ലണ്ടന്‍:യുകെയിലെ ഇന്റലിജന്‍സ് സംവിധാനങ്ങളെ നിരീക്ഷിക്കാന്‍ പുതിയ വാച്ച്ഡോഗിനെ നിയോഗിച്ചു. ഇന്‍വെസ്റ്റിഗേറ്ററി പവേഴ്സ് കമ്മീഷന്‍ എന്ന പേരില്‍ നിയോഗിക്കപ്പെട്ട ഏജന്‍സി പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് രൂപീകരിച്ചത്. ലോര്‍ഡ് ജസ്റ്റിസ് ഫുള്‍ഫോര്‍ഡിനാണ് ഐപിസിഒയുടെ ചുമതല. നിരീക്ഷണ സംവിധാനങ്ങളെ നിരീക്ഷിക്കാന്‍ നേരത്തേ രൂപീകരിച്ച മൂന്ന് സമിതികളുടെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് ഈ പുതിയ സംവിധാനത്തിനു കീഴിലാക്കുകയാണ് ഇദ്ദേഹത്തിന്റെ ആദ്യ ജോലി. ചില അന്വേഷണങ്ങളില്‍ നിയമ പരിശോധനകള്‍ നടത്തുന്നതും ഐപിസിഒയുടെ ഉത്തരവാദിത്തമാണ്.

സര്‍വീസിലുള്ളതും വിരമിച്ചവരുമായ 15 ജഡ്ജിമാരുള്‍പ്പെടെ 70 ജീവനക്കാരായിരിക്കും ഈ സമിതിയില്‍ ഉണ്ടാകുക. ഫോണ്‍ കോളുകളില്‍ സുരക്ഷാ ഏജന്‍സികള്‍ നടത്തുന്ന ഇടപെടലുകള്‍, ഏജന്റുമാരുടെ നീക്കങ്ങള്‍, വലിയ തോതിലുള്ള ഡേറ്റ കൈമാറ്റത്തില്‍ അനുവദനീയമായി നടത്തുന്ന നിരീക്ഷണം തുടങ്ങിയ കാര്യങ്ങള്‍ ഈ സമിതി നിരീക്ഷിക്കും. ജിസിഎച്ച്ക്യു, എംഐ5, എംഐ6, നാഷണല്‍ ക്രൈം ഏജന്‍സി, പോലീസ് സേനകള്‍, സീരിയസ് ഫ്രോഡ് ഓഫീസ്, എച്ച്എം റവന്യൂ ആന്‍ഡ് കസ്റ്റംസ്, ലോക്കല്‍ അതോറിറ്റികള്‍, ജയിലുകള്‍, സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്മെന്റുകള്‍ എന്നിവയും ഈ സമിതിയുടെ നിരീക്ഷണത്തില്‍ വരും.

നേരത്തേയുണ്ടായിരുന്ന സര്‍വെയിലന്‍സ് കമ്മീഷണര്‍, ഇന്റര്‍സെപ്ഷന്‍ ഓഫ് കമ്യൂണിക്കേഷന്‍സ് കമ്മീഷണര്‍, ഇന്റലിജന്‍സ് സര്‍വീസസ് കമ്മീഷണര്‍ എന്നിവ ഈ നിരീക്ഷണ സമിതിയുടെ വരവോടെ ഇല്ലാതാകും. ഇന്റലിജന്‍സ് കമ്മീഷണറായ സര്‍.ജോണ്‍ ഗോള്‍ഡ്റിംഗ്, ഫുള്‍ഫോര്‍ഡിന്റെ ഡെപ്യൂട്ടിയായി നിയമിതനാകും. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സിലെ മുതിര്‍ന്ന പ്രിസൈഡിംഗ് ജഡ്ജും ഹേഗിലെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ജഡ്ജിയുമായിരുന്നു ലോര്‍ഡ് ഫുള്‍ഫോര്‍ഡ്.