറുകയാണ് ഫ്ലോറൻസ് ചുഴലിക്കാറ്റ്. ഈ സാഹചര്യത്തിൽ ‘ദ വെതര്‍’ ചാനലിന്‍റെ വ്യത്യസ്ഥമായ കാലാവസ്ഥാ റിപ്പോര്‍ട്ട് വന്‍ ഹിറ്റാകുകയാണ്. നാഷണല്‍ ഹരിക്കെയിന്‍ സെന്റര്‍ നല്‍കിയ മുന്നറിയിപ്പ് പ്രകാരം കനത്ത മഴ ലഭിക്കുന്ന പ്രദേശങ്ങളില്‍ രണ്ട് അടി മുതല്‍ 13 അടി വരെ വെള്ളം ഉയരും. അങ്ങനെ സംഭവിച്ചാല്‍ എന്തായിരിക്കും വീടുകളുടേയും കാറുകളുടേയും മറ്റും അവസ്ഥയെന്ന് കാണിച്ചു തരികയാണ് ഈ കാലാവസ്ഥാ റിപ്പോര്‍ട്ട്.

മിക്‌സഡ് റിയാലിറ്റിയുടെ സാധ്യതകളെ ഉപയോഗിച്ച് വെള്ളം മൂന്ന് അടി, ആറ് അടി, ഒമ്പത് അടി എന്നിങ്ങനെ വ്യത്യസ്ഥ നിലയിലെത്തുമ്പോള്‍ എന്തെല്ലാം അപകടങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് റിപ്പോര്‍ട്ടര്‍ വിശദീകരിക്കുന്നത്. ദൃശ്യങ്ങളുടെ കൂടി അകമ്പടിയില്‍ ഈ റിപ്പോര്‍ട്ടിനൊടുവില്‍ അധികൃതരുടെ മുന്നറിയിപ്പുകളെ അവഗണിക്കരുതെന്ന് പറയുമ്പോള്‍ സാധാരണ കാലാവസ്ഥാ മുന്നറിയിപ്പിനേക്കാള്‍ അത് ശക്തമാകുന്നു. ട്വിറ്ററില്‍ മാത്രം 4 മില്ല്യണ്‍ ആള്‍ക്കാരാണ് ഈ വിഡിയോ കണ്ടിരിക്കുന്നത്.