ക്രിസ്മസിനോട് അനുബന്ധിച്ചുള്ള ദിവസങ്ങളില്‍ ഇംഗ്ലീഷ് ചാനലിലൂടെയുള്ള അഭയാര്‍ത്ഥി പ്രവാഹം നിയന്ത്രണാതീതം. ചെറിയ ബോട്ടുകളിലായി നൂറുകണക്കിനാളുകളാണ് യുകെ തീരം ലക്ഷ്യമാക്കി നീങ്ങിയത്. ക്രിസ്മസ് ഈവിന് നൂറോളം പേര് ചാനല്‍ കടക്കാന്‍ ശ്രമിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നവംബറിനു ശേഷം നൂറോളം പേര് ഇത്തരത്തില്‍ കടക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ശരാശരി വിന്റര്‍ താപനിലയും ശാന്തമായ സമുദ്രവുമാണ് അഭയാര്‍ത്ഥികളെ ഇത്തരത്തില്‍ ചാനല്‍ കടക്കാന്‍ പ്രേരിപ്പിക്കുന്നത്. സുരക്ഷിതമായി കടല്‍ കടക്കാമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. ക്രിസ്മസ് വൈകുന്നേരം നൂറോളം പേര് ചാനല്‍ കടക്കാന്‍ എത്തിയത് മേജര്‍ ഇന്‍സിഡന്റായാണ് ഹോം ഡിപ്പാര്‍ട്ട്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതേത്തുടര്‍ന്ന് നിരീക്ഷണത്തിന് ഒരു ഗോള്‍ഡ് കമാന്‍ഡറെ നിയോഗിച്ചു. ദിവസവും റിപ്പോര്‍ട്ട് നല്‍കണമെന്നാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
സംഭവത്തില്‍ ബോര്‍ഡര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍, ഇമിഗ്രേഷന്‍ എന്‍ഫോഴ്സ്മെന്റ്, നാഷണല്‍ ക്രൈം ഏജന്‍സി എന്നിവരുടെ കോണ്‍ഫറന്‍സ് വിളിച്ചിരിക്കുകയാണ് സാജിദ് ജാവീദ്. അഭയാര്‍ത്ഥികള്‍ക്ക് ജീവന് നഷ്ടമാകുന്ന സാഹചര്യം ഉണ്ടാകുന്നതിനു മുമ്പ് നടപടിയെടുക്കുകയാണ് ഉദ്ദേശിക്കുന്നത്. അഭയാര്‍ത്ഥി പ്രശ്നം കൈകാര്യം ചെയ്യുന്നതിനായി ഫ്രഞ്ച് ഹോം സെക്രട്ടറിയുമായി അടിയന്തര ചര്‍ച്ചയ്ക്കും സാജിദ് ജാവീദ് സന്നദ്ധത അറിയിച്ചു. പ്രശ്നം ഇരു രാജ്യങ്ങളും ചേര്‍ന്ന് കൈകാര്യം ചെയ്യേണ്ടതുണ്ട്. ബോര്‍ഡര്‍ ഫോഴ്സിന് കൂടുതല്‍ കപ്പലുകള്‍ അനുവദിക്കുന്ന കാര്യവും ഹോം സെക്രട്ടറിയുടെ പരിഗണനയിലാണെന്ന് ഹോം ഓഫീസ് അറിയിക്കുന്നു.
ഫ്രഞ്ച് ആഭ്യന്തര മന്ത്രി ക്രിസ്റ്റഫര്‍ കാസ്റ്റനറുമായി ഈ വാരാന്ത്യത്തില്‍ ജാവീദ് ചര്‍ച്ചകള്‍ നടത്തും. ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിക്കുന്ന അഭയാര്‍ത്ഥികളുടെ കാര്യത്തില്‍ കൂടുതല്‍ നടപടികള്‍ എടുക്കാന്‍ ഫ്രാന്‍സിനെ പ്രേരിപ്പിക്കുകയാണ് കൂടിക്കാഴ്ചയുടെ ലക്ഷ്യം. സിറിയയില്‍ നിന്നു ഇറാനില്‍ നിന്നുമുള്ള 12 പേരടങ്ങിയ ബോട്ട് കഴിഞ്ഞ ദിവസം പട്രോള്‍ ഫോഴ്സുകള്‍ തടഞ്ഞിരുന്നു. ഫ്രാന്‍സ് തീരത്തു നിന്നാണ് ഇവര്‍ ചാനല്‍ കടക്കാന്‍ പുറപ്പെട്ടത്.
Leave a Reply