ലണ്ടന്‍: ബ്രെക്സിറ്റില്‍ എം.പിമാരുടെ പിന്തുണ ഉറപ്പിക്കാന്‍ അവസാന ശ്രമത്തിന് തയ്യാറെടുക്കുന്നു തെരേസ മേയ് വലിയ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് ഒരുങ്ങുന്നതായി സൂചന. പകുതിയോളം വരുന്ന ബ്രെക്സിറ്റിന്റെ കരട് രൂപം വെള്ളിയാഴ്ച്ച മേയ് എം.പിമാര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുമെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രണ്ട് തവണയും വ്യക്തമായ ഭൂരിപക്ഷത്തോടെ ബ്രെക്സിറ്റ് നയരേഖ പാര്‍ലമെന്റില്‍ പരാജയപ്പെട്ടിരുന്നു. സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള വിമത നീക്കമുള്‍പ്പെടെ മേയ്ക്ക് മുന്നില്‍ പ്രതിസന്ധികള്‍ ഏറെയാണ്. ചരിത്രത്തിലെ തന്നെ വലിയ ഭൂരിപക്ഷത്തില്‍ പരാജയപ്പെട്ട ബില്‍ എന്ന നിലയില്‍ മൂന്നാമതും എം.പിമാര്‍ക്ക് മുന്നിലെത്തുമ്പോള്‍ കൂടുതല്‍ ശക്തമായ നയരേഖയുണ്ടാക്കാന്‍ മേയ് ശ്രമിക്കും.
വിമത നീക്കം ശക്തിയാര്‍ജിച്ചതാണ് രണ്ട് തവണയും ബ്രെക്സിറ്റ് ഡീല്‍ പാര്‍ലമെന്റില്‍ ദയനീയമായി പരാജയപ്പെടാന്‍ കാരണം. പാര്‍ട്ടിക്കുള്ളില്‍ തന്നെ മേയ്ക്കെതിരെ പടയൊരുക്കം ശക്തമാകുന്നതായിട്ടാണ് സൂചന. ഇത്തവണയും പാര്‍ലമെന്റില്‍ പിന്തുണ നേടാന്‍ മേയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ പാര്‍ട്ടി തന്നെ നേരിട്ട് നേതൃമാറ്റം ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന. താന്‍ അവതരിപ്പിച്ച ബ്രെക്സിറ്റ് ഡീലിനെ പിന്തുണച്ചാല്‍ രാജിവെക്കാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി തെരേസ മേയ് കഴിഞ്ഞ ദിവസം നടന്ന എം.പിമാരുടെ യോഗത്തില്‍ വ്യക്തമാക്കിയിരുന്നു. നമ്മുടെ രാജ്യത്തിനും പാര്‍ട്ടിക്കും ഹിതകരമായ തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞാല്‍ നേരത്തേ തീരുമാനിച്ചതിലും മുമ്പ് പ്രധാനമന്ത്രി പദത്തില്‍ നിന്ന് ഒഴിയാന്‍ തയ്യാറാണെന്നാണ് മേയ് ബാക്ക് ബെഞ്ച് എംപിമാരെ അറിയിച്ചത്. അടുത്ത ഘട്ടം ബ്രെക്സിറ്റ് ചര്‍ച്ചകള്‍ താന്‍ നയിക്കേണ്ടെന്നാണ് ടോറി ബാക്ക്ബെഞ്ച് എംപിമാരുടെ അഭിപ്രായമെന്ന് തനിക്ക് അറിയാമെന്നും ഒരിക്കലും ഈ അഭിപ്രായത്തിന് എതിരായി താന്‍ പ്രവര്‍ത്തിക്കില്ലെന്നും അവര്‍ എംപിമാരുടെ യോഗത്തില്‍ പറഞ്ഞു.
അതേസമയം എന്തുവന്നാലും മേയ് കൊണ്ടുവരുന്ന ഡീലിനെ അനുകൂലിക്കുകയില്ലെന്ന നിലപാടിലാണ് ടോറിയുടെ സഖ്യകക്ഷിയായ ഡി.യു.പി. സഖ്യകക്ഷികളുടെ പിന്തുണയില്ലാതെ ഡീല്‍ പാസാക്കാന്‍ മേയ് നന്നായി വിയര്‍ക്കുകയും ചെയ്യും. ലേബറിലെ ചില എംപിമാര്‍ക്ക് മേയ് കൊണ്ടുവരുന്ന ഡീലിനോട് താല്‍പ്പര്യമുള്ളതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പ്രതിപക്ഷ പിന്തുണ ഉറപ്പിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെ വിമതര്‍ ഉള്‍പ്പെടെയുള്ള സ്വന്തം പാര്‍ട്ടി എം.പിമാരുടെയും സഖ്യകക്ഷി അംഗങ്ങളുടെയും പിന്തുണ മേയ്ക്ക് അനിവാര്യമാണ്. പ്രധാനമന്ത്രിയുടെ ഡീലിന് പാര്‍ലമെന്റ് പിന്തുണ നല്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നതെന്ന് ജസ്റ്റിസ് സെക്രട്ടറി ഡേവിഡ് ഗോക്ക് ഇന്നലെ പ്രതികരിച്ചിരുന്നു.
Leave a Reply