മലപ്പുറം ∙ ബ്രിട്ടിഷ് നാവികസേന പിടിച്ചെടുത്ത ‘ഗ്രേസ്–1’ എന്ന ഇറാനിയൻ കപ്പലിലും മൂന്നു മലയാളികൾ കുടുങ്ങിയിട്ടുണ്ടെന്നു സൂചന. ഇറാനിലെ ഗ്രേസ്–1 കമ്പനിയിൽ ജൂനിയർ ഓഫിസറായ വണ്ടൂർ സ്വദേശി കെ.കെ.അജ്മൽ (27) ആണ് ഒരാൾ. ഗുരുവായൂർ സ്വദേശി റെജിൻ, കാസർകോട് സ്വദേശി പ്രദീഷ് എന്നിവരാണ് കുടുങ്ങിയ മറ്റു രണ്ടുപേർ. എല്ലാവരും സുരക്ഷിതരാണെന്ന് അജ്മൽ ബന്ധുക്കളെ അറിയിച്ചു.
സിറിയയിലേക്ക് എണ്ണയുമായി പോകുമ്പോൾ, രണ്ടാഴ്ച മുൻപാണ് ജിബ്രാൾട്ടർ കടലിടുക്കിൽനിന്നു മാറി, ഗ്രേസ്1 ഇറാനിയൻ ടാങ്കർ, റോയൽ മറീനുകൾ പിടിച്ചെടുത്തത്. യൂറോപ്യൻ യൂണിയന്റെ ഉപരോധം മറികടന്ന് എണ്ണയുമായി പോയതിനായിരുന്നു പിടിച്ചെടുക്കൽ എന്നാണ് വിശദീകരണം.
ഈ കപ്പൽ 30 ദിവസംകൂടി തടങ്കലിൽ വയ്ക്കാൻ ജിബ്രാൾട്ടർ സുപ്രീം കോടതി ഉത്തരവിട്ടതിനു തൊട്ടുപിന്നാലെയാണ് ഇറാൻ ബ്രിട്ടിഷ് എണ്ണക്കപ്പലായ ‘സ്റ്റെന ഇംപറോ’ പിടിച്ചെടുത്തത്. ഈ കപ്പലിൽ 18 ഇന്ത്യക്കാരുണ്ടെന്നാണ് വിവരം. അജ്മൽ ‘സ്റ്റെന ഇംപറോ’യിലെ ജീവനക്കാരണെന്നായിരുന്നു ആദ്യവിവരം.
എറാണാകുളം സ്വദേശികളായ മൂന്നു പേരാണ് ബ്രിട്ടിഷ് കപ്പലിൽ കുടുങ്ങിയിരിക്കുന്നതെന്നാണ് വിവരം. കപ്പലിന്റെ ക്യാപ്റ്റൻ ഫോർട്ട് കൊച്ചി സ്വദേശിയാണെന്നും റിപ്പോർട്ടുണ്ട്. എന്നാൽ ഈ കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെന്നു വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
Leave a Reply