15 വർഷം സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായി മാത്രം നിന്ന താരമാണ് ജോജു . അതൊന്നുമൊരു സംഭവമല്ലെന്ന മട്ടിൽ ചിരിക്കുന്നു ജോസഫ് ജോർജ് എന്ന ജോജു. ആ വിശ്വാസത്തിന്റെ തിളക്കമാണ് ജോജു ആദ്യമായി നായകനായ ‘ജോസഫ്’ എന്ന ചിത്രം. റോളുകൾ പലതായിരുന്നു ഈ സിനിമയിൽ ജോജുവിന്. നായകനാകുന്നതിനൊപ്പം ‘പണ്ട് പാടവരമ്പത്തിലൂടെ’ എന്ന പാട്ട് പാടി ഗായകനുമായി. സിനിമയുടെ നിർമാതാവും ജോജു തന്നെ.
ചങ്കു കൊടുത്തു സ്നേഹിച്ചാൽ ചതിക്കില്ല സിനിമ എന്ന വിശ്വാസം മാത്രമാണ് ജോജു ജോർജ് എന്ന മനുഷ്യന്റെ ഏറ്റവും വലിയ ക്യാപിറ്റൽ. ജോസഫിന്റെ വിജയപതാകയ്ക്ക് പിന്നാലെ ഇനിയും അണിയണിയായി വരുന്നുണ്ട് കുറെ സിനിമകൾ. കാണാൻ പോകുന്ന പൂരത്തിന് ട്രെയിലർ വേണ്ട എന്ന അഭിപ്രായമാണ് ജോജുവിന്. ‘ആ സസ്പെൻസ് അങ്ങനെ തന്നെയിരിക്കട്ടെ’ എന്ന ആമുഖത്തോടെ ആൾക്കൂട്ടത്തിൽ നിന്ന് നായകനും നിർമാതാവുമായി മാറിയ കഥയുടെ വാതിൽ തുറക്കുന്നു
ഇഷ്ടം തോന്നുന്ന കാര്യങ്ങളിൽ വല്ലാത്ത ധൈര്യമാണെനിക്ക്. അങ്ങനെ ഒരു തീരുമാനമെടുത്താൽ പിന്നെ, ആരു പറഞ്ഞാലും മാറില്ല. പരാജയപ്പെട്ടാല്‍ സങ്കടവുമില്ല. എന്നാൽ മറ്റു കാര്യങ്ങളിൽ ആ ധൈര്യമൊട്ടില്ല താനും. അതിനെ ധൈര്യം എന്നു വിളിക്കണോ ഇഷ്ടത്തിന്റെ ബലം എന്നു പറയണോ എന്നെനിക്കറിയില്ല.</p>
<p>‘ജോസഫ്’ കണ്ട്, ‘നീ നല്ല നടനായി, നിന്നിലൊരു നടന്റെ സ്പാര്‍ക്ക് കണ്ടു’ എന്നൊക്കെ പലരും പറഞ്ഞു. പക്ഷേ, പരീക്ഷയ്ക്കു മുന്‍പുള്ള തയാറെടുപ്പ് മാത്രമാണിത്. വാങ്ങുന്ന പൈസയില്‍ വർധന ഉണ്ടാകാം. നടൻ എന്ന നിലയിൽ വളർന്നോ എന്നൊന്നുമറിയില്ല. 100 ദിവസം അഭിനയിച്ചിട്ട് 1000 രൂപ പ്രതിഫലം കിട്ടിയിട്ടുള്ള എന്നെ സംബന്ധിച്ച് പണം രണ്ടാമതാണ്. സാമ്പത്തികമായി വളര്‍ന്നതു കൊണ്ട് ഇഷ്ടമുള്ള രീതിയില്‍ ജീവിക്കാന്‍ പറ്റുന്നു. നടനെന്ന നിലയില്‍ കിട്ടുന്ന അംഗീകാരം അതിനൊക്കെ എത്രയോ മുകളിലാണ്.
ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന കാലം മുതല്‍ പരിചയമുള്ള സുഹൃത്ത് ‘ജോസഫ്’ കണ്ടു വിളിച്ചു. ഞങ്ങള്‍ ഒന്നിച്ചഭിനയിച്ചിരുന്നപ്പോൾ അവനെന്നെ ഇഷ്ടമായിരുന്നില്ലത്രേ. ഞാനൊരു വൃത്തികെട്ടവനാണെന്നും ഡയലോഗ് തട്ടിയെടുക്കുമെന്നും സ്വന്തം കാര്യം മാത്രമേ ചിന്തിക്കുകയുള്ളൂവെന്നും പലരോടും പറഞ്ഞിരുന്നു പോലും. അവന്‍ വളരെ ഇമോഷനലായി; ‘അളിയാ സിനിമ കണ്ടു. നീ അഭിനയത്തെ ഇത്ര ആത്മാർഥമായാണ് കാണുന്നതെന്ന് ഇപ്പോഴാ മനസ്സിലായത്. ഞാന്‍ നിന്നെക്കുറിച്ച് വളരെ മോശമായിട്ട് പലതും പറഞ്ഞിട്ടുണ്ട്. ക്ഷമിക്ക്്’ എന്നു പറഞ്ഞപ്പോള്‍ എന്റെയും കണ്ണു നിറഞ്ഞു’’.
ഞാനെന്റെ മരണം കണ്ടുനിന്നവനാണ്. ആരെങ്കിലും വിശ്വസിക്കുമോ’- നടൻ ജോജുവിന്റെ വാക്കുകളാണ്. പതിനഞ്ച് വർഷം മുൻപ് നടന്ന സംഭവത്തെപ്പറ്റി പ്രമുഖ സ്ത്രീ പക്ഷ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ജോജു മനസ്സുതുറന്നത്.
‘എനിക്കൊരു സര്‍ജറി വേണ്ടി വന്നു. അഞ്ചര മണിക്കൂറോളം നീണ്ട മേജര്‍ സര്‍ജറി. ഓപ്പറേഷന്‍ തിയറ്ററിലേക്കു കൊണ്ടുപോകുന്നതു വരെ നേരിയ ഓർമയുണ്ട്. പിന്നെ, നടന്നതൊക്കെ സിനിമ പോലെയാണ്. സര്‍ജറിക്കിടെ എപ്പോഴോ ഞാനെന്നിൽ നിന്നു പുറത്തുവന്നു.’
‘നോക്കുമ്പോള്‍ ഓപ്പറേഷന്‍ ടേബിളില്‍ എന്റെ ശരീരമിങ്ങനെ കണ്ണുകള്‍ തുറിച്ച്, വായ തുറന്നു കിടക്കുകയാണ്. ഒരു നഴ്സ് അടുത്തു നിന്നു കരയുന്നു. ഡോക്ടര്‍മാര്‍ വെപ്രാളപ്പെട്ട് എന്തോക്കെയോ ചെയ്യുന്നുണ്ട്. അതിനിടെ, അത്ര കാലത്തെ ജീവിതം മുഴുവന്‍ ഒരു സ്ക്രീനിലെന്ന പോലെ എന്റെ മുന്നില്‍ തെളിയാന്‍ തുടങ്ങി.’
‘പെട്ടെന്ന് ആരോ അടുത്ത് നിന്ന് സംസാരിക്കുന്നതു പോലെ തോന്നി. രൂപമില്ല, ശബ്ദം മാത്രം. അത് മരണത്തിന്റെയോ അതോ ദൈവത്തിന്റെയോ എന്നൊന്നുമറിയില്ല. കയ്യും കാലുമൊക്കെ അനക്കാന്‍ പറയുകയാണ്. ശ്രമിക്കണമെന്നുണ്ട്, പറ്റുന്നില്ല. എനിക്കു കരച്ചില്‍ വന്നു. എല്ലാം സെക്കന്‍ഡുകള്‍ക്കുള്ളില്‍ കഴിഞ്ഞു.’
‘അടുത്ത ദിവസം ഡോക്ടര്‍മാര്‍ പറഞ്ഞത് ഇതു നിന്റെ രണ്ടാം ജന്മമാണെന്നാണ്. ഓപ്പറേഷനിടെ ഹൃദയം കുറച്ചു നേരത്തേക്ക് നിന്നു പോയത്രേ. അപ്പോഴാണ് ഞാന്‍ കണ്ടതൊന്നും സ്വപ്നമല്ലെന്ന് എനിക്ക് പൂർണ ബോധ്യം വന്നത്.’
Leave a Reply