പത്തനംതിട്ട ജില്ലയിലെ കടമ്പനാടാണ് ഈ വീട് സ്ഥിതി ചെയ്യുന്നത്. പരമാവധി കോസ്റ്റ് ഇഫക്ടീവ് ആയി വീടൊരുക്കണമെന്നതായിരുന്നു വീട്ടുകാരുടെ പ്രധാന ആവശ്യം. നീളമുള്ള പ്ലോട്ടിൽ അധികം ഗിമ്മിക്കുകൾ ഒന്നും നൽകാതെയാണ് പുറംകാഴ്ച. ഭാവിയിലെ വിപുലമാക്കൽ സാധ്യതകൾ കൂടി കണക്കിലെടുത്ത് താഴെ സ്ലോപ് റൂഫും മുകളിൽ ഫ്ലാറ്റ് റൂഫും നൽകി.
എന്നാൽ ചതുരശ്രയടിയിൽ വിട്ടുവീഴ്ച ചെയ്തിട്ടില്ല. പോർച്ച്, സിറ്റൗട്ട്, ലിവിങ്, ഡൈനിങ്, കിച്ചൻ, വർക്കേരിയ, മൂന്നു കിടപ്പുമുറികൾ,അപ്പർലിവിങ്. ഓപ്പൺ ടെറസ് എന്നിവയാണ് 2060 ചതുരശ്രയടിയിൽ ഉൾക്കൊള്ളിച്ചത്.
ലിവിങ്, ഡൈനിങ് തുറസ്സായ ശൈലിയിൽ ഒരുക്കിയത് കൂടുതൽ സ്ഥല ഉപയുക്തത നൽകുന്നു. ജിഐ പൈപ്പ് കൊണ്ടാണ് ഗോവണിയുടെ കൈവരികൾ. ഗോവണിയുടെ താഴെ ഫാമിലി ലിവിങ്, ടിവി യൂണിറ്റ് എന്നിട്ടും ക്രമീകരിച്ചു. അകത്തളങ്ങളിൽ ഒരു ഭിത്തി കടുംനിറം നൽകി ഹൈലൈറ്റ് ചെയ്തത് ഭംഗി കൂട്ടുന്നു. ജിപ്സം ഫോൾസ് സീലിങ്ങും ലൈറ്റുകളും അകത്തളം പ്രസന്നമാക്കുന്നു.
വീതിയേറിയ മൂന്ന് പാളി ജനലുകളാണ് ചുവരുകളിൽ നൽകിയത്. ഇതിലൂടെ കാറ്റും വെളിച്ചവും അകത്തേക്കെത്തുന്നു, ക്രോസ് വെന്റിലേഷൻ സുഗമമാകുന്നു. ഗ്രാനൈറ്റാണ് നിലത്തു വിരിച്ചത്.
തേക്കിൻതടിയിലാണ് കിച്ചൻ കബോർഡുകൾ. കൗണ്ടറിൽ ഗ്രാനൈറ്റ് വിരിച്ചു. സമീപം വർക്കേരിയയുമുണ്ട്.
മൂന്നു കിടപ്പുമുറികളിലും വ്യത്യസ്ത ഹൈലൈറ്റർ നിറങ്ങൾ നൽകി മുകൾനിലയിലെ ലിവിങ് സ്‌പേസ് ആവശ്യാനുസരണം കിടപ്പുമുറിയുമാക്കി മാറ്റാം.
നിലവിലെ ചതുരശ്രയടി നിരക്കുകൾ വച്ച് നോക്കിയാൽ ഇതുപോലെ ഒരു വീട് പൂർത്തിയാക്കാൻ കുറഞ്ഞത് 45 ലക്ഷം രൂപയെങ്കിലുമാകും. അവിടെയാണ് സൗകര്യങ്ങൾ വിട്ടുവീഴ്ച ചെയ്യാതെ 30 ലക്ഷത്തിനു ഒരുക്കിയ ഈ വീടിന്റെ പ്രസക്തി.
ചെലവ് കുറച്ച ഘടകങ്ങൾ
- എലവേഷൻ ലളിതമാക്കി. സൺ ഷെയ്ഡിനു പകരം ജിഐ പൈപ്പിൽ ടഫൻഡ് ഗ്ലാസ് നൽകി.
- പരമാവധി സ്ഥലഉപയുക്തത നൽകി.
- സ്വന്തം പ്ലോട്ടിൽ നിന്നും മുറിച്ചെടുത്ത മരങ്ങളാണ് തടിപ്പണികൾക്കുപയോഗിച്ചത്.
- ഫോൾസ് സീലിങ് ചെയ്യാതെ ലൈറ്റ് പോയിന്റുകൾ നേരിട്ടുനൽകി. പ്ലഗ് പോയിന്റുകൾ മിതപ്പെടുത്തി.
Leave a Reply