പ്രമുഖ നടൻ സത്താർ (67)അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ കാലമായി കരള്‍ രോഗത്തെത്തുടര്‍ന്ന് ചികില്‍സയിലായിരുന്നു മുന്നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചു.മലയാള സിനിമയില്‍ നായകനായും പ്രതിനായകനായും തിളങ്ങി.
തമിഴ് തെലുങ്ക് ഭാഷകളിൽ അഭിനയിച്ചു. ബെൻസ് വാസു, ഈ നാട്, ശരപഞ്ചരം എന്നിങ്ങനെ 80കളിലെ ഹിറ്റ്ചിത്രങ്ങളിൽ അഭിനയിച്ചു. 1976ൽ പുറത്തിറങ്ങിയ അനാവരണമാണ് നായകനായി എത്തിയ ആദ്യ ചിത്രം. 2014ൽ പുറത്തിറങ്ങിയ ‘പറയാൻ ബാക്കിവച്ചത്’ ആണ് അവസാന ചിത്രം.
1975ല്‍ ഭാര്യയെ ആവശ്യമുണ്ട് എന്ന സിനിമയിലൂടെ ആയിരുന്നു അരങ്ങേറ്റം. 1976ല്‍ അനാവരണത്തിലൂടെ നായകനായി. വില്ലന്‍ വേഷങ്ങളിലും ശ്രദ്ധേയനായി. കബറടക്കം വൈകീട്ട് നാലുമണിക്ക് പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ജുമാ മസ്ജിദില്‍ നടക്കും.
ആലുവ യുസി കോളജിലെ പഠനത്തിനിടെ തോന്നിയ കൗതുകമാണ് കൊടുങ്ങല്ലൂരുകാരന് സത്താറിനെ സിനിമയിലെ താരമാക്കിയത്. നായകനായും വില്ലനായും സിനിമയില്‍ നിന്നത് നാലുപതിറ്റാണ്ടുകാലം. ഉയര്‍ച്ചതാഴ്ചകള്‍ക്കിടയിലും പരാതികളില്ലാതെ സിനിമയ്ക്കൊപ്പം സഞ്ചരിച്ച സത്താറിനെ ഓര്‍ക്കാന്‍ നിരവധി കരുത്തുറ്റ വേഷങ്ങളുണ്ട് പ്രേക്ഷകമനസ്സില്‍.
പ്രേംനസീര്‍ സിനിമയിലേക്ക് പുതുമുഖത്തെ ആവശ്യമുണ്ട് എന്ന പരസ്യമാണ് സത്താറിന്റെ ജീവിതം മാറ്റിമറിച്ചത്. ആ അപേക്ഷ പരിഗണിക്കപ്പെട്ടത് വിന്‍സെന്റ് മാഷിന്റെ അനാവരണത്തിലെ നായകവേഷത്തിലേക്ക്. എഴുപതുകളുടെ മധ്യത്തിലെത്തിയ ചിത്രത്തിന്റെ വിജയം സത്താറിന്റെ മുന്നേറ്റത്തിന്റെ തുടക്കമായിരുന്നു. തുടര്‍ന്നെത്തിയ യത്തീമിലെ അസീസിലൂടെ പ്രേക്ഷകരെ ഒപ്പം നിര്‍ത്തി. തുടര്‍ന്ന് നായകനായും പ്രേംനസീര്‍ ഉള്‍പ്പെടെയുള്ളവരുടെ സിനിമകളില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെയും സത്താര്‍ നിറഞ്ഞുനിന്നു. ശരപഞ്ജരത്തില്‍ നായകവേഷം പങ്കിട്ട ജയന് സൂപ്പര്‍താരമായി മാറിയതോടെ ഇരുവരും ഒന്നിച്ച് സിനിമകളുണ്ടായി. അതിനിടെയാണ് ബീനയില്‍ കൂടെ അഭിനയിച്ച മുന്തിര നായിക ജയഭാരതി ജീവിതസഖിയാകുന്നത്.
എണ്‍പതുകളില്‍ മമ്മൂട്ടി മോഹന്‍ലാല്‍ ദ്വയങ്ങളുടെ കടന്നുവരവോടെ സത്താര്‍ വില്ലന്‍വേഷങ്ങളിലേക്ക് മാറി. തൊണ്ണൂറുകളുടെ മധ്യത്തിലെത്തിയ ലോ ബഡ്ജറ്റ് കോമഡി സിനിമകളില്‍ സത്താര്‍ സ്ഥിരം സാന്നിധ്യമായി. തമിഴില്‍ മയില്‍ ഉള്‍പ്പെടെ നിരവധി സിനിമകള്‍ ചെയ്തു. 2012 ലെത്തിയ 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രം സത്താറിന്റെ മടങ്ങിവരവായിരുന്നു. കാഞ്ചി, നത്തോലി ചെറിയ മീനല്ല പോലുള്ള സിനിമകള്‍ സത്താറിലെ അഭിനേതാവിനെ പുതിയ തലമുറയ്ക്കും പരിചിതമാക്കി.











Leave a Reply