തൊടുപുഴ∙ ജോസ്. കെ മാണിയെ കേരള കോൺഗ്രസ് ചെയർമാനായി തിരഞ്ഞെടുത്ത നടപടി തൊടുപുഴ മുൻസിഫ് കോടതി സ്റ്റേ ചെയ്തു. ഫിലിപ്പ് സ്റ്റീഫൻ, മനോഹർ നടുവിലേടത്ത് എന്നീ സംസ്ഥാന കമ്മിറ്റി അംഗങ്ങൾ നൽകിയ കേസിലാണു സ്റ്റേ. ജോസ്. കെ മാണി ചെയർമാന്റെ ഓഫിസ് കൈകാര്യം ചെയ്യുന്നതും തിരഞ്ഞെടുപ്പ് നടത്തുന്നതും കോടതി സ്റ്റേ ചെയ്തു.
ചെയർമാൻ എന്ന ഔദ്യോഗിക നാമം ഉപയോഗിക്കുന്നതിനും, ചെയർമാന്റെ ഓഫിസ് കൈകാര്യം ചെയ്യുന്നതിനും ജോസ് കെ. മാണിക്കു കോടതി വിലക്ക് ഏർപ്പെടുത്തി. ചെയർമാൻ ആണെന്നു പറഞ്ഞു തിരഞ്ഞെടുപ്പു കമ്മിഷനു കത്തയയ്ക്കാൻ പാടില്ലെന്നും കോടതി ഉത്തരവിൽ പറയുന്നു.
കെ എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് കേരള കോൺഗ്രസിന്റെ (എം) പുതിയ ചെയര്‍മാനായി കോട്ടയത്ത് ചേര്‍ന്ന സംസ്ഥാന സമിതി അംഗങ്ങളുടെ യോഗത്തിലാണ് ജോസ് കെ മാണിയെ തിരഞ്ഞെടുത്തത്.
ചെയർമാൻ തിരഞ്ഞെടുപ്പ് ചട്ടങ്ങൾ മറികടന്നാണെന്നും സാധൂകരണമില്ലെന്നും ജോസഫ് പക്ഷം ആരോപിച്ചിരുന്നു. ജോസ് കെ. മാണി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാനെന്ന് കാണിച്ച് തിരഞ്ഞെടുപ്പ് കമ്മിഷന് കത്ത് അയച്ചിരുന്നു. സംസ്ഥാന കമ്മിറ്റിയിലെ 325 പേരുടെ പിന്തുണയുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Leave a Reply