കുടിയേറ്റക്കാര്‍ക്കായി ഏര്‍പ്പെടുത്തിയ എന്‍എച്ച്എസ് സര്‍ച്ചാര്‍ജ് ഇരട്ടിയാക്കി. എന്‍എച്ച്എസ് സേവനങ്ങള്‍ ലഭിക്കുന്നതിനായി യൂറോപ്യന്‍ യൂണിയന് രാജ്യങ്ങള്‍ക്കു പുറത്തു നിന്നെത്തിയ കുടിയേറ്റക്കാര്‍ ഇനി 400 പൗണ്ട് നല്‍കേണ്ടി വരും. യുകെയില്‍ താല്‍ക്കാലികമായി താമസിക്കുന്നവര്‍ക്ക് ഗുണകരമായ പദ്ധതിയാണ് ഇതെന്ന് ഇമിഗ്രേഷന്‍ മിനിസ്റ്റര്‍ കരോളിന് നോക്ക്സ് പറഞ്ഞു. ഗവണ്മെന്റ് പ്രഖ്യാപിച്ചിരിക്കുന്ന ഈ വര്‍ദ്ധനയ്ക്ക് ഇനി പാര്‍ലമെന്റിന്റെ അംഗീകാരം ലഭിക്കണം. 2015ലാണ് ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ച്ചാര്‍ജ് എന്ന ഈ ഫീസ് അവതരിപ്പിച്ചത്. യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തു നിന്നെത്തുന്ന കുടിയേറ്റക്കാര്‍ക്കാണ് ഇത് ബാധകമായിട്ടുള്ളത്. ആറു മാസത്തിനു മേല്‍ കാലയളവില്‍ യുകെയില്‍ താമസത്തിനെത്തുന്നവര്‍ ഇത് നല്‍കണമെന്നാണ് നിബന്ധന.
വര്‍ദ്ധിപ്പിച്ച നിരക്കനുസരിച്ച് അന്താരാഷ്ട്ര സ്കീമുകളില്‍ പഠനത്തിനെത്തിയിരിക്കുന്ന 18 മുതല്‍ 30 വയസു വരെ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ ഡിസ്കൗണ്ട് ചെയ്ത നിരക്കായ 300 പൗണ്ട് അടക്കണം. നേരത്തേ ഇത് 150 പൗണ്ടായിരുന്നു. ബ്രിട്ടീഷ് നികുതിദായകരുടെ പണത്തില്‍ പ്രവര്‍ത്തിക്കുന്ന എന്‍എച്ച്എസ് ആവശ്യങ്ങളില്‍ എപ്പോഴും ഉണ്ടാകുമെന്ന് നോക്ക്സ് പറഞ്ഞു. ദീര്‍ഘകാല താമസക്കാരായ കുടിയേറ്റക്കാര്‍ ഈ സേവനം ഉപയോഗിക്കുന്നത് ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ ആരോഗ്യ സര്‍വീസിന്റെ നിലനില്‍പ്പിനായി അവര്‍ അവരുടേതായ സംഭാവന നല്‍കേണ്ടത് അത്യാവശ്യമാണെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും നോക്ക്സ് വ്യക്തമാക്കി.
ഈ ഉദ്ദേശ്യത്തിലാണ് 2015 ഏപ്രിലില്‍ ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ച്ചാര്‍ജ് നടപ്പാക്കിയത്. ഈ പണം അടക്കുന്നവര്‍ക്ക് യുകെ പൗരന്മാര്ക്ക് ലഭിക്കുന്നതു പോലെ ഏതു സമയത്തും എന്‍എച്ച്എസ് സേവനങ്ങള്‍ ലഭ്യമാകും. നിയമവിധേയമായി രാജ്യത്ത് തുടരുന്ന കാലയളവില്‍ ഇത് ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഈ പദ്ധതി ഇമിഗ്രന്റ്സിന് നല്കുന്ന ശിക്ഷയാണെന്നായിരുന്നു എന്‍എച്ച്എ,സ് ജീവനക്കാരുടെ സംഘടന കുറ്റപ്പെടുത്തിയത്. ബ്രിട്ടീഷ് വിസയ്ക്കായി അപേക്ഷിക്കുമ്പോളും പിന്നീട് എല്ലാ വര്‍ഷവും ഈ സര്‍ച്ചാര്‍ജ് അടക്കേണ്ടി വരും.
Leave a Reply