യുകെയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ബൈജു വർക്കി തിട്ടാല കേംബ്രിഡ്ജ് സിറ്റി കൗൺസിലറാണ്. യുകെ സീനിയർ കോർട്ട് സോളിസിറ്ററായ ലേഖകന്‍ കേംബ്രിഡ്ജ് സിറ്റി കൗൺസിൽ ടാക്സി ലൈസൻസിംഗ് കമ്മിറ്റിയുടെ വൈസ് ചെയർമാൻ ആണ്.
ലൈസന്‍സിംഗ് അതോറിറ്റിയുടെ പരമപ്രധാനമായ ലക്ഷ്യം പൊതുജന സംരക്ഷണവും സുരക്ഷയുമാണ്. ഒരാള്‍ക്ക് ലൈസന്‍സ് ലഭിക്കാന്‍, അയാൾ Fit and Proper Person ആണെന്ന് തെളിയിക്കപ്പെടണം. ഒരു ടാക്‌സി ഡ്രൈവര്‍ Fit and Proper Person ആണോയെന്ന് നിശ്ചയിക്കാന്‍ പൂര്‍വ്വ തൊഴില്‍, സാമൂഹ്യ പശ്ചാത്തലം, പോലീസ് അന്വേഷണം, ക്രിമിനല്‍ റെക്കോര്‍ഡ് മുതലായ പലതരം പരിശോധനകളുടെ അടിസ്ഥാനത്തിലാണ്. ഇത്തരത്തില്‍ അന്വേഷണം നടത്തി കിട്ടിയ വിവരങ്ങള്‍ പ്രകാരം ഇയാൾ ഫിറ്റ് ആന്റ് പ്രോപ്പര്‍ അല്ലെന്ന് വിലയിരുത്തപ്പെട്ടാൽ ഇയാളുടെ ലൈസന്‍സ് നിരസിക്കാനോ റദ്ദാക്കാനോ സാധ്യതയുണ്ട്. പഴയ Conviction, അംഗീകരിക്കാനാവാത്ത സ്വഭാവ രീതി, പെരുമാറ്റ ദൂഷ്യം ഇതൊക്കെ തീര്‍ച്ചയായും തീരുമാനത്തിൽ നിർണായകമായിരിക്കും
ഇത്തരത്തില്‍ ലൈസന്‍സന്‍സ് ലഭിക്കുന്ന ഒരാള്‍ക്ക് പിന്നീട് പൊതുജനത്തിന്റെ പരാതി മൂലമോ മറ്റേതെങ്കിലും ഏജന്‍സിയുടെ(പോലീസ്) പരാതി മൂലമോ അന്വേഷണ വിധേയമാവുകയും ഇയാള്‍ Fit and Proper Person അല്ലെന്ന് വിലയിരുത്തപ്പെട്ടാൽ ലൈസന്‍സ് റിവോക്ക് ചെയ്യപ്പെടാവുന്നതുമാണ്.
പൊതുജനത്തിന്റെ സംരക്ഷണവും സുരക്ഷിതത്വവും ഉറപ്പു വരുത്തേണ്ടത് ഒരു ലോക്കല്‍ ഗവണ്‍മെന്റിന്റെ നിയമപരമായ ബാധ്യതയാണ്. നഗരത്തിലൂടെ ഓടുന്ന പ്രൈവറ്റ് ടാക്സി ഹയറിംങ് ലൈസൻസ് നൽകുന്നത് ലോക്കൽ അതോറിറ്റിയുടെ അധികാര പരിധിയിൽ വരുന്ന കാര്യമാണ്. ടാക്‌സിയിലേക്ക് ഒരാള്‍ കയറുമ്പോള്‍ യാത്രക്കാരനെ സംബന്ധിച്ചിടത്തോളം ടാക്‌സി ഡ്രൈവര്‍ അപരിചിതനായിരിക്കും. ഡ്രൈവര്‍ വിശ്വസിക്കാവുന്ന വ്യക്തിയാണോ, കാര്യക്ഷമതയുള്ളയാളാണോ, താന്‍ സുരക്ഷിതനാണോയെന്ന് മുന്‍കൂട്ടി മനസിലാക്കാന്‍ യാതൊരു സാധ്യതയുമുണ്ടാവില്ല.
മാത്രമല്ല ഒരു യാത്രക്കാരനെ സംബന്ധിച്ചിടത്തോളം ചില സമയങ്ങളില്‍ തനിയെയായിരിക്കും യാത്ര ചെയ്യേണ്ടി വരുന്നത്. ഇത്തരം സാഹചര്യങ്ങളില്‍ ഡ്രൈവറിന്റെ മുന്‍കാല പശ്ചാത്തലമോാ അല്ലെങ്കില്‍ തൊഴില്‍ ക്രമക്കേടുകളോ ക്രിമിനല്‍ പശ്ചാത്തലമോ അറിവില്ലാത്ത ഒരു അവസ്ഥയില്‍, യാതൊരു പരിചയമോ ഇല്ലാത്ത ഒരാളുടെ കൂടെ തനിച്ച് യാത്ര ചെയ്യേണ്ടി വരുന്ന സ്ഥിതി വിശേഷം സംജാതമാകുകയും, അതിലുമുപരിയായി വാഹനത്തിന്റെ യാതൊരു നിയന്ത്രണവും യാത്രക്കാരന്റെ കൈകളിൽ അല്ല എന്ന അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. മറ്റേതൊരു സാഹചര്യത്തിലും ഒരുപക്ഷേ സര്‍വീസ് യൂസര്‍ക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്ത മറ്റൊരു തൊഴില്‍ മേഖല തന്നെയുണ്ടെന്ന് തോന്നുന്നില്ല. ഉദാ: ഒരു ലോയറിന്റെ ഓഫീസില്‍ എത്തുമ്പോള്‍ അവിടെ മറ്റു തൊഴിലാളികള്‍, മറ്റു ലോയേര്‍സ്, ഒരു ഡോക്ടറിനെ കാണുമ്പോള്‍ മറ്റ് മെഡിക്കല്‍ ജീവനക്കാര്‍.
എന്നാല്‍ ഒരു ടാക്‌സി വിളിച്ച് യാത്ര ചെയ്യുമ്പോള്‍ യാത്രക്കാര്‍ തനിക്ക് യാതൊരു പരിചയവുമില്ലാത്ത ഒരാളിനൊപ്പം വാഹനത്തിന്റെ യാതൊരു കണ്‍ട്രോളും ഇല്ലാതെ യാത്ര ചെയ്യുകയാണ്. പ്രത്യേകിച്ചും ബ്രിട്ടന്‍ പോലുള്ള ഒരു രാജ്യത്ത് പല രാജ്യത്ത് നിന്നും കുടിയേറിയവര്‍, പലതരം സംസാരശൈലി, ഉച്ചാരണശൈലി, പലതരം ജനങ്ങള്‍. മേല്‍പ്പറഞ്ഞ വസ്തുതകള്‍ എല്ലാം കണക്കിലെടുത്താണ് ടാക്‌സി ഡ്രൈവര്‍മാരുടെ ലൈസന്‍സിംഗ് സംമ്പ്രദായം ഏര്‍പ്പെടുത്തിയത്.
ഒരു പുതിയ ടാക്‌സിക്ക് ലൈസന്‍സ് കൊടുക്കുമ്പോള്‍ ലൈസന്‍സിംഗ് അതോറിറ്റിയില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്ന ബാധ്യത വളരെ വലുതാണെന്ന വസ്തുത സ്വഭാവികമായും സൂചിപ്പിക്കുന്നു. കാരണം ഇത്തരത്തില്‍ ലൈസന്‍സ് നല്‍കപ്പെടുന്ന അല്ലെങ്കില്‍ പുതുക്കി കൊടുക്കപ്പെടുന്ന ആള്‍ സത്യസന്ധനും, വിശ്വസ്തനും, ഒരാളെ ഒരു യാത്രക്കാരനെ ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് സുരക്ഷിതമായി എത്തിക്കുമെന്നത് വിശ്വസനീയമായ രീതിയിൽ ലൈസൻസിംഗ് അതോറിറ്റിയ്ക്ക് ബോധ്യപ്പെട്ടിരിക്കണം.
ഒരുപക്ഷേ യാത്രക്കാര്‍ നിങ്ങള്‍ തന്നെയാവാം, നിങ്ങളുടെ ഭാര്യ, മക്കള്‍, ബന്ധുക്കള്‍, നമുക്ക് ചുറ്റുമുള്ള സമൂഹത്തില്‍ നിന്ന് ആരുമാകാം. അതില്‍ കുട്ടികളുണ്ടാവും നമ്മുടെ പെണ്‍മക്കളുണ്ടാകും, പ്രായമായവര്‍ ഉണ്ടാകും, രോഗികള്‍ ഉണ്ടാകും ഇവരെ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കാന്‍ പ്രാപ്തിയുള്ളയാള്‍ക്ക് മാത്രമെ ലൈസന്‍സ് നല്‍കാവു എന്നത് നിയമപരമായ ബാധ്യതയാണ്. ഏതൊരു അതോറിറ്റിയുടെയും നിയമപരവും ധാർമികവുമായ ഉത്തരവാദിത്വവുമാണ്.
ടാക്‌സി ഡ്രൈവറായി തൊഴില്‍ ചെയ്യുന്ന ഒരു തൊഴിലാളിക്ക് പൊതുസമൂഹത്തിനോടും, പൊതുജനത്തോടുമുള്ള ഉത്തരവാദിത്വബോധം വളരെ ഉയര്‍ന്ന നിലവാരം പുലർത്തേണ്ടതാണ്. പൊതുജന സംരക്ഷണം കണക്കിലെടുക്കുമ്പോള്‍ മറ്റ് യാതൊരു മാനദണ്ഡവും കണക്കാക്കേണ്ട കാര്യമില്ല എന്നത് നിയമപരമാണ്. അക്കാരണത്താല്‍ ഏതെങ്കിലും കാര്യത്തില്‍ അച്ചടക്ക നടപടിക്ക് വിധേയമാവുന്ന ടാക്‌സി ഡ്രൈവറുടെ ജീവിത സാഹചര്യം(mitigation) കുടുംബത്തിന്റെ ജീവിത മാര്‍ഗം (financial circumstances) തുടങ്ങിയവയൊന്നും പരിഗണിക്കേണ്ട കാര്യമില്ല.
അക്കാരണത്താല്‍ ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് തങ്ങളില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്ന ഉത്തരവാദിത്വം വളരെ വലുതാണെന്ന് ബോധ്യം ഉണ്ടായിരിക്കേണ്ടതാണ്. കാരണം പൊതുജനത്തെ സംരക്ഷിക്കേണ്ടത് രാജ്യത്തിന്റെ ഉത്തരവാദിത്വമാണ്. ആ ഉത്തരവാദിത്വം നിറവേറ്റുമ്പോള്‍ പൊതുജനങ്ങളുടെ സുരക്ഷിതത്വത്തിനു മാത്രമാണ് പ്രാധാന്യം നല്കപ്പെടുന്നത്, അതിന് മുന്‍പില്‍ മറ്റൊരു മാനദണ്ഡവും നോക്കേണ്ട ആവശ്യം ലോക്കൽ അതോറിറ്റിക്കില്ല. പൊതുജനം സംരക്ഷിക്കപ്പെട്ടിരിക്കണം അത്രമാത്രം.
ഒരുപക്ഷേ ടാക്‌സി ഡ്രൈവര്‍ എന്ന നിലയിൽ ഒരാൾക്കു സമൂഹത്തോടുള്ള ഉത്തരവാദിത്വം മറ്റൊരു തൊഴിലിലും ഇല്ല എന്നുപറയുന്നതിൽ വസ്തുതാപരമായി യാതൊരു തെറ്റും തോന്നുന്നില്ല. ഇക്കാരണത്താല്‍ തന്നെ ടാക്‌സി ലൈസൻസ് നൽകുമ്പോൾ അല്ലെങ്കിൽ പുതുക്കുമ്പോള്‍ പരിഗണിക്കേണ്ട മാനദണ്ഡം പല കോടതി വിധികളിലും ആവശ്യപ്പെടുന്ന മാര്‍ഗരേഖയിലൂടെ മാത്രമാണ് തീരുമാനമെടുക്കുന്നത്.
Leave a Reply