ലിസ മാത്യു, മലയാളം യുകെ ന്യൂസ് ടീം
ബ്രിട്ടൻ :- നാഷണൽ ഹെൽത്ത് സർവീസിന്റെ ഹോസ്പിറ്റലുകളിൽ ഒന്നിൽനിന്ന് കമ്പ്യൂട്ടർ ഉപയോഗിക്കാൻ അറിയില്ല എന്ന കാരണത്താൽ 89 കാരിയായ ജീവനക്കാരിയെ പിരിച്ചുവിട്ട സംഭവത്തിൽ ഹോസ്പിറ്റലിന് എതിരെ നിയമ നടപടിയുമായി ജീവനക്കാരി. എയ്ലീൻ ജോളി എന്ന ജീവനക്കാരിയെയാണ് റോയൽ ബെർക്ക്ഷെയർ ഹോസ്പിറ്റലിൽ നിന്നും 2017 ജനുവരിയിൽ പിരിച്ചുവിട്ടത്. ഹോസ്പിറ്റലിലെ കമ്പ്യൂട്ടർ സിസ്റ്റം ശരിയായ രീതിയിൽ അല്ല ഉപയോഗിച്ചത് എന്ന കാരണത്താലാണ് പിരിച്ചു വിട്ടത്. അധികൃതർ തന്റെ പ്രായത്തെ അധിക്ഷേപിച്ചതായും ജീവനക്കാരി കുറ്റപ്പെടുത്തി. ജോലിയിൽ വളരെ ആത്മാർത്ഥത ഉണ്ടായിരുന്ന എയ്ലീൻ 10 വർഷത്തിനിടയിൽ ഒരു അവധി പോലും എടുത്തിരുന്നില്ല. 2004 – ൽ എയ്ലീനിന് ഹൃദയാഘാതം സംഭവിച്ചിരുന്നെങ്കിലും തൻെറ ജോലിയിൽ വളരെ കൃത്യതയോടെ എയ്ലീൻ പ്രവർത്തിച്ചിരുന്നു.
താനനുഭവിച്ച വിവേചനത്തിനെതിരെ അവർ കോടതിയിൽ പരാതി നൽകുകയും, കോടതി വിധി അവർക്ക് അനുകൂലമായി ലഭിക്കുകയും ചെയ്തു. ഇതിനെ തുടർന്ന് റോയൽ ബർക്ക്ഷെയർ എൻഎച്ച്എസ് ഫൗണ്ടേഷൻ ട്രസ്റ്റ് കോടതിക്ക് പുറത്തുവെച്ച് പ്രശ്നം പരിഹരിക്കുവാനും, നഷ്ടപരിഹാരം നൽകുവാനുമായി വാഗ്ദാനങ്ങൾ നൽകിയിരിക്കുകയാണ്. തന്നെ ഒരു ബാധ്യതയായി ആണ് ആശുപത്രി അധികൃതർ കണ്ടതെന്ന് ട്രിബ്യൂണലിനു നൽകിയ പരാതിയിൽ എയ്ലീൻ രേഖപ്പെടുത്തി.
എയ്ലീൻ വിവേചനം അനുഭവിച്ചു എന്ന് കേസ് പരിഗണിച്ച ജഡ്ജി ആൻഡ്രൂ കണ്ടെത്തി. എന്നാൽ കേസിന്റെ വിധിയിൽ തങ്ങൾ അസംതൃപ്തർ ആണെന്ന് ഹോസ്പിറ്റൽ ഫൗണ്ടേഷൻ അറിയിച്ചു. തങ്ങൾ എല്ലാ ചട്ടങ്ങളും പാലിച്ചാണ് പ്രവർത്തിച്ചു വരുന്നതെന്നും, ഇനിയും ഇത്തരം ആരോപണങ്ങൾ ഉണ്ടാകാതിരിക്കാൻ ഉള്ള എല്ലാ നടപടികളും സ്വീകരിച്ചു എന്നും അവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. എയ്ലീനന് നഷ്ടപരിഹാരം നൽകുവാൻ ആശുപത്രി അധികൃതർ തയ്യാറായിട്ടുണ്ട്.
Leave a Reply