ശബരിമലക്ഷേത്രത്തെ അതുല്യമാക്കുകയും ലോകശ്രദ്ധയാകര്‍ഷിക്കുകയും ചെയ്ത തത്വമസിയെ (അത് നീയാകുന്നു) നടന് അജുവര്‍ഗീസും ധ്യാന്‍ ശ്രീനിവാസും പരിഹസിച്ചത് വിവാദമാകുന്നു. സച്ചിന് എന്ന സിനിമയിലെ ചില സീനുകളിലാണ് ഋഗ് വേദത്തിലെ ഛന്ദോഗ്യോപനിഷത്തില് പറയുന്ന ഉപദേശവാക്യത്തെ പരിഹസിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്ത് വന്നതോടെയാണ് ഇക്കാര്യം ഭക്തരുടെ ശ്രദ്ധയില്‍പ്പെട്ടത്. എസ്.എല്‍ പുരം ജയസൂര്യ തിരക്കഥ എഴുതി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന സച്ചിന് താമസിക്കാതെ തിയേറ്ററുകളിലെത്തും.
ക്രിക്കറ്റ് കളിയുടെ പശ്ചാത്തലത്തില്‍ കഥപറയുന്ന സിനിമയില്‍ ധ്യാന്‍ശ്രീനിവാസിന്റെ കഥാപാത്രം അജു അവതരിപ്പിക്കുന്ന ജെറിയോട് ചോദിക്കുന്നു, ‘ നമ്മുടെ അമ്പലത്തിന് മുന്നില്‍ എഴുതി വെച്ചിട്ടില്ലേ? തത്വമസി അതിനന്റെ അര്‍ത്ഥം എന്താണ്’ എന്ന് ചോദിക്കുന്നു. തത്വ മെസി യോ എന്ന് അജു തിരികെ ചോദിക്കുന്നു. മെസി ലോകം അറിയപ്പെടുന്ന ഫുഡ്ബോള്‍ കളിക്കാരനാണ്. സച്ചിന്റെ കടുത്ത് ആരാധകനായ ജെറി തത്വമസിയിലെ മസി മെസിയാക്കി. തൊട്ട് പിന്നാലെ സംശയം തീര്‍ക്കാന്‍ ഹരീഷ് കണാരന് അവതരിപ്പിക്കുന്ന പൂച്ച ഷൈജുവിനെ കാണാന്‍ ഇവര്‍ പോകുന്നു. ‘ തത്വം നമുക്കെല്ലാം അറിയാം എന്നാല്‍ അതിനെടേല് എങ്ങനെയാണ് അസി കടന്ന് വന്നത്, അതൊരു മുസ്്ലിം പേരല്ലേ? ഇനി വാവര് സ്വാമീടെ വിളിപ്പേരാണോ?’ എന്ന് പൂച്ച ഷൈജു ചോദിക്കുന്നു.
സ്വാമി അയ്യപ്പന്റെ സുഹൃത്തും വലംകയ്യുമായ വാവര് സ്വാമിയെ കളിയാക്കുന്ന സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടെന്ന് വ്യക്തമായതോടെ ജാതിമത വ്യത്യാസമില്ലാതെ ഭക്തര്‍ സിനിമയ്ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. പ്രത്യേകിച്ച് യുവതീപ്രവേശനവുമായി ബന്്ധപ്പെട്ട് സംസ്ഥാനത്തുടനീളം പ്രതിഷേധപരിപാടികളും നാമജപവും നടക്കുമ്പോള്‍ ഏറ്റവും കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുകയും കാണുകയും ചെയ്യുന്ന സിനിമ പോലൊരു മാധ്യമത്തിലൂടെ മതവികാരം വ്രണപ്പെടുത്തുന്ന സംഭാഷണങ്ങള്‍ ഉപയോഗിച്ചത് സെന്‍സര്‍ ബോര്‍ഡ് ഒഴിവാക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
Leave a Reply