രാത്രി മുഴുവന്‍ മരുഭൂമിയില്‍ കുടുങ്ങിയ സ്ത്രീകളടക്കമുള്ള മലയാളി സംഘത്തെ ദുബായ് പൊലീസ് രക്ഷപ്പെടുത്തി. ഹെലികോപ്റ്ററില്‍ എത്തിയ പൊലീസ് നിരീക്ഷണ സംഘം ഇവരെ കണ്ടെത്തിയശേഷം മരുഭൂമിയിലെ പ്രത്യേക ദൗത്യസംഘത്തെ കൃത്യമായ സ്ഥലം അറിയിക്കുകയായിരുന്നു.

ഭക്ഷണവും വെള്ളവുമായാണ് പൊലീസ് എത്തിയത്. ദുബായിലെ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി ഉദ്യോഗസ്ഥന്‍ മലപ്പുറം സ്വദേശി മുഷ്താഖ്, സുഹൃത്തും എന്‍ജിനീയറുമായ പത്തനംതിട്ട സ്വദേശി ഷഹനാസ് ഷംസുദ്ദീന്‍, ഷഹനാസിന്റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പത്തംഗ സംഘമാണ് മരുഭൂമിയില്‍ കുടുങ്ങിയത്. മരുഭൂമിയില്‍ ഇടയ്ക്കിടെ ഉല്ലാസയാത്ര പോകാറുള്ള ഇവര്‍ വെള്ളിയാഴ്ച വൈകിട്ട് 4 മണിയോടെ അല്‍ ഖുദ്രയില്‍ രണ്ടു വാഹനങ്ങളിലായി എത്തുകയായിരുന്നു.

തുടര്‍ന്നു ഫോട്ടോ എടുക്കാനായി മരുഭൂമിയിലേക്ക് തിരിച്ചു. വൈകിട്ട് 6ന് മടങ്ങാന്‍ തുടങ്ങുമ്പോള്‍ ഒരു വാഹനം മണലില്‍ പുതയുകയും അടുത്തവാഹനത്തിന്റെ ടയര്‍ കേടാകുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനു ശേഷം വാഹനങ്ങള്‍ ശരിയാക്കി യാത്രയാരംഭിച്ചെങ്കിലും വഴിതെറ്റി മരുഭൂമിക്കുള്ളിലേക്കു പോയി. 18 കിലോമീറ്ററിലേറെ പിന്നിട്ടപ്പോഴാണ് വഴിതെറ്റിയത് അറിഞ്ഞതെന്നു മുഷ്താഖ് പറഞ്ഞു. രാത്രി വളരെ വൈകിയുള്ള യാത്ര സുരക്ഷിതമല്ലാത്തതിനാല്‍ ടെന്റ് ഒരുക്കി കുറച്ചുപേര്‍ അതിലും ബാക്കിയുള്ളവര്‍ വാഹനങ്ങളിലും കിടന്നു.

വെള്ളവും ഭക്ഷണവുമില്ലാത്തതും കൊടുംതണുപ്പും പലരെയും അവശരാക്കി. പുലര്‍ച്ചെ പുറപ്പെടാന്‍ തുടങ്ങിയെങ്കിലും വാഹനങ്ങള്‍ മണലില്‍ പുതഞ്ഞുപോയിരുന്നു. പ്രമേഹവും മറ്റ് അസുഖങ്ങളുമുള്ളവര്‍ മരുന്നും ഭക്ഷണവുമില്ലാതെ തീര്‍ത്തും അവശരായി. എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോള്‍ ദുബായ് പൊലീസിനെ വിവരം അറിയിച്ചു. ഹെലികോപ്റ്ററില്‍ തിരച്ചില്‍ നടത്തിയ റെസ്‌ക്യൂ വിഭാഗം ഇവരെ കണ്ടെത്തുകയും പ്രത്യേക ദൗത്യസേനയെ കാര്യങ്ങള്‍ ധരിപ്പിക്കുകയും ചെയ്തു. എല്ലാ സംവിധാനങ്ങളുമായി എത്തിയ രക്ഷാസംഘം ആശ്വസിപ്പിക്കുകയും വെള്ളവും ഭക്ഷണവും നല്‍കുകയും ചെയ്തു. മണലില്‍ പുതഞ്ഞുപോയ വാഹനങ്ങള്‍ പുറത്തെടുത്തു. ഉച്ചകഴിഞ്ഞു മൂന്നോടെയാണ് ഇവര്‍ മരുഭൂമിയില്‍ നിന്നു പുറത്തുകടന്നത്.