അമ്മയുടെ വിയോഗമറിഞ്ഞ് വാവിട്ട് കരയുന്ന ഇൗ കുഞ്ഞുങ്ങളെ എന്തുപറഞ്ഞ് ആശ്വസിപ്പിക്കണമെന്നറിയാതെ നിൽക്കുകയാണ് ഇൗ ഗ്രാമം. കാട്ടുമുണ്ട കമ്പനിപ്പടിയിലെ കെഎസ്ആർടിസി ബസ് അപകടം അനാഥമാക്കിയത് പറക്കമുറ്റാത്ത 3 കുഞ്ഞുങ്ങളെയാണ്. സ്വന്തമായൊരു വീട് എന്ന സ്വപ്നത്തിന് വേണ്ടിയുള്ള ഒാട്ടത്തിനിടയിലാണ് മക്കളെ തനിച്ചാക്കി സരിത യാത്രയായത്.
വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ 2 വർഷം മുൻപാണ് സരിത ജോലിക്കു ചേർന്നത്. മുൻപ് നിലമ്പൂരിൽ സ്വകാര്യ ഡയഗ്നോസ്റ്റിക് സെന്ററിൽ ജീവനക്കാരിയായിരുന്നു. ഭർത്താവുമായി അകന്നുകഴിയുന്ന സരിത മക്കളുമൊത്ത് മമ്പാട് പുള്ളിപ്പാടം വില്ലേജ് ഓഫിസിന് സമീപം ഒറ്റമുറി വാടക ക്വാർട്ടേഴ്സിലാണു താമസിച്ചിരുന്നത്. മൂത്തമകൻ ശിവനേഷ് നിലമ്പൂർ മന്നം സ്മാരക എൻഎസ്എസ് എച്ച്എസ്എസിൽ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. മകൾ സുനിത ഏഴിലും ഇളയ മകൻ ശക്തിമൂർത്തി അഞ്ചിലും നിലമ്പൂർ ഗവ. മാനവേദൻ എച്ച്എസ്എസിൽ പഠിക്കുന്നു. നിലമ്പൂർ മുതീരിയിൽ നഗരസഭ പിഎംഎവൈ പദ്ധതിയിൽ കുടുംബത്തിന് അനുവദിച്ച വീടിന്റെ നിർമാണം ലിന്റൽ ഘട്ടത്തിലാണ്.
വീട്ടുചെലവിനും മക്കളുടെ പഠനത്തിനും പുറമേ വീടു നിർമാണത്തിനും വക കണ്ടെത്താൻ കഠിനാധ്വാനം ചെയ്യുകയായിരുന്ന സരിതയെന്ന് സഹപ്രവർത്തകരും അയൽവാസികളും പറഞ്ഞു. പിതാവും സഹോദരനും സാധാരണക്കാരാണ്. സരിതയുടെ വേർപാടോടെ കുട്ടികളുടെ ഭാവിയും വീടു നിർമാണവും അനിശ്ചിതത്വത്തിലായി. നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം വണ്ടൂരിലെ ആശുപത്രിയിൽ പൊതുദർശനത്തിനു വച്ചു. തുടർന്ന് വീട്ടിച്ചാലിലെ തറവാട്ടിൽ കൊണ്ടുവന്നപ്പോൾ മാതാപിതാക്കളുടെയും മക്കളുടെയും കരച്ചിൽ നാടിന്റെയും സങ്കടമായി. നഗരസഭാ വാതകശ്മശാനത്തിൽ സംസ്കാരം നടത്തി.
Leave a Reply