മഞ്ജു വാര്യരെ വിവാഹം കഴിക്കുന്നതിന് മുമ്പേ ദിലീപ് ബന്ധുവായ യുവതിയെ വിവാഹം ചെയ്തിരുന്നെന്ന കണ്ടെത്തലില്‍ ദിലീപിന്റെ മിമിക്രി കാലഘട്ടത്തിലെ സുഹൃത്തുക്കളില്‍ നിന്നു പോലീസ് വിവരം ശേഖരിക്കും. പണം നല്‍കിയാണ് ഈ ബന്ധം ഒഴിവാക്കിയതെന്നും ആദ്യഭാര്യയുമായുള്ള വിവാഹബന്ധം നിയമപരമായി വേര്‍പെടുത്തി ആയിരുന്നോ ദിലീപ് മഞ്ജുവിനെ വിവാഹം കഴിച്ചതെന്നുമുള്ള സംശയം പോലീസിനുണ്ട്.

ദിലീപ് മിമിക്രി കലാകാരനായിരിക്കെ ഒപ്പം പ്രവര്‍ത്തിച്ചിരുന്ന അബിയാണ് ആദ്യവിവാഹത്തിനു സാക്ഷിയായതെന്ന വിവരമാണു പുറത്തുവന്നത്. എന്നാല്‍, ഇക്കാര്യം അബി നിഷേധിച്ചു. ഇക്കാര്യത്തില്‍ സ്ഥിരീകരണം ആവശ്യമുള്ളതിനാല്‍ അബിയെ ചോദ്യം ചെയ്യാനാണു പോലീസ് നീക്കം. സിനിമയില്‍ അണിയറ പ്രവര്‍ത്തകനായിരിക്കെയായിരുന്നു ആദ്യവിവാഹമെന്ന വിവരമാണു പുറത്തുവന്നത്. മിമിക്രിയും പാരഡി ഗാനങ്ങളുമായി ദിലീപ് ജനശ്രദ്ധ നേടിവരുന്ന കാലമായിരുന്നു അത്. ദീര്‍ഘനാളത്തെ പ്രണയമാണ് രജിസ്റ്റര്‍ വിവാഹത്തിലെത്തിയതെന്നാണ് പോലീസിനു ലഭിച്ച വിവരം.ഈ യുവതി ഇപ്പോള്‍ ഗള്‍ഫിലാണെന്നാണു സൂചന. നടിയെ ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചനക്കേസില്‍ അറസ്റ്റിലായ ദിലീപിന്റെ വ്യക്തിവിവരങ്ങള്‍ കുറ്റപത്രത്തില്‍ ചേര്‍ക്കാന്‍ പോലീസ് നടത്തിയ അന്വേഷണമാണ് ആദ്യ വിവാഹവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നത്. വിവാഹ രജിസ്‌ട്രേഷന്റെ വിവരങ്ങള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്. അണിയറ പ്രവര്‍ത്തകനില്‍നിന്നു താരമായി വളര്‍ന്നതോടെയാണ് ദിലീപ് ആ ബന്ധം വേര്‍പെടുത്തിയതെന്നാണ് പോലീസിനു ലഭിച്ച വിവരം. നായകവേഷം ലഭിച്ച ആദ്യചിത്രമായ സല്ലാപത്തിലെ നായിക മഞ്ജു വാര്യരുമായി പ്രണയമായതോടെയാണ് ആദ്യ വിവാഹത്തില്‍നിന്നു പിന്മാറേണ്ടി വന്നതെന്നാണു പറയപ്പെടുന്നത്.

ഇവരുടെ പ്രണയം വിവാഹത്തിലേക്ക് നീങ്ങിയതോടെ ദിലീപിനോട് അടുപ്പമുള്ളവരും ബന്ധുക്കളും ചേര്‍ന്ന് ആദ്യ ഭാര്യയെ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി ഒഴിവാക്കുകയായിരുന്നു. ദിലീപിന് നല്ല ഭാവിയുണ്ടാക്കാന്‍ വഴിമാറണമെന്നായിരുന്നു ആവശ്യം. സമ്മര്‍ദം ശക്തമായതോടെ യുവതി പിന്‍മാറി. വിവാഹബന്ധം വേര്‍പെട്ടതോടെ യുവതി വിദേശത്തേക്കു പോയി. പിന്നീട് ദിലീപിന്റെ വളര്‍ച്ച വേഗത്തിലായി. ഇതോടെ ആദ്യവിവാഹം ബന്ധുക്കളടക്കം മറന്നു. നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണം പുരോഗമിച്ചതോടെയാണ് പഴയസംഭവം വീണ്ടും ചര്‍ച്ചയായത്. എന്നാല്‍ ആദ്യ വിവാഹം നിയമപരമായി വേര്‍പെടുത്തിയിരുന്നില്ലന്നാണ് പുറത്തുവരുന്ന സൂചനകള്‍. ദിലീപിന് ഇപ്പോള്‍ കാവ്യയെ കൂടാതെ മറ്റൊരു ഭാര്യകൂടിയുണ്ട്. ഇവരെ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ അന്വേഷണസംഘം ഊര്‍ജിതപ്പെടുത്തിയിട്ടുണ്ട്.