സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിറകെ തർക്കം രൂക്ഷമായ കേരള കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കോൺഗ്രസ് ഇടപെടുന്നു. കേരളകോൺഗ്രസിലെ തർക്കങ്ങള്‍ യുഡിഎഫിന്റെ വിജയ സാധ്യതയെ ബാധിക്കുമെന്ന വിലയിരുത്തലാണ് കോണ്‍ഗ്രസ് ഇടപെടലിലേക്ക് നീങ്ങിയതെന്നാണ് വിലയിരുത്തല്‍. പാർട്ടിക്കുള്ളിൽ വർക്കിങ്ങ് ചെയർമാൻ പിജെ ജോസഫും കെ എം മാണി വിഭാഗവും തമ്മിലുള്ള ഭിന്നത തുടരുന്ന പക്ഷം സ്ഥാനാർത്ഥിയെ മാറ്റുന്നതുൾപ്പെടെയുള്ള വഴികൾ കോൺഗ്രസ് മുന്നോട്ട് വച്ചേയ്ക്കുമെന്നാണ് റിപ്പോർട്ടുകൾ.

തര്‍ക്കം കോട്ടയത്തിന് പിറകെ പത്തനംതിട്ട, ഇടുക്കി സീറ്റുകളിലെ വിജയസാധ്യതയെ പോലും ബാധിച്ചേക്കാമെന്ന വിലയിരുത്തലും കോണ്‍ഗ്രസിലുണ്ട്. വിഷയത്തിൽ ഇനി മൃദു സമീപനം വേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം. കേരള കോണ്‍ഗ്രസിനെ മുന്നണിയിലേക്ക് തിരികെ കൊണ്ടുവരുന്നതിന് പാർട്ടിയുടെ രാജ്യസഭാ സീറ്റ് നല്‍കിയ കാര്യം ഉൾപ്പെടെ ഉന്നയിച്ചാണ് പാർട്ടി നിലപാട് ശക്തമാക്കുന്നത്.

സമവായത്തിനായി നിലവിൽ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റി ഇരുകൂട്ടര്‍ക്കും യോജിപ്പുള്ള പൊതുസമ്മതനെ നിര്‍ത്തുക, അല്ലെങ്കില്‍ കോട്ടയം സീറ്റ് ഏറ്റെടുക്കണമെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ശക്തമാണ്. ജോസഫ്- മാണി വിഭാഗങ്ങൾ തമ്മിലുണ്ടായി തർക്കം മധ്യകേരളത്തിൽ ആദ്യ ഘട്ടത്തിലുണ്ടായിരുന്ന മുന്‍തൂക്കം നഷ്ടപ്പെടുത്തുന്നതുൾപ്പെടെയുള്ള നിലയിലേക്ക് വളർന്നെന്ന വിലയിരുത്തലിൽ വിഷം ഹൈക്കമാന്‍ഡിനും അതൃപ്തിയുണ്ടാക്കിയതായാണ് റിപ്പോർട്ട്. കേരളത്തിൽ സന്ദർശനം നടത്തുന്ന പാർട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുമായും ഇക്കാര്യം ചർച്ച ചെയതതായാണ് വിവരം.

എന്നാൽ , തന്റെ കാര്യത്തില്‍ മാന്യമായൊരു തീരുമാനം ഉണ്ടായാല്‍ കോട്ടയം സീറ്റിന്റെ അവകാശവാദത്തില്‍ നിന്നും പിന്മറാമെന്നു ജോസഫ് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചിരുന്നു. അതേസമയം, കേരള കോണ്‍ഗ്രസിനകത്തെ മാണി-ജോസഫ് പോര് രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ വീണ്ടുമൊരു പിളര്‍പ്പ് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്നും അറിയുന്നു. വിഷത്തിൽ നാളെയോടെ പരിഹാരം ഉണ്ടാകുമെന്നാണ് പിജെ ജോസഫിന്റെ നിലപാട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജോസഫും കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടക്കുന്ന സമയത്ത് തന്നെ, ജോസഫിനോട് ഒരുതരത്തിലുമുള്ള ഒത്തുതീര്‍പ്പിനും തയ്യാറാല്ലെന്നു ജോസ് കെ മാണി വ്യക്തമാക്കിയിരുന്നു. തന്റെ സീറ്റ് അട്ടിമറിച്ചത് ജോസ് കെ മാണിയും സംഘവുമാണെന്നു ജോസഫിന്റെ ആരോപണങ്ങളെയും അദ്ദേഹം തള്ളിക്കളഞ്ഞിരുന്നു. പാര്‍ട്ടിയില്‍ ജോസഫിനെതിരേ വലിയ പ്രതികരണങ്ങളാണ് വന്നിട്ടുള്ളതെന്നു ജോസ് കെ മാണി മാധ്യമങ്ങളോട് പറയുകയുമുണ്ടായി. ഇപ്പോള്‍ നടക്കുന്നത് സ്വാഭാവിക പ്രതികരണങ്ങള്‍ മാത്രമാണെന്നും പറഞ്ഞാണ് ജോസഫിന്റെ ആവശ്യങ്ങളെ ജോസ് കെ മാണി തള്ളിക്കളഞ്ഞത്.

തനിക്ക് സീറ്റ് നിഷേധിച്ച പാര്‍ട്ടി തീരുമാനം തെറ്റാണെന്നാണും പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലും സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലും തന്റെ സ്ഥാനാര്‍ഥിത്വം അംഗീകരിച്ചിരുന്നതാണെന്നും സ്ഥാനാര്‍ഥിയായി മറ്റാരുടെയും പേര് ഉയര്‍ന്നിരുന്നില്ലെന്നും ജോസഫ് പറയുമ്പോള്‍, ഇതെല്ലാം കള്ളപ്രചാരണമാണെന്നാണ് ജോസഫിന്റെ പേരെടുത്ത് പറയാതെ ജോസ് കെ മാണി പ്രതികരിക്കുന്നത്. തോമസ് ചാഴിക്കാടന്റെ സ്ഥാനാര്‍ത്ഥിത്വം വളരെ ജനാധിപത്യപരമായി എടുത്ത തീരുമാനം ആണെന്നും സ്ഥാനാര്‍ത്ഥിത്വത്തെ അംഗീകരിച്ചുകൊണ്ട് എല്ലാവരും ഒപ്പിട്ട് നല്‍കിയതിന്റെ ഡോക്യുമെന്റ് ഉണ്ടെന്നുമാണ് ജോസ് കെ മാണി പറയുന്നത്. പലരും പല കള്ളപ്രചരണങ്ങള്‍ നടത്തുന്നുണ്ടെന്നും അതൊക്കെ നടത്തിക്കോട്ടെയെന്നും എല്ലാം കാര്യങ്ങളും ഡോക്യുമെന്റഡ് ആണെന്നും ജോസ് കെ മാണി മാധ്യമങ്ങളോട് പറയുന്നു.

കോട്ടയം പാര്‍ലമെന്റ് സീറ്റിന്റെ കാര്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളുമായി പിജെ ജോസഫ് ചർച്ചകൾ നടത്തിയിരുന്നു. രണ്ടേകാല്‍ മണിക്കൂറോളമാണ് പിജെ ജോസഫ്, മോന്‍സ് ജോസഫ്, ടിയു കരുവിള എന്നിവര്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍, ഉമ്മന്‍ ചാണ്ടി എന്നിവരുമായി കന്റോണ്‍മെന്റ് ഹൗസില്‍ ചര്‍ച്ച നടത്തിയത്. എന്നാല്‍ ഈ ചര്‍ച്ചയില്‍ ഏതെങ്കിലും തരത്തിലുള്ള സമവായ തീരുമാനം ഉണ്ടായിട്ടില്ല എന്നാണ് ചര്‍ച്ചയ്ക്കു ശേഷം പി ജെ ജോസഫ് തന്നെ തന്റെ വാക്കുകളിലൂടെ സൂചന നല്‍കിയത്.