ഡോ . ജോർജ് ഓണക്കൂർ
ജനതകളുടെ സംസ്കാരത്തെ ഉണർത്തുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നത് ഉത്സവങ്ങളാണ് . ഓർമ്മകളിൽ നിറയുന്ന ആഹ്ലാദത്തിരകളിൽ കാലവും ജീവിതവും സമ്പന്നമാകുന്നു. ഋതുപരിണാമങ്ങൾ ,ചരിത്രവിജയങ്ങൾ , മഹത്തുക്കളുടെ അനുസ്മരണങ്ങൾ എന്നിവയൊക്കെ ദേശാന്തരങ്ങളിൽ ഉത്സവച്ഛായ സൃഷ്ടിക്കുന്നു ; മാനവികതയെ നവീകരിക്കുന്നു .
ഇതിഹാസപുരാണങ്ങളോടു ബന്ധപ്പെട്ട ഉത്സവങ്ങൾ തിന്മയുടെ മേൽ നന്മ വിജയം വരിക്കുന്നതിന്റെ ആഘോഷങ്ങളാണ്. അധർമചാരികളായ ദുഷ്ടകഥാപാത്രങ്ങളെ നിഗ്രഹിച്ച് സത്യവും ശാന്തിയും സ്യഷ്ടിക്കുന്ന ദേവതാത്മാക്കൾ. ഈ ദേവാസുരഗണത്തിൽ സാമാന്യത്തിൽ നിന്നു വേറിട്ടു നിൽക്കുന്ന ചില വ്യക്തിചിത്രങ്ങൾ ഉണ്ട് .
മഹാഭാരതയുദ്ധം ധർമ്മാധർമ്മങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് . സുധർമ്മികളായ പാണ്ഡവർ ഭഗവാൻ കൃഷ്ണന്റെ അനുഗ്രഹത്തോടെ അധർമ്മികളായ കൗരവരെ പരാജയപ്പെടുത്തി വധിക്കുന്നു. അതിനിടയിൽ ദാനധർമ്മിയായ ഒരു കൗന്തേയനും കൊല്ലപ്പെടുന്നു ; സൂര്യപുത്രനായ സാക്ഷാൽ കർണൻ . അത് ശരിക്കും വിധിവൈപരീത്യം . ധർമത്തിന്റെ വിജയാഘോഷങ്ങൾ ഉത്സവച്ഛായ തീർക്കുന്ന കുരുക്ഷേത്രത്തിൽ കർണ വധം വിഷാദച്ഛവി പരത്തുന്നു . മാനവസംസ്കൃതിക്ക് ഗ്ലാനി നേരിടുന്ന അനുഭവം . പരാജിതനായി , നിരായുധനായി യുദ്ധഭൂമിയിൽ നിൽക്കേ മരണം പൂകേണ്ടി വരുന്ന കർണൻ ശരിക്കും ഒരു ദുരന്തനായകൻ ; ( Tragic Hero ). മഹാഭാരതത്തിലൂടെ മനസ്സ് കടന്നു പോകുമ്പോൾ എപ്പോഴോ കർണനോട് മമത തോന്നിയിട്ടുണ്ട് . നിരന്തരം അപമാനിതമായ ആ വ്യക്തിത്വത്തിന്റെ ശക്തിദൗർബല്യങ്ങൾ തിരിച്ചറിയാൻ കഴിഞ്ഞിട്ടുണ്ട് .
പരാജിതനാണ് ; എങ്കിലും പ്രിയംകരൻ . ഈ ഗണത്തിൽ മഹത്ത്വത്തിന്റെ കിരീടം ചൂടിനിൽക്കുന്ന അസുര ചക്രവർത്തിയാണ് മഹാബലി. അന്യൂനമായ സ്വഭാവമഹിമ ; നിരതിശയമായ ദാനശീലം. അപാരമായ നീതിബോധം . കള്ളവും ചതിവുമില്ലാത്ത സുവർണകാലം .
“ മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരു മൊന്നുപോലെ
കള്ളവുമില്ല ചതിവുമില്ല
എളേളാളമില്ല പൊളിവചനം ”
ഇങ്ങനെ ഒരു നീതിന്യായ വ്യവസ്ഥ , അഥവാ മാനവികത സൃഷ്ടിച്ച ഭരണാധികാരി ; സമത്വാധിഷ്ഠിതമായ ജീവിതക്രമത്തിലേക്ക് പ്രജകളെ നയിച്ചു ; സർവാദരണീയനായി . ഒരു ദാനവൻ യശസ്വിയാവുകയോ ? ദേവസിംഹാസനത്തിന്റെ ആണികൾ ഇളകി . എങ്ങനെയും ബലിചക്രവർത്തിയെ പരാജിതനാക്കി. ‘ പാതാള ‘ ത്തിൽ അയയ്ക്കണം . കർണനോട് പ്രയോഗിച്ച അതേ അടവ് ; നന്മയെ മുതലെടുക്കുക . മഹാബലിയും ദാനശീലൻ. ദേവന്മാരെ സാന്ത്വനിപ്പിക്കാൻ മഹാവിഷ്ണു ഒരു’ ബ്രാഹ്മണവടു ‘ ആയി വേഷം മാറി . ചക്രവർത്തിയുടെ മുന്നിൽ എത്തി. തനിക്കിരുന്നു തപം ചെയ്യാൻ മൂന്നടി സ്ഥലം ആവശ്യപ്പെട്ടു .
ആര്യസംസ്കാരത്തിന്റെ ചതിയറിയാതെ ആ ദ്രാവിഡൻ മൂന്നടി സ്ഥലം ദാനം ചെയ്തതും ആകാശത്തോളം വളർന്ന വടുവിന് മൂന്നാമത്തെ അടിവയ്ക്കാൻ സ്വന്തം ശിരസ്സ് കുനിച്ചു കൊടുക്കണ്ടി വന്നതും ബലിയുടെ പരാജയകഥ. വർഷത്തിലൊരിക്കൽ സ്വന്തം പ്രജകളെ സന്ദർശിക്കാനുള്ള അവകാശം ഒരു സൗജന്യം.
ചിങ്ങമാസത്തിലെ പൊന്നോണനാളിൽ പ്രജകളെ കാണാനെത്തുന്ന മഹാബലിയെ വരവേൽക്കാൻ മലയാളനാട് ഒരുങ്ങുന്നു . ഓണപ്പാട്ടുകൾ പാടിയും ഊഞ്ഞാലിൽ ആടിയും തിരുവാതിര കളിച്ചും പ്രായഭേദമില്ലാതെ , ആൺപെൺ വ്യത്യാസം വിസ്മരിച്ച് ഒരു ജനതയുടെ സംസ്കാരമഹിമ വെളിപ്പെടുത്തുന്ന ഒരുമയുടെ ദേശീയ ഉത്സവം .
ആര്യസംസ്കാരത്തിന്റെ അധിനിവേശത്തിലും സ്വത്വം നഷ്ടപ്പെടാത്ത ദ്രാവിഡ സംസ്കൃതിയുടെ തനിമ വിളിച്ചോതുന്ന ഓണമഹോത്സവം. അത്തം തൊട്ട് പത്തുനാൾ നീളുന്ന ആഘോഷപൂർണിമ . ഇന്നിപ്പോൾ കേരളത്തിൽ മാത്രമല്ല , ഒരുപക്ഷേ മലയാളികൾ നിവസിക്കുന്ന ദേശാന്തരങ്ങളിലെല്ലാം ഓണപ്പൂക്കൾ വിടരുന്നു ; ഓണപ്പാട്ടുകൾ ഉയരുന്നു ; ഓണസദ്യയുടെ നിറവ് ; ഓണക്കോടികളുടെ തിളക്കം . . . .!
ഓണം എന്നെ ആകർഷിക്കുന്നത് അതിൽ സകലമനുഷ്യരും ഭിന്നതകൾ മറന്ന് ഒരുമിക്കുന്നതു നിമിത്തമാണ് . ലിംഗനീതി ഉറപ്പുവരുത്തുന്ന ഉത്സവം . കായികാദ്ധ്വാനത്തെ ആദരിക്കുന്ന സംസ്കൃതി . ഏത് അധികാരശക്തിക്കും നീതിയെ പരാജയപ്പെടുത്താൻ കഴിയില്ല. ബഹിഷ്കൃതർ , പാർശ്വവൽക്കരിക്കപ്പെട്ടവർ , പരാജിതർ , എല്ലാം തിരിച്ചുവരും . എന്നും ആദരിക്കപ്പെടും.
മഹാബലി ശരിക്കും ഒരു യുഗചൈതന്യമാണ് . ഓണം കാലാതീതമായ സംസ്ക്കാരത്തിന്റെ സൗന്ദര്യമാണ് , സംഗീതമാണ് .
കേരളനാട്ടിൽ ഈ വർഷം ഓണം കടന്നുവരുന്നത് പ്രളയക്കെടുതികളെ പിൻതുടർന്നാണ് . ജീവനും വീടും കഷ്ടിച്ച് സ്വരുക്കൂട്ടിയ സമ്പത്തും പ്രളയജലത്തിൽ ഒലിച്ചു പോയ ഹതഭാഗ്യർ . അതിനിടയിൽ സ്വജീവനെക്കുറിച്ചുപോലും ചിന്തിക്കാതെ രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർ ഏറെ. ജാതിമതവർണവർഗ ചിന്തകളില്ലാതെ ഒരുമിച്ച മനുഷ്യഹ്യദയങ്ങൾ !
ഇത് ഒരു ചരിത്രപാഠമാണ് . കണ്ണീർക്കടലിൽ നിലയില്ലാതെ രക്ഷയുടെ തുരുത്തു തേടി തുഴയുമ്പോൾ തമ്മിൽ അകറ്റുന്ന സ്വാർത്ഥചിന്തകൾ അകലെ . എല്ലാവരും ഒരേ ഭൂമിയുടെ അവകാശികളും. പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിതം ധന്യമാക്കാൻ വിധിക്കപ്പെട്ടവർ .
ആ തത്ത്വം മലയാളി മനസ്സിൽ പ്രകാശവർഷം ചൊരിഞ്ഞ കാലം ; കേരള സംസ്കാരം. അത് നിലനിറുത്തണം. എന്നോ എവിടെയോ നഷ്ടപ്പെട്ടുപോയ നവോത്ഥാന മൂല്യങ്ങൾ വിണ്ടെടുക്കണം. ഒരു മനസ്സായി , ഒരേ മാനവികതയെ പുണർന്ന് മുന്നോട്ട് . . .
നദികൾ ഒഴുകുന്നത് മുന്നോട്ടാണ് . കാറ്റിന്റെ ചലനം ജീവപ്രകൃതിയിൽ പ്രതീക്ഷകളുടെ പൂക്കൾ വിടർത്തുന്നു . പരാജയങ്ങളിലും വിജയപ്രതീക്ഷകൾ . . . അതിജീവനത്തിന്റെ മനോഹാരിതകൾ . . . .
ഈ വർഷത്തെ ഓരോ ഉത്സവവും നവസംസ്കൃതിയുടെ ഹൃദയ പാഠങ്ങളാകട്ടെ എന്ന് ആശംസ .
ചിത്രീകരണം : അനുജ കെ
Leave a Reply