വയനാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരി എടവക എള്ളുമന്ദം പുളിയാര്‍മറ്റത്തില്‍ സിന്ധു (42) വീടിനുള്ളില്‍ തൂങ്ങിമരിച്ച സംഭവത്തിൽ ആരോപണവുമായി കുടുംബം. ആത്മഹത്യക്ക് പിന്നിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചു. മാനന്തവാടി സബ് ആർടിഒ ഓഫിസിലെ ഉദ്യോഗസ്ഥരുടെ മാനസിക പീഡനം കാരണമാണ് സഹോദരി ആത്മഹത്യ ചെയ്തതെന്ന് സഹോദരൻ നോബിൾ പറഞ്ഞു.

ഓഫീസിൽ കൈക്കൂലി വാങ്ങാൻ കൂട്ടുനിൽക്കാത്തത് ഉദ്യോഗസ്ഥരുടെ പകയ്ക്ക് കാരണമായെന്നും തന്നെ ഒറ്റെപ്പെടുത്താൻ ഉദ്യോഗസ്ഥർ ശ്രമിച്ചതായി സിന്ധു പറഞ്ഞിരുന്നുവെന്നും ജോലി നഷ്ടപ്പെടുമെന്ന ഭയമുണ്ടായിരുന്നെന്നും കുടുംബം ആരോപിച്ചു.

അതേസമയം ഓഫീസിൽ സിന്ധുവുമായി പ്രശ്നങ്ങളോ തർക്കങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് മാനന്തവാടി ജോയിന്‍റ് ആർടിഒ പ്രതികരിച്ചത്. സബ് ആര്‍ടിഒ ഓഫീസിലെ സീനിയര്‍ ക്ലാര്‍ക്കാണ് സിന്ധു. ഒന്‍പത് വർഷമായി മാനന്തവാടി സബ് ആർടിഒ ഓഫീസിൽ ജീവനക്കാരിയാണ്. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സിന്ധുവിനെ സഹോദരന്‍റെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഭിന്നശേഷിയുള്ളയാളും അവിവാഹിതയുമാണ് സിന്ധു. മരണകാരണം ഇതുവരെ വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. പിതാവ് : ആഗസ്തി മാതാവ് : പരേതയായ ആലീസ്. സഹോദരങ്ങള്‍ : ജോസ്, ഷൈനി, ബിന്ദു, നോബിള്‍.