സംരക്ഷിക്കാമെന്ന് ഉറപ്പു നല്‍കിയ ശേഷം സ്വത്ത് കൈവശപ്പെടുത്തി ഇറക്കി വിട്ടതിനു പിന്നാലെ പ്രതിഷേധവുമായി മാതാപിതാക്കള്‍. വീടിന് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുകയാണ് ഇവര്‍. ഏവരുടെയും ചങ്ക് തകര്‍ക്കുന്ന കാഴ്ച തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലാണ്.

നെയ്യാറ്റിന്‍കര മാരായമുട്ടം ചായ്‌ക്കോട്ടുകോണം സ്വദേശി സുജകുമാറിനെതിരെയാണ് 70കാരനായ ചെല്ലപ്പെനും 65കാരിയായ ഓമനയും കുത്തിയിരിപ്പ് സമരം നടത്തി പ്രതിഷേധിക്കുന്നത്. പിന്തുണയുമായി ഓമനയുടെ സഹോദരി ജെയ്‌നിയും ഒപ്പമുണ്ട്. സംരക്ഷിക്കാമെന്ന ഉറപ്പ് നല്‍കി സ്വത്ത് തട്ടിയെടുത്ത ശേഷം മകന്‍ വീട്ടില്‍ നിന്ന് ഇറക്കിവിട്ടെന്നാണ് ഇവരുടെ പരാതി. മകന്‍ സുജകുമാറിനൊപ്പമായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.

വീട് വാങ്ങാനായി കൈയ്യിലുണ്ടായിരുന്ന പണവും ജെയ്‌നിയുടെ പേരിലുണ്ടായിരുന്ന കുടുംബസ്വത്തും കൈക്കലാക്കിയ ശേഷം സുജകുമാര്‍ കൈയ്യൊഴിഞ്ഞുവെന്ന് മാതാപിതാക്കള്‍ പറയുന്നു. കഴിഞ്ഞദിവസമാണ് സുജയകുമാര്‍ ഇവരെ വീട്ടില്‍ നിന്ന് ഇറക്കിവിട്ടത്. ലോക്ക് ഡൗണ്‍ തുടങ്ങിയത് മുതല്‍ വീട്ടില്‍ നിന്ന് ഇറക്കിവിടാന്‍ ശ്രമമുണ്ടായിരുന്നു എന്ന് ഇവര്‍ പറയുന്നു.

സംഭവത്തില്‍ നാട്ടുകാര്‍ ഇടപെട്ട് മൂവരെയും താല്‍കാലിക സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, മാതാപിതാക്കളുടെ ആരോപണത്തില്‍ സുജയകുമാര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.