മലയാളം യുകെ ന്യൂസ് ബ്യൂറോ
ഒരു നീണ്ട കാത്തിരിപ്പിന് വിരാമം. പുതിയ പ്രധാനമന്ത്രിയെ വരവേൽക്കാൻ ബ്രിട്ടന്റെ രാജവീഥികൾ തയ്യാറായിക്കഴിഞ്ഞു. 160000ഓളം വരുന്ന ടോറി അംഗങ്ങളുടെ ഇടയിൽ നടന്ന വോട്ടെടുപ്പ് അവസാനിച്ചു. ഇനി ഒരു ചോദ്യം മാത്രം ബാക്കി : ജോൺസണോ , ഹണ്ടോ? . ഫലം ഉടൻ തന്നെ അറിയാം. നാളെ തന്നെ പുതിയ പ്രധാനമന്ത്രി അധികാരമേൽക്കും. മുൻ ലണ്ടൻ മേയർ ആയിരുന്ന ബോറിസ് ജോൺസണാണ് മുൻതൂക്കം. മെയ്യിൽ 10 പേരുമായി ആരംഭിച്ച പോരാട്ടം അവസാനം രണ്ട് പേരിൽ എത്തി നിൽക്കുന്നു. ടോറി എംപിമാർക്കിടയിൽ നടന്ന അവസാന ഘട്ട വോട്ടെടുപ്പിലും ജോൺസൺ വ്യക്തമായ ഭൂരിപക്ഷം നേടിയാണ് മുന്നേറിയത്. മൈക്കിൾ ഗോവ്, സാജിദ് ജാവീദ് തുടങ്ങിയ പ്രമുഖർ പോരാടിയെങ്കിലും പാതിവഴിയിൽ വീണുപോയി. കഴിഞ്ഞ ഒരു മാസം നീണ്ട പ്രചാരണ പരിപാടിയിലൂടെ ജോൺസണും, ഹണ്ടും അനേക വാഗ്ദാനങ്ങൾ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്. എന്നാൽ മേ ഗവണ്മെന്റിലെ പല എംപിമാരും ജോൺസന്റെ വിജയം ആഗ്രഹിക്കാത്തവരാണ്. വോട്ടെടുപ്പ് അവസാനിക്കുന്നതിനുമുമ്പ് തന്നെ ജോൺസൺ വിജയിക്കുന്നതിൽ പ്രധിഷേധിച്ച് വിദേശകാര്യ മന്ത്രി അലൻ ഡങ്കൻ രാജി വെച്ചു. ജോൺസൺ പ്രധാനമന്ത്രി ആയാൽ രാജി വെക്കുമെന്ന് ചാൻസലർ ഫിലിപ്പ് ഹാമ്മണ്ടും ഞായറാഴ്ച ബിബിസിയോട് പറഞ്ഞിരുന്നു. ബ്രെക്സിറ്റ് വിഷയത്തിൽ ജോൺസൻ സ്വീകരിച്ച നിലപാട് തന്നെയാണ് ഈ രാജിക്ക് കാരണം.
എന്ത് സംഭവിച്ചാലും ഒക്ടോബർ 31 കൊണ്ട് തന്നെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിടും എന്ന് ജോൺസൺ ഉറപ്പിച്ച് പറയുന്നു. എന്നാൽ ഒക്ടോബർ 31ലും അധികം സമയം വേണ്ടിവരുമെന്നാണ് ജെറമി ഹണ്ട് അഭിപ്രായപ്പെട്ടത്. ഒക്ടോബർ 31 കൊണ്ട് ബ്രിട്ടനെ യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തെത്തിക്കുമെന്ന് ഡെയിലി ടെലിഗ്രാഫിൽ ജോൺസൺ ഉറപ്പിച്ച് പറഞ്ഞു. അതിനുള്ള ആഗ്രഹം എല്ലാവർക്കും ഉണ്ടായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജോൺസന്റെ ഈ നിലപാടിനെ പിന്തുണച്ചു മുൻ ബ്രെക്സിറ്റ് സെക്രട്ടറി ഡൊമിനിക് റാബ് രംഗത്ത് വന്നിരുന്നു. ഒരു കാരാർ കൂടാതെ ബ്രിട്ടനെ പുറത്തെത്തിക്കാനാണ് ജോൺസന്റെ ശ്രമം. ഇനി ഒരു തരത്തിലും ഉള്ള വിട്ടുവീഴ്ചയ്ക്ക് യൂറോപ്യൻ യൂണിയൻ തയ്യാറാവില്ല എന്ന് കഴിഞ്ഞ മാസം അവർ അറിയിച്ചിരുന്നു. 585 പേജുള്ള പിന്മാറ്റക്കരാർ ഇനി പുനഃപരിശോധിക്കില്ല എന്ന് യൂറോപ്യൻ യൂണിയൻ നേതാക്കൾ പറഞ്ഞിരുന്നു. ഈ പിന്മാറ്റക്കരാർ നിരവധി തവണ ബ്രിട്ടീഷ് പാർലമെന്റും തള്ളിക്കളഞ്ഞിരുന്നു.
പലരും നോ ഡീൽ ബ്രെക്സിറ്റിന്റെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മുന്നോട്ട് വന്നിരുന്നു. ഓബിആറിന്റെ റിപ്പോർട്ടുകൾ വന്നശേഷം ഫിലിപ്പ് ഹാമ്മൻഡ് പറഞ്ഞു ” നോ ഡീൽ ബ്രെക്സിറ്റ്, ബ്രിട്ടനിൽ സാമ്പത്തികമാന്ദ്യം സൃഷ്ടിക്കും.” ഓബിആർ കഴിഞ്ഞാഴ്ച പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഒരു കരാർ ഇല്ലാതെ ബ്രിട്ടൻ യൂറോപ്യൻ യൂണിയൻ വിട്ടാൽ അതൊരു സാമ്പത്തികമാന്ദ്യത്തിലേക്ക് ബ്രിട്ടനെ നയിക്കുമെന്നും 2020ഓടെ സമ്പദ്‌വ്യവസ്ഥ 2% ആയി ചുരുങ്ങുമെന്നും പറയുന്നു. ഒരു കരാർ ഇല്ലാതെ യൂറോപ്യൻ യൂണിയൻ വിടുന്നത് മഹാദുരന്തത്തിന് വഴിയൊരുക്കുമെന്നും എന്ത് പ്രശ്നമാണ് ഇതുമൂലം ഉണ്ടാവാൻ പോകുന്നതെന്ന കാര്യത്തിൽ ആർക്കും ഉറപ്പില്ലെന്നും മുൻ പ്രധാനമന്ത്രി ടോണി ബ്ലെയർ അഭിപ്രായപ്പെട്ടു. ജോൺസന്റെ ഈയൊരു തീരുമാനത്തോട് തെരേസ മേയും നേരത്തെ വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ജോൺസൺ രാജ്യത്തിന്റെ ഭാവിയെപ്പറ്റി ചിന്തിക്കുന്നില്ലെന്ന് മേ പറഞ്ഞിരുന്നു.നോ ഡീൽ ബ്രെക്സിറ്റ് സംഭവിച്ചാൽ ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥ താറുമാറാകുമെന്ന് മുൻ പ്രധാനമന്ത്രി ജെയിംസ് ഗോർഡൻ ബ്രൗൺ മുന്നറിയിപ്പ് നൽകി. എന്തായാലും പുതിയ പ്രധാനമന്ത്രി ആരെന്നറിയാൻ ഇനി നിമിഷങ്ങൾ മാത്രം. ബ്രെക്സിറ്റ് വിഷയത്തിൽ ഉചിതമായ നടപടി സ്വീകരിക്കുന്നതിനൊപ്പം സ്വന്തം പാർട്ടിയിലെ എംപിമാരെ ഒന്നിച്ചു കൊണ്ടുപോകുവാനും പുതിയ പ്രധാനമന്ത്രി ശ്രമിക്കേണ്ടിയിരിക്കുന്നു. മാറ്റങ്ങൾക്ക് തുടക്കം കുറിക്കുന്ന ആഴ്ചയാണിത്. ശേഷിക്കുന്നത് ഒരു ചോദ്യം മാത്രം : തെരേസ മേ പരാജയപ്പെട്ടിടത്ത് പുതിയ പ്രധാനമന്ത്രിയ്ക്ക് വിജയിക്കാൻ ആവുമോ?…
Leave a Reply