ലോകകപ്പ് ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരെ കനത്ത തോൽവി വഴങ്ങിയതോടെ ന്യൂസിലാന്റിന്റെ സെമി സാധ്യത ത്രിശങ്കുവിലായി. ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഉയർത്തിയ 244 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാന്റ് 157 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്താവുകയായിരുന്നു.

താരതമ്യേന കുറഞ്ഞ സ്കോറായിരുന്നിട്ടും ഓസീസിന്റെ ബോളിംഗ് നിരയ്ക്ക് മുന്നിൽ പിടിച്ചുനിൽക്കാൻ കീവീസ് പടയ്ക്ക് സാധിച്ചില്ല. കീവീസ് നിരയിൽ നായകൻ കെയ്ൻ വില്യംസൺ മാത്രമാണ് അൽപമെങ്കിലും തിളങ്ങിയത്. 40 റൺസ് നേടിയ വില്യംസണാണ് അവരുടെ ടോപ് സ്കോറർ. റോസ് ടെയ്‌ലർ 30 റൺസും മാർട്ടിൻ ഗുപ്ടിൽ 20 റൺസും നേടി.

ഓസീസിന് വേണ്ടി മിച്ചൽ സ്റ്റാർക് 9.4 ഓവറിൽ 26 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടി. ബെഹ്റെന്റോഫ് രണ്ടും കുമ്മിൻസ്, ലിയോൻ, സ്റ്റീവ് സ്മിത്ത് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത ഓസീസ് ഉസ്മാൻ ഖവാജയുടെ 88 റൺസ് മികവിലാണ് ഭേദപ്പെട്ട സ്കോർ പടുത്തുയർത്തിയത്. അലക്സ് കാരി 71 റൺസ് നേടി പുറത്തായി. കീവീസിന് വേണ്ടി ട്രെന്റ് ബോൾട്ട് ഹാട്രിക്കടക്കം നാല് വിക്കറ്റ് നേടി.

പോയിന്റ് പട്ടികയിൽ ഇതോടെ ഓസീസിന് 14 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയ്ക്ക് 11 പോയിന്റാണ്. എന്നാൽ ഇന്ത്യക്കിനി മൂന്ന് മത്സരങ്ങൾ ബാക്കിയുണ്ട്.

മൂന്നാം സ്ഥാനത്തുള്ള കീവീസിന് ഇപ്പോൾ 11 പോയിന്റാണ്. ഒരു മത്സരം മാത്രമാണ് ഇവർക്കിനി അവശേഷിക്കുന്നത്. അതും കരുത്തരായ ഇംഗ്ലണ്ടാണ് എതിരാളികൾ. അഞ്ചാം സ്ഥാനത്തുള്ള ഇംഗ്ലണ്ടിന് രണ്ട് മത്സരങ്ങൾ ബാക്കിയുണ്ട്. സെമിഫൈനലിൽ കടക്കണമെങ്കിൽ രണ്ടിലും ഇവർക്ക് വിജയം അനിവാര്യമാണ്. എന്നാൽ ഇന്ത്യയാണ് ഇനി ഇംഗ്ലണ്ടിനോട് ഏറ്റുമുട്ടുന്ന മറ്റൊരു ടീം.

അതേസമയം അഫ്‌ഘാനോട് ശ്വാസം മുട്ടിയാണെങ്കിലും ജയിച്ച പാക്കിസ്ഥാൻ സെമിഫൈനൽ സാധ്യത സജീവമാക്കി. നാലാം സ്ഥാനത്തുള്ള പാക്കിസ്ഥാന് ഒൻപത് പോയിന്റുണ്ട്. ബംഗ്ലാദേശുമായുള്ള അടുത്ത മത്സരത്തിൽ ജയിക്കാനായാൽ പിന്നെ പാക്കിസ്ഥാന് സെമിയിലേക്കുള്ള സാധ്യത കൂടുതൽ സജീവമാക്കാം. എന്നാൽ അതിന് ഇംഗ്ലണ്ട് ഇനിയുള്ള രണ്ട് മത്സരത്തിലും പരാജയപ്പെടണം.

ഇംഗ്ലണ്ട് അടുത്ത രണ്ട് മത്സരങ്ങളിലും ജയിക്കുകയും ബംഗ്ലാദേശിനെ പാക്കിസ്ഥാൻ ഉയർന്ന മാർജിനിൽ തോൽപ്പിക്കുകയും ചെയ്താൽ ഈ ഇരു രാഷ്ട്രങ്ങളും സെമിയിലേക്ക് മുന്നേറും. ബംഗ്ലാദേശ് പാക്കിസ്ഥാനെ തോൽപ്പിക്കുകയാണെങ്കിൽ ഇംഗ്ലണ്ടിന് ഒരു കളി ജയിച്ചാൽ സെമിയിലേക്ക് പ്രവേശിക്കാനാവും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ സെമി സാധ്യതകൾ സജീവമാക്കി ആവേശപ്പോരില്‍ പാക്കിസ്ഥാന് തകര്‍പ്പന്‍ ജയം. അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തിയ 228 റണ്‍സിന്റെ വിജയലക്ഷ്യം അവസാന ഓവറിലാണ് പാക്കിസ്ഥാന്‍ മറി കടന്നത്. അവസാന ഓവറില്‍ പാക്കിസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത് ആറ് റണ്‍സായിരുന്നു. രണ്ട് പന്ത് ബാക്കി നില്‍ക്കെ പാക്കിസ്ഥാന്‍ ലക്ഷ്യത്തിലെത്തി. മൂന്ന് വിക്കറ്റിനാണ് പാക് വിജയം.

ഇതോടെ പോയന്റ് ടേബിളില്‍ ഇംഗ്ലണ്ടിനെ പിന്തള്ളി പാക്കിസ്ഥാന്‍ നാലാമതെത്തി.നിര്‍ണായക നിമിഷത്തില്‍ അഫ്ഗാനിസ്ഥാന്റെ ഭാഗത്തു നിന്നുമുണ്ടായ ഫില്‍ഡിങ് പിഴവും അവര്‍ക്ക് തിരിച്ചടിയായി.

രണ്ട് വിക്കറ്റും 49 റണ്‍സും നേടിയ ഇമാദ് വസീമാണ് പാക്കിസ്ഥാന്റെ വിജയ ശില്‍പ്പി. അവസാന ഓവറുകളിലേക്ക് അടുക്കവെ പാക്കിസ്ഥാന്‍ കളി കൈവിട്ടെന്ന് തോന്നിപ്പിച്ചിരുന്നു. എന്നാല്‍ ഇമാദ് പാക്കിസ്ഥാനെ കൂറ്റനടികളിലൂടെ തിരികെ കൊണ്ടു വരികയായിരുന്നു. 54 പന്തില്‍ 49 റണ്‍സാണ് ഇമാദ് നേടിയത്. ഒമ്പതാമനായി ഇറങ്ങിയ വഹാബ് റിയാസ് 9 പന്തില്‍ 15 റണ്‍സ് നേടി വിജയം വേഗത്തിലാക്കാന്‍ സഹായിച്ചു.

ഓപ്പണര്‍ ഫഖര്‍ സമാനെ റണ്‍ ഒന്നും എടുക്കാതെ അഫ്ഗാന്‍ പുറത്താക്കിയപ്പോള്‍ പാക്കിസ്ഥാന്‍ തെല്ലൊന്ന് ഭയന്നു. എന്നാല്‍ ഇമാം ഉള്‍ ഹഖും ബാബര്‍ അസമും നല്ല അടിത്തറ പാകിയതോടെ കളി പാക്കിസ്ഥാന്റെ വരുതിയിലായി. ബാബര്‍ 51 പന്തില്‍ 45 റണ്‍സ് നേടി. 36 റണ്‍സാണ് ഇമാമിന്റെ സമ്പാദ്യം. ഹാരിസ് സൊഹൈല്‍ 27 റണ്‍സും സര്‍ഫ്രാസ് അഹമ്മദ് 18 റണ്‍സും കൂട്ടിച്ചേര്‍ത്തു. ഇന്നത്തെ വിജയത്തോടെ പാക്കിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ വീണ്ടും സജീവമായി.

നേരത്തെ മധ്യനിരയുടെ ചെറുത്തു നില്‍പ്പാണ് അഫ്ഗാന് പൊരുതാനുള്ള സ്‌കോര്‍ സമ്മാനിച്ചത്. നാല് വിക്കറ്റുമായി തിളങ്ങിയ ഷഹീന്‍ അഫ്രീദിയാണ് അഫ്ഗാന്റെ നട്ടെല്ലൊടിച്ചത്.

റഹ്മത്ത് ഷായും ഗുല്‍ബാദിന്‍ നയിബും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് അഫ്ഗാന് നല്‍കിയത്. ഷാ 35 റണ്‍സും നയിബ് 15 റണ്‍സുമെടുത്തു. ഷായെ ഇമാദും നയിബിനെ ഷഹീനുമാണ് പുറത്താക്കിയത്. പിന്നാലെ വന്ന ഹഷ്മത്തുള്ളയെ ആദ്യ പന്തില്‍ തന്നെ ഷഹീന്‍ മടക്കി. എന്നാല്‍ മധ്യനിര ശക്തമായി ചെറുത്തു നിന്നു.

ഇക്രം അലി 24 റണ്‍സെടുത്ത് ഇമാദിന്റെ പന്തില്‍ പുറത്തായി. എന്നാല്‍ അസ്ഗര്‍ അഫ്ഗാന്‍ 35 പന്തില്‍ 42 റണ്‍സുമായി തകര്‍ത്തടിച്ചു. 16 റണ്‍സെടുത്ത നബിയെ വഹാബ് റിയാസ് പുറത്താക്കി. നജീബുള്ള സദ്രാന്‍ 42 റണ്‍സെടുത്ത് നില്‍ക്കെ ഷഹീന്റെ പന്തില്‍ പുറത്തായി. 50 ഓവര്‍ തികച്ച് ബാറ്റ് ചെയ്യാന്‍ സാധിച്ചത് അഫ്ഗാന്റെ ചെറുത്തു നില്‍പ്പിന്റെ ഫലമാണ്. ഒമ്പത് വിക്കറ്റുകളാണ് അഫ്ഗാന് നഷ്ടമായത്.