ലോകകപ്പ് നേടാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെട്ടിരുന്ന ആതിഥേയരായ ഇംഗ്ലണ്ട് ഇക്കുറി സെമിഫൈനലിൽ എത്താതെ പുറത്താകുമോ? അവിശ്വസനീയമെന്നു തോന്നാവുന്ന ഇത്തരമൊരു സാധ്യതയ്ക്കു വഴിമരുന്നിട്ട് ഇംഗ്ലണ്ടിന് ഈ ലോകകപ്പിലെ മൂന്നാം തോൽവി. നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയയാണ് ഇംഗ്ലണ്ടിനെ തകർത്തുവിട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 285 റൺസാണെടുത്തത്. ഇംഗ്ലണ്ടിന്റെ മറുപടി 44.4 ഓവറിൽ 221 റൺസിൽ അവസാനിച്ചു. തോൽവി 64 റൺസിന്. ഏഴു മൽസരങ്ങളിൽനിന്ന് എട്ടു പോയിന്റുമായി പട്ടികയിൽ ഇപ്പോഴും നാലാം സ്ഥാനത്തുണ്ടെങ്കിലും ഇംഗ്ലണ്ടിന്റെ സെമിസാധ്യതകളിൽ കരിനിഴൽ വീണുകഴിഞ്ഞു. ഓസ്ട്രേലിയയാകട്ടെ, ഏഴു മൽസരങ്ങളിൽനിന്ന് 12 പോയിന്റുമായി പട്ടികയിൽ ഒന്നാമതെത്തി.
10 ഓവറിൽ 44 റൺസ് മാത്രം വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തിയ ജെയ്സൻ ബെഹ്റെൻഡോർഫാണ് ഇംഗ്ലണ്ട് ബാറ്റിങ്ങിനെ തകർത്തെറിഞ്ഞത്. 8.4 ഓവറിൽ 43 റൺസ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്ക് ഉറച്ച പിന്തുണ നൽകി. മാർക്കസ് സ്റ്റോയ്നിസിനാണ് ശേഷിച്ച വിക്കറ്റ്. തുടർച്ചയായ രണ്ടാം മൽസരത്തിലും അർധസെഞ്ചുറിയുമായി ഒറ്റയ്ക്കു പൊരുതിയ ബെൻ സ്റ്റോക്സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. സ്റ്റോക്സ് 115 പന്തിൽ എട്ടു ബൗണ്ടറിയും രണ്ടു സിക്സും സഹിതം 89 റൺസെടുത്തു.
ജോണി ബെയർസ്റ്റോ (39 പന്തിൽ 27), ജോസ് ബട്ലർ (27 പന്തിൽ 25), ക്രിസ് വോക്സ് (34 പന്തിൽ 26), ആദിൽ റഷീദ് (20 പന്തിൽ 25) എന്നിവരും ഭേദപ്പെട്ട സ്കോർ കണ്ടെത്തിയെങ്കിലും അവയൊന്നും ഓസീസ് സ്കോറിനെ വെല്ലുവിളിക്കാൻ പര്യാപ്തമായില്ല. ജയിംസ് വിൻസ് (പൂജ്യം), ജോ റൂട്ട് (ഒൻപതു പന്തിൽ എട്ട്), ക്യാപ്റ്റൻ ഒയിൻ മോർഗൻ (ഏഴു പന്തിൽ നാല്), മോയിൻ അലി (ഒൻപതു പന്തിൽ ആറ്), ജോഫ്ര ആർച്ചർ (നാലു പന്തിൽ ഒന്ന്) എന്നിവർ തീർത്തും നിരാശപ്പെടുത്തുകയും ചെയ്തു. മാർക്ക് വുഡ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഓസീസ് നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിലാണ് 285 റണ്സെടുത്തത്. ഈ ലോകകപ്പിലെ രണ്ടാമത്തെയും ഏകദിനത്തിലെ 15–ാമത്തെയും സെഞ്ചുറി കുറിച്ച ഫിഞ്ചും, ഈ ലോകകപ്പിലെ റൺനേട്ടം 500ൽ എത്തിച്ച ഡേവിഡ് വാർണറുമാണ് ഓസീസ് ഇന്നിങ്സിനു കരുത്തു പകർന്നത്. ഫിഞ്ച് 100 റൺസെടുത്തും വാർണർ 53 റൺസെടുത്തും പുറത്തായി.
ഓപ്പണിങ് വിക്കറ്റിൽ ഫിഞ്ച് – വാർണർ സഖ്യം 123 റൺസ് കൂട്ടിച്ചേർത്തു. ടോപ് സ്കോറർമാരിൽ വാർണറിനു പിന്നിൽ രണ്ടാമതാണ് ഫിഞ്ച് (496 റൺസ്).
116 പന്തിൽ 11 ബൗണ്ടറിയും രണ്ടു സിക്സും സഹിതമാണ് ഫിഞ്ച് 100 റൺസെടുത്തത്. സെഞ്ചുറി പൂർത്തിയാക്കിയതിനു തൊട്ടുപിന്നാലെ ഫിഞ്ച് പുറത്തായി. 61 പന്തിൽ ആറു ബൗണ്ടറി സഹിതമാണ് വാർണറിന്റെ 20–ാം ഏകദിന അർധസെഞ്ചുറി. വാർണർ പുറത്തയശേഷം ഉസ്മാൻ ഖവാജയെ കൂട്ടുപിടിച്ച് ഫിഞ്ച് അർധസെഞ്ചുറി കൂട്ടുകെട്ടും തീർത്ത് കൂറ്റൻ സ്കോറിന് അടിത്തറയിട്ടെങ്കിലും തുടർന്നുവന്നവർ നിരാശപ്പെടുത്തിയതോടെയാണ് ഓസീസ് സ്കോർ 285ൽ ഒതുങ്ങിയത്. 32.1 ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 173 റണ്സെന്ന നിലയിലായിരുന്നു ഓസീസ്. അതിനുശേഷമുള്ള 17.4 ഓവറിൽ ആറു വിക്കറ്റ് നഷ്ടപ്പെടുത്തിയ ഓസീസിനു നേടാനായത് 112 റൺസ് മാത്രം.
ഉസ്മാൻ ഖവാജ (29 പന്തിൽ 23), സ്റ്റീവ് സ്മിത്ത് (34 പന്തിൽ 38) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. അവസാന ഓവറുകളിൽ തകർത്തടിച്ച് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ അലക്സ് കാരിയാണ് ഓസീസ് സ്കോർ 285ൽ എത്തിച്ചത്. കാരി 27 പന്തിൽ അഞ്ചു ബൗണ്ടറി സഹിതം 38 റൺസെടുത്തു. അതേസമയം, ഗ്ലെൻ മാക്സ്വെൽ (എട്ടു പന്തിൽ 12), മാർക്കസ് സ്റ്റോയ്നിസ് (15 പന്തിൽ എട്ട്), പാറ്റ് കമ്മിൻസ് (നാലു പന്തിൽ ഒന്ന്) എന്നിവർ നിരാശപ്പെടുത്തി. മിച്ചൽ സ്റ്റാർക്ക് ആറു പന്തിൽ നാലു റൺസുമായി പുറത്താകാതെ നിന്നു. ഇംഗ്ലണ്ടിനായി ക്രിസ് വോക്സ് 10 ഓവറിൽ 46 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ജോഫ്ര ആർച്ചർ, മാർക്ക് വുഡ്, മോയിൻ അലി, ബെൻ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി.
Leave a Reply