പെൺസുഹൃത്തിനെ നഷ്ടമാകാതിരിക്കാൻ സഹപ്രവർത്തകനെ കള്ളക്കേസിൽ കുടുക്കിയ കേസിൽ ഓസ്ട്രേലിയൻ ക്രിക്കറ്റ് താരം ഉസ്മാൻ ഖവാജയുടെ സഹോദരന് നാലര വർഷം ജയിൽശിക്ഷ. ഖവാജയുടെ മൂത്ത സഹോദരനാണ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട അർസലാൻ താരിഖ് ഖവാജ. സുഹൃത്തും സഹപ്രവര്‍ത്തകനുമായ കമാർ നിസാമുദ്ദീൻ ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നാണ് അർസലാൻ പൊലീസിൽ അറിയിച്ചത്.

ന്യൂ സൗത്ത് വെയിൽസ് യൂണിവേഴ്സിറ്റിയിൽ അർസലാന്റെ സഹപ്രവർത്തകനായിരുന്നു കമർ നിസാമുദ്ദീൻ. ഇരുവരുടെയും സുഹൃത്തായിരുന്ന യുവതിയുമായി കമർ കൂടുതൽ ബന്ധം സ്ഥാപിക്കുന്നുവെന്ന തോന്നലാണ് ഇത്തരമൊരു പ്രവർത്തിക് താരിഖ് ഖവാജയെ പ്രേരിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

കമറിന്റെ നോട്ട്ബുക്കിൽ അദ്ദേഹമറിയാതെ വ്യാജ തെളിവുകൾ ഒളിപ്പിച്ചാണ് ഭീകരവാദബന്ധം സ്ഥാപിക്കാൻ താരിഖ് ഖവാജ ശ്രമിച്ചത്. അന്നത്തെ പ്രധാനമന്ത്രി മാൽക്കം ടേൺബുൾ, ഗവർണർ ജനറൽ തുടങ്ങിയവർക്കെതിരെ വധഭീഷണി ഉൾപ്പെടെയുള്ള സന്ദേശങ്ങളാണ് നോട്ട്ബുക്കിൽ എഴുതിച്ചേർത്തത്. മെൽബണിൽ നടക്കുന്ന ബോക്സിങ് ഡേ ക്രിക്കറ്റ് ടെസ്റ്റ് ലക്ഷ്യമിട്ട് ആക്രമണം നടത്തുമെന്നും പൊലീസ് സ്റ്റേഷനുകൾ ആക്രമിക്കുമെന്നും ഇതിലെഴുതിയിരുന്നു.

ഭീകരാക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ 2018 ഓഗസ്റ്റിൽ പൊലീസ് അറസ്റ്റ് ചെയ്ത കമർ നിസാമുദ്ദീൻ, നാല് ആഴ്ചയോളം അതീവ സുരക്ഷയുള്ള ജയിലിൽ തടവിലായിരുന്നു. മാധ്യമങ്ങളിൽ ഉൾപ്പെടെ വാർത്ത വന്നതോടെ മറ്റുള്ളവർക്ക് മുന്നിൽ ഇയാൾ ഭീകരനെന്ന് മുദ്ര കുത്തപ്പെടുകയും ചെയ്തു. എന്നാൽ, അന്വേഷണത്തിൽ കമറിനെതിരായ തെളിവുകൾ വ്യാജമായി ചമച്ചതാണെന്ന് കണ്ടെത്തിയ പൊലീസ്, ഇയാളെ മോചിപ്പിക്കുകയായിരുന്നു. നാലര വർഷത്തെ തടവിൽ ആദ്യ രണ്ട് വർഷം പരോൾ പോലും അർസലാന് ലഭിക്കുകയില്ല. പക്ഷേ ഉത്തരവിന് മുൻകാല പ്രാബല്യം കോടതി അനുവദിച്ചതോടെ അടുത്തവർഷം അർസലാന് പരോൾ ലഭിച്ചേക്കും.