ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥീരീകരിച്ചതിനെ തുടര്‍ന്ന് പതിനയ്യായിരത്തോളം താറാവുകളെ കൊന്നു. ഇനിയും പതിനായിരത്തോളം താറാവുകളെ കൊല്ലാനുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് അടങ്ങുന്ന അപ്പര്‍ കുട്ടനാട് മേഖലയിലാണ് താറാവുകളെ കൂട്ടത്തോടെ കൊന്ന് കത്തിച്ചത്.

പക്ഷിപ്പനി പകരുന്നത് പഠിക്കാനായി വിദഗ്ധ സംഘം ഉടന്‍ ആലപ്പുഴയിലെത്തും . ഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്യൂബര്‍കുലോസിസ് ആന്‍ഡ് റെസ്പിറേറ്ററി ഡിസീസസ്, നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍, ചെന്നൈയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി, ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് എന്നിവിടങ്ങളില്‍ നിന്നുള്ള വിദഗ്ധര്‍ അടങ്ങുന്നതാണ് സംഘം. ബാംഗ്‌ളൂരിലെ ഹെല്‍ത്ത് ആന്‍ഡ് ഫാമിലി വെല്‍ഫെയര്‍ റീജിയണല്‍ ഓഫീസിലെ സീനിയര്‍ ആര്‍ഡി ഡോ. രാജേഷ് കെദാമണിയാണ് സംഘത്തിന് നേതൃത്വം നല്‍കുന്നത്.

കഴിഞ്ഞവര്‍ഷവും ഇതേ സമയത്ത് ആലപ്പുഴയില്‍ പക്ഷിപ്പനി സ്ഥീരീകരിച്ചിരുന്നു. ക്രിസ്തുമസ് കാലമടുത്തതോടെ താറാവുകളെ കൂട്ടത്തോടെ കൊല്ലേണ്ട സ്ഥിതിവിശേഷമുണ്ടായത് കര്‍ഷകരെ ആശങ്കയിലാഴ്തിയുട്ടുണ്ട്.