ന്യൂഡല്‍ഹി: നടി ആക്രമണക്കേസില്‍ സുപ്രധാന തെളിവായ മെമ്മറി കാര്‍ഡ് ആവശ്യപ്പെട്ട് കേസിലെ പ്രതിയായി നടന്‍ ദീലീപ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുക. കേസുമായി ബന്ധപ്പെട്ട എല്ലാ തെളിവുകളും പ്രതി പട്ടികയില്‍ പേരുള്ള തനിക്ക് പരിശോധിക്കാന്‍ അവകാശമുണ്ടെന്നും തെളിവുകളെല്ലാം തനിക്ക് കൈമാറാന്‍ തയ്യാറാകണമെന്നുമാണ് ഹര്‍ജിയില്‍ ദിലീപ് ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
കേസിലെ ഇരയുടെ സ്വകാര്യത ഹനിക്കപ്പെടാന്‍ സാധ്യതയുള്ളതായി ചൂണ്ടിക്കാണിച്ച് നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും ദീലീപിന്റെ ആവശ്യം തള്ളിയിരുന്നു. പിന്നാലെയാണ് ഇയാള്‍ സുപ്രീം കോടതിയെ സമര്‍പ്പിച്ചത്. ദിലീപിന്റെ ആവശ്യത്തെ എതിര്‍ത്ത് സര്‍ക്കാര്‍ രംഗത്ത് വരുമെന്നാണ് റിപ്പോര്‍ട്ട്. ഇരയുടെ സ്വകാര്യതയെ മാനിച്ചുകൊണ്ട് കേസിലെ പ്രധാന തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങള്‍ നല്‍കാനാവില്ലെന്ന് നേരത്തെ സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തെ കേസില്‍ സിബിഐ ആന്വേഷണം നടത്തണമെന്ന പ്രതിയുടെ ആവശ്യം കോടതി തള്ളിയിരുന്നു. ഏത് ഏജന്‍സിയാണ് കേസ് അന്വേഷിക്കേണ്ടതെന്ന് പ്രതിക്ക് നിര്‍ദേശം നല്‍കാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. വിചാരണ നടപടികള്‍ വൈകിപ്പിക്കാനുള്ള ശ്രമം പ്രതിയുടെ ഭാഗത്ത് നിന്ന് നടക്കുന്നതായി സര്‍ക്കാര്‍ ആരോപിച്ചിരുന്നു.
Leave a Reply