ബ്രിട്ടീഷ് രാജകുടുംബത്തില്‍ ഒരു രാജകുമാരന് കൂടി പിറന്നു. ഹാരി-മേഗന് ദമ്പതികള്‍ക്ക് ആണ്‍കുഞ്ഞ് പിറന്നതായി ഹാരി രാജകുമാരന് അറിയിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഹാരി അറിയിച്ചു. രാജകുമാരന് എന്തു പേരിടണമെന്ന കാര്യം ഇപ്പോഴും ആലോചിക്കുകയാണ്. ബ്രിട്ടീഷ് സമയം 05.26നായിരുന്നു ജനനമെന്നും ഹാരി വ്യക്തമാക്കി. കുഞ്ഞിന് 3.2 കിലോഗ്രാം ഭാരമുണ്ടെന്നും ഹാരി രാജകുമാരന് ജനന സമയത്ത് ഒപ്പമുണ്ടായിരുന്നുവെന്നും ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചു. കിരീടാവകാശത്തില് ഏഴാം സ്ഥാനത്താണ് ഹാരിയുടെ മകന്. വെയില്‍സ് രാജകുമാരന്, കേംബ്രിഡ്ജ് പ്രഭു, മക്കളായ ജോര്‍ജ് രാജകുമാരന്, ഷാര്‍ലറ്റ് രാജകുമാരി, ലൂയിസ് രാജകുമാരന്, ഹാരി എന്നിവര്‍ക്കു ശേഷമാണ് ഹാരിയുടെ മകന്റെ സ്ഥാനം. എലിസബത്ത് രാജ്ഞിയുടെ എട്ടാമത്തെ പേരക്കുട്ടിയാണ് ഹാരിയുടെ മകന്.
തന്റെ ആദ്യത്തെ കുട്ടിയുടെ ജനനമായതിനാല്‍ ഒപ്പമുണ്ടായിരുന്നുവെന്നും അതിശയകരമായിരുന്നു ഇതെന്നും തന്റെ ഭാര്യയില്‍ തനിക്ക് അഭിമാനം തോന്നുന്നുവെന്നും ഹാരി പറഞ്ഞു. എല്ലാ മാതാപിതാക്കളും പറയുന്നതുപോലെ നമ്മുടെ കുട്ടികള്‍ വിസ്മയിപ്പിക്കുന്നവരാണ്. താനിപ്പോള്‍ ആകാശത്തു നില്ക്കുന്നതുപോലെയാണ് തോന്നുന്നതെന്നും ഹാരി പറഞ്ഞു. രാജകുമാരന്റെ ജനനം അറിയിച്ചുകൊണ്ടുള്ള നോട്ടീസ് ഫലകം ബക്കിംഗ്ഹാം കൊട്ടാരത്തിന്റെ മുന്നില്‍ സ്ഥാപിച്ചു. തിങ്കളാഴ്ച രാത്രി 10 മണി വരെ ഇത് ഇവിടെയുണ്ടാകും. എലിസബത്ത് രാജ്ഞി, ഫിലിപ്പ് രാജകുമാരന്, ചാള്‍സ് രാജകുമാരന് തുടങ്ങി രാജകുടുംബത്തിലുള്ള എല്ലാവരും രാജകുമാരന്റെ ജനനത്തില്‍ സന്തോഷം അറിയിച്ചു.
മേഗന്റെ അമ്മ ഡോറിയ റാഗ്ലാന്ഡ് അവരുടെ പേരക്കുട്ടിയുടെ ജനനത്തോടനുബന്ധിച്ച് മകള്‍ക്കൊപ്പം എത്തിയിട്ടുണ്ട്. ഫ്രോഗ്മോര് കോട്ടേജിലാണ് ഇവര്‍ താമസിക്കുന്നത്. കേംബ്രിഡ്ജ് പ്രഭുവും ഭാര്യയും ജനനത്തില്‍ സന്തോഷം അറിയിച്ചതായി കെന്‍സിംഗ്ടണ്‍ പാലസ് ഇന്‍സ്റ്റഗ്രാമില്‍ അറിയിച്ചു.
Leave a Reply