ആഷ്‌ഫോർഡ് :- കെന്റ് കൗണ്ടിയിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനായ ആഷ്‌ഫോർഡ് മലയാളി അസോസിയേഷന്റെ 15-ാമത് ഓണാഘോഷം (പൂരം -2019) ഈ മാസം 21-ാം തീയതി ശനിയാഴ്ച രാവിലെ 9:30 മുതൽ ആഷ്‌ഫോർഡ് നോർട്ടൻ നാച്ച്‌ബുൾ (norton knatchbull school) സ്കൂൾ ഓഡിറ്റോറിയത്തിൽ (മാവേലി നഗർ ) വച്ച് സമുചിതമായി ആഘോഷിക്കുന്നു.

രാവിലെ 9:30 ന് സ്കൂൾ ഗ്രൗണ്ടിൽ നിന്നും ആരംഭിക്കുന്ന ഘോഷയാത്രയോടെ പൂരം -2019 ന് തുടക്കം കുറിക്കും. ആഷ്ഫോർഡ് മലയാളി അസോസിയേഷൻ ഭാരവാഹികളായ സജികുമാർ ( പ്രസിഡന്റ്), ആൻസി സാം( വൈസ് പ്രസിഡന്റ്), ജോജി കോട്ടക്കൽ ( സെക്രട്ടറി), സുബിൻ തോമസ് ( ജോയിന്റ് സെക്രട്ടറി), ജോസ് കാതുക്കടാൻ ( ട്രഷറർ) എന്നിവർ നേതൃത്വം നൽകും. മാവേലി, വിവിധ പ്രച്ഛന്നവേഷധാരികൾ, ബാലികമാരുടെ താലപ്പൊലി, മുത്തുക്കുട, കലാരൂപങ്ങൾ, ചെണ്ട മേളം എന്നിവ ഘോഷയാത്രയ്ക്ക് അകമ്പടി സേവിക്കും.

തുടർന്ന് നാടൻ പാട്ടുകൾ, കുട്ടികൾ മുതൽ നാട്ടിൽ നിന്നെത്തിയ മാതാപിതാക്കളെയും ഉൾപ്പെടുത്തി മൂന്ന് തലമുറയെ ഒരേവേദിയിൽ പങ്കെടുപ്പിച്ചുകൊണ്ടുള്ള ഫ്ലാഷ് മോബ്, എന്നിവയ്ക്ക് ശേഷം കുട്ടികളുടെയും, പുരുഷന്മാരുടെയും, സ്ത്രീകളുടെയും വാശിയേറിയ വടം വലി മത്സരവും, തൂശനിലയിൽ വിളമ്പികൊണ്ടുള്ള വിഭവ സമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുന്നതാണ്.

ഉച്ചകഴിഞ്ഞു 2:30ക്ക് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രസിദ്ധ പത്രപ്രവർത്തകനും, വാഗ്മിയും, ലൗട്ടൻ (loughton ) മുൻ മേയറുമായ ഫിലിപ്പ് എബ്രഹാം മുഖ്യാതിഥി ആയിരിക്കും. ശേഷം 3:30 ന് ആഷ്ഫോർഡ് മലയാളി അസോസിയേഷന്റെ മുൻ സെക്രട്ടറിയും, ഇപ്പോഴത്തെ പ്രസിഡന്റുമായ സജികുമാർ ഗോപാലൻ രചിച്ചു ബിജു കൊച്ചുതെള്ളിയിൽ സംഗീതം നൽകിയ അവതരണഗാനം, സൗമ്യ ജിബി, ജസിന്ത ജോമി എന്നിവർ ചിട്ടപ്പെടുത്തി അൻപതോളം കലാകാരന്മാരും, കലാകാരികളും പങ്കെടുക്കുന്ന രംഗപൂജ എന്നിവയോടെ പൂരം -2019 ന് തിരശ്ശീല ഉയരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തിരുവാതിര, ബംഗറ ഡാൻസ്, ക്ലാസിക്കൽ ഡാൻസ്, സിനിമാറ്റിക് ഡാൻസ്, സ്കിറ്റുകൾ എന്നിവ കോർത്തിണക്കി വ്യത്യസ്ത കലാവിരുന്നുകളാൽ പൂരം -2019 കലാ ആസ്വാദകർക്ക് സമ്പന്നമായ ഓർമ്മയായി മാറുമെന്ന് പ്രോഗ്രാം കമ്മിറ്റി കൺവീനർ ജോൺസൺ മാത്യുസ് അറിയിച്ചു.

എവിടെയും കനകവിപഞ്ചികളുടെ നാദങ്ങൾ, ചിലങ്കയുടെ സ്വരം, സംഗീതത്തിന്റെ ശ്രുതിയും ലയവും താളവും മാറ്റൊലി കൊള്ളുന്ന മോഹനമായ പ്രതീക്ഷയുമായി അനുഭൂതിയുടെ അണിയറയിൽ നിന്ന് സെപ്റ്റംബർ 21 ശനിയാഴ്ച അരങ്ങിലെത്തുന്നു.

മനസിനും, കണ്ണിനും, കരളിനും കുളിരേകുന്ന ദൃശ്യ-ശ്രാവ്യ വിഭവങ്ങളുമായി ആഷ് ഫോർഡ് അണിഞ്ഞൊരുങ്ങുന്നു.

ഈ മഹാ ദിനത്തിലേക്ക് കലാ സ്നേഹികളായ മുഴുവനാളുകളെയും മാവേലി നഗറിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികളും, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും അറിയിച്ചു.

പരിപാടി നടക്കുന്ന വേദിയുടെ വിലാസം,
The Norton Knatchbull school
Hythe road
Ashford kent
TN 240 QJ